വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- കരുത്തു നല്‍കി ആഗോള വിപണി
- തെരഞ്ഞെടുപ്പുതന്നെ മുഖ്യം
യു എസ് സമ്പദ്ഘടന ഈ വര്‍ഷാവസാനത്തോടെ മികച്ച വളര്‍ച്ച നേടുമെന്നും പണപ്പെരുപ്പം ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിക്കുന്നതുപോലെ രണ്ടു ശതമാനത്തിലേക്കു താഴുമെന്നുള്ള വിലയിരുത്തലുകളുടെ പിന്‍ബലത്തില്‍ ആഗോള വിപണികളിലുണ്ടായ കുതിച്ചുകയറ്റം ഇന്നലെ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച് മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും മാത്രല്ല, എല്ലാ സെക്ടര്‍ സൂചികകളുംതന്നെ ഇന്നലെ നേട്ടമുണ്ടാക്കി. കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും മോദി ഭരണം തിരിച്ചുവരുമെന്ന പ്രതീക്ഷയും വിപണിയുടെ മുന്നേറ്റത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച് മാര്‍ക്കുകകളിലൊന്നായ നിഫ്റ്റി മേയ് 16-ന് 203.3 പോയിന്റ് മെച്ചത്തോടെ 22403.85 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ദിവസത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 22432.25 പോയിന്റും കുറഞ്ഞ പോയിന്റ് 22054.55 പോയിന്റുമാണ്.
സെന്‍സെക്സ് സൂചിക മേയ് 16-ന് 676.69 പോയിന്റ് നേട്ടത്തോടെ 73663.72 പോയിന്റില്‍ ക്ലോസ് ചെയ്തു.
എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു ഫലങ്ങളാണ് വിപണിയില്‍ വന്‍ കുതിപ്പിനോ ഇടിവിനോ വഴി തെളിക്കുക. ജൂണ്‍ ഒന്നിന് എക്സിറ്റ് പോള്‍ ഫലങ്ങളും ജൂണ്‍ നാലിന് യാഥാര്‍ത്ഥ ഫലവുമെത്തും.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ( 49 സീറ്റുകളില്‍) മേയ് 20-ന് ആണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ബിജെപി തൂത്തുവാരിയ മേഖലകളിലാണ് ഇനി തെരഞ്ഞെടുപ്പു നടക്കാനുള്ളത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
22300 എന്ന ശക്തമായ റെസിസ്റ്റിന്‍സ് മികച്ച തോതില്‍ മറികടന്ന നിഫ്റ്റിയുടെ അടുത്ത കടമ്പ 22600 പോയിന്റാണ്. അനികൂലമായ നല്ല സംഭവവികാസങ്ങള്‍ ഉണ്ടായാലേ ഇതു സാധ്യമാകൂ. തുടര്‍ന്ന് 22880 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
നിഫ്റ്റിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെങ്കില്‍ ഏറ്റവുമടുത്ത പിന്തുണ 22280-22310 പോയിന്റ് നിലവാരത്തിലാണ്. 22200 പോയിന്റിനു ചുറ്റളവ് ശക്തമായ പിന്തുണയുള്ള മേഖലയാണ്. ഇന്നലെയും 22054 പോയിന്റിലെത്തിയശേഷമാണ് നിഫ്റ്റി മികച്ച തിരിച്ചുവരുവു നടത്തിയത്. ഇതിനു താഴേയ്ക്കു പോയാല്‍ 21932 പോയിന്റില്‍ പിന്തുണ കിട്ടും. താഴ്ച തുടര്‍ന്നാല്‍ 21700-21800 റേഞ്ച് ഉരുക്കുകോട്ട പോലെ പിന്തുണ നല്‍കും. അല്ലെങ്കില്‍ വളരെ പ്രതികൂലമായ സംഭവങ്ങള്‍ ഉണ്ടാവണം. ഈ റേഞ്ചില്‍ എത്തിയശേഷം നിഫ്റ്റി പലതവണ തിരിച്ചുവരവു നടത്തിയിട്ടുണ്ട്.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മേയ് 16-ലെ ആര്‍എസ്ഐ 53.25 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി പോസീറ്റീവായാണ് (16 പോയിന്റ്) രാവിലെ ഓപ്പണ്‍ ചെയ്തത്. ഇന്ത്യന്‍ ഓഹരികള്‍ പോസീറ്റീവ് ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ആഗോള വിപണികളും മെച്ചത്തിലാണ്. യുഎസ് , യുറോപ്പ്, ഏഷ്യന്‍ ഫ്യൂച്ചറുകള്‍ പൊതുവേ പോസീറ്റീവാണ്.
ഇന്ത്യ വിക്സ്
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് മേയ് 15-ലെ 20.27 -ല്‍നിന്ന് ഇന്നലെ 20 ആയി. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു.
വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 16-ന് തലേ ദിവസത്തെ 0.92 -ല്‍നിന്ന് 1.19ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. . വിപണിയുടെ ബുള്ളീഷ് മനോഭാവത്തിനു ഊനം തട്ടിയിട്ടില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
യുഎ്സ് ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ചരിത്രിത്തില്‍ ആദ്യമായി 40000 പോയിന്റിനു മുകളിലെത്തി. അനകൂലമായ പണപ്പെരുപ്പ നിരക്കും ഇനി പലിശ നിരക്ക് ഉയര്‍ത്തില്ലെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജറോം പവല്‍ നല്‍കിയ സൂചനയുമാണ് വിപണിക്കു ഊര്‍ജം പകര്‍ന്നത്. 2024 അവസാനത്തോടെ രണ്ടു ശതമാനം പണപ്പെരുപ്പമെന്ന ലക്ഷ്യം നേടിയേക്കുമെന്നു പല വിദ്ഗ്ധരും കരുതുന്നുണ്ട്. മാത്രമല്ല, ഈ വര്‍ഷം പലിശ നിരക്ക് രണ്ടു തവണ കുറയ്ക്കുമെന്നും പലരും പ്രതീക്ഷിക്കുന്നു.
ഇന്നലെ രാവിലെ 39912 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത ഡൗ 40051..05 പോയിന്റ് വരെ ഉയര്‍ന്നശേഷം ക്ലോസ് ചെയ്തത് 39869.38 പോയിന്റിലാണ്. തലേദിവസത്തേക്കാള്‍ 38.62 പോയിന്റ് താഴ്ച് മേയ് 15-ന് റിക്കാര്‍ഡ് ഉയരത്തിലെത്തിയ നാസ്ഡാക് കോമ്പോസിറ്റ് സൂചിക ഇന്നലെ 44.07 പോയിന്റ് താഴ്ന്ന് 16698.3 പോയിന്റില്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 പതിനൊന്നു പോയിന്റ് നഷ്ടപ്പെടുത്തി 5297.10 പോയിന്റില്‍ ക്ലോസ് ചെയ്തു.
എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം മെച്ചത്തിലാണ് ഡൗ ഫ്യൂച്ചേഴ്സ് 16 പോയിന്റ് മെച്ചപ്പെട്ടാണ് നില്ക്കുന്നത്.
ഇന്നലെ രാവിലെ യുഎസ് ഓഹരി സൂചികകളെല്ലാം വളരെ മെച്ചത്തോടെയാണ് ഓപ്പണ്‍ ചെയ്തത്. മികച്ച പ്രകടനം കാഴ്ച വച്ച വാള്‍മാര്‍ട്ട് ഓഹരി അഞ്ചു ശതമാനത്തിനടുത്ത് വര്‍ധന നേടി. എന്നാല്‍ ഈ മുന്നേറ്റം ദിവസം മുഴുവന്‍ നിലനിര്‍ത്തുവാന്‍ ഡൗവിനു സാധിച്ചില്ലെന്നു മാത്രമല്ല നെഗറ്റീവായി ക്ലോസ് ചെയ്യുകയുമായിരുന്നു.
ഡൗ അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയംകൊണ്ടാണ് പതിനായിരം പോയിന്റിന്റെ നേട്ടം കൊയ്യുന്നത്. 2020 നവംബറിലാണ് ആദ്യമായി ഡൗ 30000 പോയിന്റ് കടക്കുന്നത്.
കമ്പനികള്‍ ഈ ക്വാര്‍ട്ടറില്‍ ശ്ക്തമായ വരുമാനം നേടിയതും വരും കാര്‍ട്ടറിലെ മെച്ചപ്പെട്ട വരുമാന പ്രതീക്ഷയും ഡൗ ജോണ്‍സിനെ പുതിയ ഉരങ്ങളിലേക്ക് എത്താന്‍ സഹായിച്ചു. 2024 സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരിക്കുമെന്നു പല വിദഗ്ധരും കരുതുന്നു.
കഴിഞ്ഞ ജൂലൈ മുതല്‍ യുഎസ് പലിശ നിരക്ക് 5.25-5.5 ശതമാനം റേഞ്ചിലാണ്.
എഫ്ടിഎസ് ഇ യുകെ, സിഎസി 40 ഫ്രാന്‍സ്, ഡാക്സ് ജര്‍മനി തുടങ്ങി മിക്ക യൂറോപ്യന്‍ വിപണികളും മേയ് 16-ന് നെഗറ്റീവായാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇവയുടെ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ നേരിയ തോതിലാണെങ്കിലുംപോസീറ്റീവായി തുടരുകയാണ്.
ഇന്നു രാവിലെ ജാപ്പനീസ് നിക്കി മുന്നൂറ്റമ്പതോളം പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 240 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്. എന്നാല്‍ നിക്കി, കൊറിയന്‍ കോസ്പി 38 ഹാംഗ്സെംഗ് തുടങ്ങിയ ഏഷ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവാണ്.
എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനത്തോത് ഗണ്യമായി കുറഞ്ഞു. ഇന്നലെ (മേയ് 16-ന്) 776.5 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. മേയ് തുടങ്ങിയതു മുതല്‍ എല്ലാദിവസവും വന്‍ വില്‍പ്പനയാണ് അവര്‍ നടത്തിയിരുന്നത്. മേയിലിതുവരെ 37149.26 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റു. ഏപ്രിലില്‍ 35693 കോടി രൂപയുടെ നെറ്റ് വില്‍പ്പന അവര്‍ നടത്തിയിരുന്നു.
അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും വന്‍ തോതില്‍ വാങ്ങി. അവര്‍ ഇന്നലെ 2128 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. അവരുടെ നെറ്റ് വാങ്ങല്‍ ഈ മാസം ഇതുവരെ 32416.8 കോടി രൂപയായിട്ടുണ്ട്. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു.
സാമ്പത്തിക കണക്കുകള്‍
ബാങ്ക് വായ്പ, ഡിപ്പോസിറ്റ് വിദേശനാണ്യശേഖരം തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ ഇന്നെത്തും.
നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍
ഓള്‍ കാര്‍ഗോ, അതില്‍ ഓട്ടോ, ബാലകൃഷ്ണ ഇന്‍ഡ്, ബന്ധന്‍ ബാങ്ക്, ഡല്‍ഹിവെരി, ഗ്ലാക്സോ, ഗോദ്റെജ്് ഇന്‍ഡ്, ജെബി കെം, ജെഎസ് ഡബ്ള്യു സ്റ്റീല്‍, കെഎസ്ഇ ലിമിറ്റഡ്, എന്‍ എച്ച്പിസി ലിമിറ്റഡ്, എല്‍ ടി ഫുഡ്സ്, മൈന്‍ഡ്ടെക്, പോളിപ്ലെക്സ് കോര്‍പറേഷന്‍, ഫൈസര്‍, പ്രകാശ് ഇന്‍ഡസ്ട്രീസ്, റെയില്‍ വികാസ് നിഗം, ഷിപ്പിംഗ് കോര്‍പറേഷന്‍, സുദര്‍ശന്‍ കെമിക്കല്‍സ്, ടൂറിസം ഫിനാന്‍സ് കോര്‍പറേഷന്‍, ടി വി ടുഡേ നെറ്റ് വര്‍ക്ക്, വാറോക് എന്‍ജിനീയറിംഗ്, വിനാറ്റി ഓര്‍ഗാനിക്സ്, സീ എന്റര്‍ടെയിന്‍മെന്റ്, സൈഡസ് ലൈഫ് സയന്‍സ് തുടങ്ങി നൂറ്റിപ്പത്തോളം കമ്പനികള്‍ ഇന്ന് ( മേയ് 17) ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.
വാര്‍ത്തകളില്‍ കമ്പനികള്‍
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് : മാര്‍ച്ചില്‍ അവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് 4308.7 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 2831.1 കോടി രൂപയേക്കാള്‍ 52.18 ശതമാനം കൂടുതലാണിത്. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം12494 കോടി രൂപയില്‍നിന്ന് 14768.8 കോടി രൂപയായി ഉയര്‍ന്നു. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരി വില 10.9 ശതമാനം വര്‍ധനയോടെ 4637 രൂപയിലെത്തി.
വേദാന്ത : വേദാന്ത ലിമിറ്റഡ് മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 1361 കോടി രൂപ അറ്റാദായം നേടി. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 1881 കോടി രൂപയേക്കാള്‍ 27 ശതമാനം കുറവാണ്.കമ്പനിയുടെ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ ആറു ശതമാനം കുറഞ്ഞ 34937 കോടി രൂപയിലെത്തി. കമ്പനിയുടെ കടം നാലാം ക്വാര്‍ട്ടറില്‍ 6155 കോടി രൂപ കണ്ടു കുറഞ്ഞ് 56338 കോടി രൂപയായി. നടപ്പു സാമ്പത്തികവര്‍ഷം കമ്പനിയെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനത്തിന്റെ സമയമാണെന്ന് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പറയുന്നു. കമ്പനി 8500 കോടി രൂപയുടെ ഫണ്ടു സ്വരൂപിക്കും. കമ്പനി 11 രൂപ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്. റിക്കാര്‍ഡ് ഡേറ്റ് മേയ് 25 ആണ്.
മഹീന്ദ്ര ആന്‍ഡ്മഹീന്ദ്ര: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായം മാര്‍ച്ചിലവസാനിച്ച നാലം ക്വാര്‍ട്ടറില്‍ 32 ശതമാനം ഉയര്‍ന്ന് 2038 കോടി രൂപയിലെത്തി. വരുമാനം ഈ കാലയളവില്‍ 11 ശതമാനം വര്‍ധനയോടെ 25109 കോടി രൂപയായി. കമ്പനി ഇലക്്്ട്രിക് വാഹന നിര്‍മാണ യൂണിറ്റിന്റെ നവീകരണത്തിനായി അടുത്ത മൂന്നു വര്‍ഷക്കാലത്ത് കമ്പനി 12000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഓട്ടോ ഡിവിഷനില്‍ വികസനത്തിനായി കമ്പനി അടുത്ത രണ്ടു ധനകാര്യവര്‍ഷങ്ങളിലായി 37000 കോടി രൂപയുടെ നിക്ഷേപം നടത്താനുദ്ദേശിക്കുന്നു. ഇതോടെ വാഹനനിര്‍മാണ് സ്ഥാപിതശേഷി ഇപ്പോഴത്തെ ആറു ലക്ഷം യൂണിറ്റില്‍നിന്ന് 8.64 ലക്ഷം യൂണിറ്റായി ഉയരും.
ഗോ ഡിജിറ്റല്‍ ജനറല്‍ ഇന്‍ഷുറന്‍സ് : വിരാട് കോലിയുടെ പിന്തുണയുള്ള ഗോ ഡിജിറ്റലിന്റെ കന്നി പബ്ളിക് ഇഷ്യുവിന്റെ രണ്ടാം ദിവസം 51 ശതമാനം അപേക്ഷകള്‍ ലഭിച്ചു. റീട്ടെയില്‍ വിഭാഗത്തില്‍ രണ്ടിരട്ടിയിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇഷ്യു മേയ് 17-ന് അവസാനിക്കും. കമ്പനി 2614.65 കോടി രൂപയുടെ ഓഹരികളാണ് ഐപിഒ വഴി നല്‍കുന്നത്. പ്രൈസ് ബാന്‍ഡ് 258-272 രൂപയാണ്.
വൊഡാഫോണ്‍: മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ വൊഡാഫോണ്‍ ഐഡിയയുടെ നഷ്ടം 7675 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷമിതേ കാലയളവിലിത് 6419 കോടി രൂപയായിരുന്നു. പ്രവര്‍ത്തനവരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ10532 കോടി രൂപയില്‍നിന്ന് 0.7 ശതമാനം വര്‍ധനയോടെ 10607 കോടി രൂപയിലെത്തി. പ്രതി ഉപഭോക്തൃ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 135 രൂപയില്‍നിന്ന് 7.6 ശതമാനം വര്‍ധനയോടെ 146 രൂപയിലെത്തി. മൂന്നാം ക്വാര്‍ട്ടറിലിത് 145 രൂപയായിരുന്നു. കമ്പനി ഈയിടെ 18000 കോടി രൂപ എഫ് പി ഒ വഴി സ്വരൂപിച്ചിരുന്നു. കമ്പനിയുടെ വരിക്കാരുടെ എണ്ണം ഈ ക്വാര്‍ട്ടറില്‍ 4.3 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വരിക്കാരുടെ എണ്ണം 21.26 കോടിയാണ്.
റാഡികോ ഖെയ്ത്താന്‍: പ്രമുഖ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ കമ്പനികളിലൊന്നായ റാഡികോ ഖെയ്താന്‍ മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 3894 കോടി രൂപ വരുമാനവും 53.91 കോടി രൂപ അറ്റാദായവും നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 3375.36 കോടി രൂപയും 42.65 കോടി രൂപയും വീതമായിരുന്നു. വര്‍ധന യഥാക്രമം 15.38 ശതമാനവും 26.42 ശതമാനവും വീതം. കമ്പനിയുടെ മദ്യ ഉത്പാദന വ്യാപ്തത്തില്‍ 1.2 ശതമാനം കുറവുണ്ടായി. കമ്പനിയുടെ ഇക്കഴിഞ്ഞ ധനകാര്യ വര്‍ഷത്തെ അറ്റാദായം 220.35 കോടി രൂപയില്‍നിന്ന്് 262.17 കോടി രൂപയിലേക്കും വരുമാനം 12743 കോടി രൂപയില്‍നിന്ന് 15483 കോടി രൂപയിലേക്കുമുയര്‍ന്നു. കമ്പനിയുടെ ഇക്കഴിഞ്ഞ വര്‍ഷത്തെ മദ്യോത്പാദനം 1.7 ശതമാനം വര്‍ധിച്ച് 28.73 ദശലക്ഷം കെയ്സ് ആയി.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.