വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 13)
പണപ്പെരുപ്പം കുറയുന്നു; പലിശ കുറയ്ക്കല്‍ അടുത്ത ട്രിഗര്‍
ഹിന്‍ഡെന്‍ബര്‍ഗ് റിസേര്‍ച്ച് റിപ്പോര്‍ട്ട് ഏശിയില്ല. എന്നാല്‍ വിപണിക്ക് ആഹ്ളാദകരമായ കാര്യം സംഭവിക്കുകയും ചെയ്തിരക്കുന്നു. ജൂലൈയിലെ ചില്ലറവിലക്കയറ്റത്തോത് റിസര്‍വ് ബാങ്കിന്റെ സഹനീയ നിലയായ 4 ശതമാനത്തിനു താഴെ എത്തിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 3.5 ശതമാനത്തില്‍. അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.
പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാഹചര്യം പതിയെ ഒരുങ്ങുകയാണ്. അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ പണപ്പെരുപ്പ നീക്കം നിരീക്ഷിച്ചശേഷം പലിശ വെട്ടിക്കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറായേക്കും. ഓഗസ്റ്റ് 30-ന് എത്തുന്ന ആദ്യക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ചാക്കണക്കുകളും പലിശ വെട്ടിക്കുറയ്ക്കലിനു വേഗം കൂട്ടിയേക്കും. കഴിഞ്ഞ ക്വാര്‍ട്ടറിനേക്കാള്‍ ദുര്‍ബലമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച യുഎസ് പണപ്പെരുപ്പ നിരക്ക് കണക്കുകള്‍ പുറത്തുവരും. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറിലെ പണനയ മീറ്റിംഗില്‍ ആദ്യ പലിശ വെട്ടിക്കുറയ്ക്കല്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതു സംഭവിച്ചാല്‍ വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം.
ഇന്ന് 500-ലധികം കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങളാണ് പുറത്തുവരുന്നത്. മികച്ച പ്രവര്‍ത്തനഫലം കാഴ്ചവയ്ക്കുന്ന വ്യക്തിഗത ഓഹരികളുടെ പ്രകടനത്തെ ഇതു സ്വാധീനിക്കും.
ഇന്ത്യന്‍ വിപണി ഇന്നലെ
ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ ഏശിയില്ല. മെച്ചപ്പെട്ട പണപ്പെരുപ്പ കണക്കുകള്‍ അതേ സമയം വിപണിക്ക് ഉത്സാഹം നല്‍കി. ഇന്നലെ രാവിലെ 50 പോയിന്റോളം താഴ്ന്ന് ഓപ്പണ്‍ ചെയ്ത നിഫ്റ്റി 24212.1 വരെ എത്തിയശേഷം സ്ഥിരതയോടെ മെച്ചപ്പെടുകയായിരുന്നു. പണപ്പെരുപ്പം അഞ്ചുവര്‍ഷത്തെ താഴ്ചയിലെത്തിയെന്ന വാര്‍ത്ത വിപണിക്ക് കരുത്തുനല്‍കി. നിഫ്റ്റി 24472.8 പോയിന്റ് ഉയര്‍ന്നശേഷം 24347 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇത വെള്ളിയാഴ്ചത്തേക്കാള്‍ 20.5 പോയിന്റ് കുറവാണ്.
ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 56.99 പോയിന്റ് കുറവോടെ 79648.92 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
ബാങ്ക്, ഐടി, കാപ്പിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ,മെറ്റല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഓട്ടോ, ഹെല്‍ത്ത്കെയര്‍, എഫ്എംസിജി തുടങ്ങിയവ നഷ്ടത്തിലേക്കു നീങ്ങി.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
സെബി ചെയര്‍പേഴ്സണും ഭര്‍ത്താവിനുമെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ വിപണിയില്‍ ഏശാതെ പോയി. താഴ്ന്നു തുടങ്ങിയ നിഫ്റ്റി നേരിയ താഴ്ചയോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്. നിഫ്റ്റി 24400 പോയിന്റിനടുത്ത് കണ്‍സോളിഡേറ്റ് ചെയ്യുന്ന പ്രവണതയാണ് കാണിക്കുന്നത്. 24400 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സ് ആയി നില്‍ക്കുകയാണ്. ഇതിനു മുകളിലേക്ക് വ്യാപാരവ്യാപ്തത്തോടെശക്തമായ മുന്നേറി ക്ലോസ് ചെയ്താല്‍ 24700 പോയിന്റിലേക്ക് ഉയരാം. ഓഗസറ്റ് അഞ്ചിന് ഇവിടെനിന്ന് ബെയറീഷ് ഗ്യാപ് ഓപ്പണിംഗായിരുന്നു നിഫ്റ്റിയില്‍ കണ്ടത്. ഈ ഗ്യാപ് ഫില്‍ ചെയ്യാന്‍ 24700 പോയിന്റിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ഇതിനിടയില്‍ 24550 പോയിന്റില്‍ ചെറിയൊരു റെസിസ്റ്റന്‍സും പ്രതീക്ഷിക്കാം.
അതിനു മുകളിലേക്കുപോയാലേ നിഫ്റ്റിക്ക് കരുത്തോടെ പഴയ ഉയരത്തിലേക്കു പോകുവാന്‍ സാധിക്കുകയുള്ളു. 25162 പോയിന്റ് വരെ എത്താനുള്ള ശേഷിയുണ്ട്.
ഇന്നു നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 24200 പോയിന്റില്‍ ആദ്യപിന്തുണ ലഭിക്കാം. തുടര്‍ന്ന് 23950-24050 തലത്തിലും പിന്തുണ കിട്ടും.23850 പോയിന്റാണ് സമീപകാലത്തെ ഏറ്റവും താഴ്ന്ന പോയിന്റ്.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച ബുള്‍മോഡിലേക്ക് തിരിച്ചുവന്നു. ആര്‍എസ്ഐ 50.35 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായി നാലാം ദിവസവും ബാങ്ക് നിഫ്റ്റി അമ്പതിനായിരം പോയിന്റിനു മുകളില്‍ ക്ലോസിംഗ് നിലനിര്‍ത്തിയിരിക്കുകയാണ്. ഇന്നലെ 93.45 പോയിന്റ് മെച്ചത്തോടെ 50577.95 പോയിന്റിലാണ് ക്ലോസ് ചെയ്തത്. മെച്ചപ്പെട്ടു. ഇക്കഴിഞ്ഞ വാരത്തില്‍ ഒരിക്കല്‍ 50000 പോയിന്റിനു താഴേയ്ക്കു നീങ്ങിയ ബാങ്ക് നിഫ്റ്റി 49650-50850 റേഞ്ചില്‍ നീങ്ങുകയാണ്. ഇതില്‍നിന്നു പുറത്തുവന്നാല്‍ മാത്രമെ ബാങ്ക് നിഫ്റ്റിക്ക് വ്യക്തമായ ദിശയിലേക്കു നീങ്ങുവാന്‍ സാധിക്കുകയുള്ളു. ഈ രണ്ടു പോയിന്റുകളും സപ്പോര്‍ട്ടും റെസിസ്റ്റന്‍സുമായി വര്‍ത്തിക്കുകയാണ്.
ഇന്ന് ബാങ്ക് നിഫ്റ്റി മെച്ചപ്പെട്ടാല്‍ 50850 പോയിന്റിലും തുടര്‍ന്ന് 51100 പോയിന്റിനു ചുറ്റളവിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
നീക്കം മറിച്ചായാല്‍ ബാങ്ക് നിഫ്റ്റിക്ക് 50150 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. വില്‍പ്പന തുടരുകയാണെങ്കില്‍ അടുത്ത പിന്തുണ 49650 പോയിന്റിലാണ്.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 43.10 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 30 പോയിന്റ് താഴ്ചയിലാണ്. റേഞ്ച് ബൗണ്ടായാണ് ഗിഫ്റ്റ് നിഫ്റ്റിയുടെ നീക്കം. താഴ്ന്ന ഓപ്പണിംഗ് പ്രതീക്ഷിക്കാം.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ ഇന്നലെ ചുവപ്പിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ് 0.14 ശതമാനം മെച്ചപ്പെട്ടപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 12.32 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം വിപ്രോ 1.71 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.25 ശതമാനവും ഐസിഐസിഐ ബാങ്ക് 0.45 ശതമാനവും ഡോ. റെഡ്ഡീസ് 2.04 ശതമാനവും മേക്ക് മൈട്രിപ്പ് 1.37 ശതമാനവും റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് എഡിആര്‍ 0.93 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് തിങ്കളാഴ്ച നേരിയ തോതില്‍ ഉയര്‍ന്ന് 15.87 ആ.ി. വെള്ളിയാഴ്ചയി 15.34 ആയിരുന്നു. വന്‍ വ്യതിയാനം കുറച്ച് വിപണി പതിയ സാധാരണ നിലയിലേക്ക് എത്തുകയാണെന്നാണ് ഇന്ത്യ വിക്സ് സൂചിപ്പിക്കുന്നത്.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) തിങ്കളാഴ്ച 1.03 ലേക്കു താഴ്്ന്നു. വെള്ളിയാഴ്ചയിത് 1.09 ആയിരുന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
തുടര്‍ച്ചായ മൂന്നു ദിവസത്തെ മുന്നേറ്റത്തിനുശേഷം ഇന്നലെ ഡൗ ഇന്‍ഡസട്രിയല്‍സില്‍ തിരുത്തല്‍ സംഭവിച്ചിരിക്കുകയാണ്. ഡൗ 140.53 പോയിന്റ് കുറഞ്ഞാണ് ക്ലോസ് ചെയ്തത്. പണപ്പെരുപ്പം, ജിഡിപി കണക്കുകള്‍ക്കായി കാത്തിരിക്കുന്ന നിക്ഷേപകര്‍ ന്യൂട്രല്‍ സമീപനം സ്വീകരിച്ചതാണ് ഡൗ ഇടിവിനു കാരണം. ജൂലൈ പണപ്പെരുപ്പ കണക്കുകള്‍ നാളെയെത്തും
അതേ സമയം മികച്ച നേട്ടം എന്‍വിഡിയയുടെ പിന്തുണയില്‍ നാസ്ഡാക് കോംപോസിറ്റ്35.31 പോയിന്റുമെച്ചപ്പെട്ടപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക മാറ്റമില്ലാതെ തുടര്‍ന്നു.
യൂറോപ്യന്‍ വിപണി ഇന്നലെ പൊതുവേ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 42.15 പോയിന്റുംഇറ്റാലിയന്‍ എഫ്ടിഎസ്ഇ 140.69 പോയിന്റും ജര്‍മന്‍ ഡാക്സ് 3.59 പോയിന്റും മെച്ചത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍ സിഎസി ഫ്രാന്‍സ് 19.04 പോയിന്റു കുറഞ്ഞാണ് ക്ലോസ് ചെയ്തത്.
യുഎസ് , യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
മൗണ്ടന്‍ ഡേ പ്രമാണിച്ച് അവധിക്കുശേഷം ഇന്നു രാവിലെ ജാപ്പനീസ് നിക്കി 490 പോയിന്റ് മെച്ചത്തിലാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 869 പോയിന്റ് ഉയരത്തിലാണ് നിക്കി. കൊറിയന്‍ കോസ്പി 6 പോയിന്റു കുറഞ്ഞു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 49 പോയിന്റും ചൈനീസ് ഷാങ്്ഹായ് സൂചിക മൂന്നു പോയിന്റും മെച്ചപ്പെട്ടാണ്് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ തിങ്കാളാഴ്ച വീണ്ടും വില്‍പ്പനക്കാരായിരിക്കുകയാണ്. ഇന്നലെ 4680.51 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വില്‍പ്പന 25040.99 കോടി രൂപയായി.
അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 4477.73 കോടിരൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. ഓഗസ്റ്റില്‍ ഇവരുടെ നെറ്റ് വാങ്ങല്‍ 27977.74 കോടി രൂപയിലേക്കു ഉയര്‍ന്നു.
സാമ്പത്തിക വാര്‍ത്തകള്‍
ചില്ലറവിലക്കയറ്റത്തോത്: ജൂലൈയിലെ ചില്ലറവിലക്കയറ്റത്തോത് അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ചയില്‍ എത്തിയിരിക്കുകയാണ്. മൂന്നര ശതമാനത്തില്‍. ജൂണിലിത് 5.1 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലിത് 7.4 ശതമാനവുമായിരുന്നു. ജൂലൈ- സെപ്റ്റംബറില്‍ 4.4 ശതമാനം പണപ്പെരുപ്പമാണ് റിസര്‍വ് ബാങ്ക് അനുമാനിക്കുന്നത്. ഇതിലും താഴേയ്ക്കു നീങ്ങുവാനുള്ള പ്രവണതയാണ് കാണിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്ന ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിനു തയാറായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റ് എട്ടിലെ പണനയത്തില്‍ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു.
പ്രത്യക്ഷനികുതി വരുമാനം: രാജ്യത്തിന്റെ അറ്റ പ്രത്യക്ഷനികുതി വരുമാനം ഓഗ്സ്റ്റ് 11 വരെ 22.48 ശതമാനം വളര്‍ച്ചയോടെ 6.93 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവര്‍ഷം പ്രത്യക്ഷനികുതിയിനത്തില്‍ 22.07 ലക്ഷം കോടി രൂപയാണ് ഗവണ്‍മെന്റ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ 31.5 ശതമാനത്തോളം വരുമിത്.
ജൂലൈയില്‍ ജിഎസ്ടി വരുമാനം 10.3 ശതമാനം വളര്‍ച്ചയോടെ 1.82 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.
കമ്പനി വാര്‍ത്തകള്‍
ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോകോര്‍പ്, ജിഎംആര്‍ എയര്‍പോര്‍ട്ട്, അപ്പോള ഹോസ്പിറ്റല്‍, മുത്തൂറ്റ് ഹോസ്പിറ്റല്‍, ഐആര്‍സിടിസി, എസ്ജെവിഎന്‍, ഗുജറാത്ത് ഫ്ളൂറോ കാര്‍ബണ്‍ മാക്സി ഫിനാന്‍ഷ്യല്‍, എന്‍ഡ്യുവറന്‍സ് ടെക്, ഇപ്ക ലാബ്, എന്‍ബിസിസി, ഗോദ്റെജ് ഇന്‍ഡസ്ട്രീസ്, എസ്‌കെ എഫ് ഇന്ത്യ,പിരമള്‍ എന്റര്‍പ്രൈസസ്, മണപ്പുറം ഫിനാന്‍സ്, ഇ-ക്ലെര്‍ക്സ് സര്‍വീസസ്, ദിലീപ് ബില്‍ഡ്കോണ്‍, ഈസി ട്രിപ് പ്ലാനേഴ്സ്, അശോകാ ബില്‍ഡ്കോണ്‍, ഐടിഡിസി, രാംകി ഇന്‍ഫ്രാ, കേവല്‍ കിരണ്‍ ക്ലോത്തിംഗ്, തുടങ്ങി 558 കമ്പനികള്‍ ഇന്ന് ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.
ക്രൂഡോയില്‍ വില
ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് ക്രൂഡോയില്‍ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണ്. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ബ്രെന്റ് കൂഡ് വില ബാരലിന് 81 ഡോളര്‍ വരെ ഉയര്‍ന്നിരുന്നുവെങ്കിലും അതിനുശേഷം വില കുറയുകയായിരുന്നു.എന്നാല്‍ ആ ആശങ്കയ്ക്കു കുറവു വരികയും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു ശക്തി കൂടുകയും ചെയ്തതോടെ വില ഉയരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ ബ്രെന്റ് ക്രൂഡ് 80 ഡോളറിനു മുകളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 79.65 ഡോളറാണ്. തിങ്കളാഴ്ച രാവിലെ ഇത് 77.07 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 82.30 ഡോളറാണ്. ഇന്നലെയത് 79.75 ഡോളറായിരുന്നു.
ക്രൂഡോയില്‍ വില കൂടുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവു കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുന്നതിനു തുല്യമാകുകയും ചെയ്യും. രാജ്യത്തിന്റെ എണ്ണആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് താഴ്ചയില്‍
ക്രൂഡോയില്‍ വില ഉയരുന്നത്, ഡോളര്‍ ശക്തമായത്, പണപ്പെരുപ്പം കുറഞ്ഞത് , വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തുടങ്ങിയവയെല്ലാം രൂപ താഴോട്ടു നീങ്ങുന്നതിനു ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇന്നലെ രാവിലെ ഡോളറിനെതിരേ 83.95-ല്‍ ഓപ്പണ്‍ ചെയ്ത രൂപ 83.98 വരെ താഴ്ന്നശേഷം 83.97-ല്‍ ക്ലോസ് ചെയ്തിരിക്കുകയാണ്.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.