വിപണി തുറക്കും മുമ്പ് അറിയേണ്ടത്

ചാഞ്ചാട്ടത്തിലെ താഴ്ചകള്‍ മുതലാക്കാം

Update: 2024-05-16 02:49 GMT

ചാഞ്ചാട്ടം തുടരുകയാണ് വിപണിയില്‍. അനിശ്ചിതത്വമാണ് കാരണം.ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതുവരെ ഈ ചാഞ്ചാട്ടം തുടരും. കാരണം വിപണി ഒരിക്കലും അനിശ്ചിതത്വം ഇഷ്ടപ്പെടുന്നില്ല. ആഗോള വിപണി കരുത്തോടെ മുന്നോട്ടു പോകുമ്പോഴാണ് ഇന്ത്യന്‍ വിപണിയിലെ ഈ ചാഞ്ചാട്ടം.

തെരഞ്ഞെടുപ്പു പുരോഗമിക്കുന്തോറും ഊഹോപോഹങ്ങളെ അടിസ്ഥാനമാക്കുന്നതാണ് വിപണിയില്‍ ചാഞ്ചാട്ടത്തിനു കാരണം. അതില്‍ വ്യക്തത വരും വരെ ഈ അസ്ഥിര മനോഭാവം വിപണിയില്‍ തുടരാനാണ് സാധ്യത.

പൊതുതെരഞ്ഞെടുപ്പിലെ അനിശ്ചിതത്വമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനു കാരണമെന്നും ഇതു നിക്ഷേപകര്‍ക്ക് അവസരങ്ങള്‍ കൊണ്ടുവരികയാണെന്നും പ്രശസ്ത നവോദയ വിപണി നിക്ഷേപകനായ മാര്‍ക്ക് മൊബിയൂസ് പറയുന്നു. അദ്ദേഹം നിക്ഷേപകര്‍ക്ക് ഒരു ഉപദേശവും നല്‍കുന്നു. എല്ലാവരും വില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ നിശ്ചയമായും വാങ്ങലുകാരായിരിക്കണം. നേരേമറിച്ചാണെങ്കില്‍ നിങ്ങള്‍ വില്‍ക്കലുകാരായിരിക്കണം.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച് മാര്‍ക്കുകകളിലൊന്നായ നിഫ്റ്റി മേയ് 15-ന് തേലദിവസത്തേക്കാള്‍ നേരിയ തോതില്‍ ( 17 പോയിന്റ് താഴ്ന്ന് 22200.55 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ദിവസത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 22297.55 പോയിന്റും കുറഞ്ഞ പോയിന്റ് 22151.75 പോയിന്റുമാണ്.

സെന്‍സെക്സ് സൂചിക മേയ് 15-ന് 118 പോയിന്റ് നഷ്ടത്തോടെ 72987.03 പോയിന്റില്‍ ക്ലോസ് ചെയ്തു.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ( 49 സീറ്റുകളില്‍) മേയ് 20-ന് ആണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ബിജെപി തൂത്തുവാരിയ മേഖലകളിലാണ് ഇനി തെരഞ്ഞെടുപ്പു നടക്കാനുള്ളത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

മേയ് 13-ന് 21800 പോയിന്റിനു ചുറ്റളവിലെത്തിയശേഷം തിരിച്ചു കയറിയതാണ്. വിപണിക്ക് 22300- 22400 പോയിന്റുകള്‍ക്കിടയില്‍ ശക്തമായ റെസിസ്റ്റന്‍സ് രൂപപ്പെട്ടിരിക്കുകയാണ്. ഈ റേഞ്ചില്‍നിന്നു കരുത്തോടെ മുന്നോട്ടു നീങ്ങിയാലേ വിപണിക്കു ഉയര്‍ന്ന തലത്തിലേക്കു പോകാന്‍ കഴിയൂ. 22500-22600 റേഞ്ചിലും മോശമല്ലാത്ത റെസിസ്റ്റന്‍സ് ഉണ്ട്. ഇതിനുമപ്പുറത്ത് 22800 പോയിന്റ് കടുത്ത കടമ്പയായി നില്‍ക്കുന്നുണ്ട്. വിപണിക്ക് വളരെ അനുകൂലമായ സംഭവവികാസങ്ങള്‍ ഉണ്ടായാലേ ഇതു കടന്നു മുന്നോട്ടു പോകുവാന്‍ സാധിക്കൂ.

കുറഞ്ഞ സീറ്റോടുകൂടിയാണെങ്കില്‍പ്പോലും മോദി സര്‍ക്കാര്‍ തിരിച്ചുവരികയാണെങ്കില്‍ വിപണി പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

നിഫ്റ്റിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെങ്കില്‍ 22100-22130 റേഞ്ചില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 22950- 22200 പോയിന്റ് റേഞ്ചിലും മോശമല്ലാത്ത പിന്തുണയുണ്ട്. ഇതിനു താഴേയ്്ക്കുപോയാല്‍ 21700-21800 റേഞ്ച് ഉരുക്കുകോട്ട പോലെ പിന്തുണ നല്‍കും. അല്ലെങ്കില്‍ വളരെ പ്രതികൂലമായ സംഭവങ്ങള്‍ ഉണ്ടാവണം. മോദി അധികാരത്തില്‍നിന്നു പുറത്തുപോകുന്നതുപോലുള്ള വാര്‍ത്തകള്‍. ഈ റേഞ്ചില്‍ എത്തിയശേഷം നിഫ്റ്റി പലതവണ തിരിച്ചുവരവു നടത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ നിഫ്റ്റി കണ്‍സോളിഡേഷന്‍ മൂഡിലാണിപ്പോള്‍.

പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണിനടുത്താണ്. മേയ് 15-ലെ ആര്‍എസ്ഐ 46.6 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി പോസീറ്റീവായാണ് രാവിലെ ഓപ്പണ്‍ ചെയ്തത്. ഇന്ത്യന്‍ ഓഹരികള്‍ പോസീറ്റീവ് ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ആഗോള വിപണികളും മെച്ചത്തിലാണ്. യുഎസ് , യുറോപ്പ്, ഏഷ്യന്‍ ഫ്യൂച്ചറുകള്‍ പൊതുവേ പോസീറ്റീവാണ്.

ഇന്ത്യ വിക്സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് മേയ് 14-ലെ 20.20 -ല്‍നിന്ന് ഇന്നലെ 20.27 ആയി. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. പൊതു തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യ വിക്സ് ഉയരുന്നത് വിപണിക്ക് അത്ര അപരിചിതമല്ല എന്നതാണ് വസ്തുത. 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യ വിക്സ്് 30-ന് മുകളിലെത്തിയിരുന്നു.

വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 15-ന് 0.92 ലേക്ക് താഴ്ന്നു. തലേദിവസമിത് 1.02 ആയിരുന്നു. വിപണിയുടെ മനോഭാവം ഇപ്പോഴും ബുള്ളീഷ് ആണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7ന് മുകളിലേ്ക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

പ്രതീക്ഷയ്ക്കൊാത്തവിധം ഏപ്രിലിലെ പണപ്പെരുപ്പം കുറഞ്ഞത് യിഎസ് വിപണിയില്‍ വന്‍ കുതിപ്പിനു വഴിയൊരുക്കി. പണപ്പെരുപ്പം മാര്‍ച്ചിലെ 3.5 ശതമാനത്തില്‍നിന്ന് 3.4 ശതമാനത്തിലേക്കു താഴ്ന്നു. നാലു മാസത്തില്‍ ആദ്യമായാണ് വിലക്കയറ്റത്തോത് കുറയുന്നത്.

ഇതേത്തുടര്‍ന്ന് യുഎസ് ഓഹരി സൂചികകളെല്ലാം വളരെ മെച്ചത്തോടെയാണ് ഓപ്പണ്‍ ചെയ്തത്. ഈ മുന്നേറ്റം ദിവസം മുഴുവന്‍ നിലനിര്‍ത്തുക മാത്രമല്ല പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ബുധനാഴ്ച ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 349.89 പോയിന്റ് മെച്ചത്തോടെ 39908 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇതു റിക്കാര്‍ഡാണ്. അതേപോലെ നാസ്ഡാക് കോമ്പോസിറ്റ് 231.21 പോയിന്റ് മെച്ചപ്പെട്ട് 16742.39 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതും റിക്കാര്‍ഡാണ്. യുഎസ് വിപണിയിലെ രണ്ടു സൂചികകള്‍ രണ്ടു മാസത്തിനിടയില്‍ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്യുന്നത് ഇതാദ്യമാണ്. എസ് ആന്‍ഡ് പി 500, 61.47 പോയിന്റ് മെച്ചത്തോടെ 5308.15 പോയിന്റില്‍ ക്ലോസ് ചെയ്തു. മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്.

മാത്രമല്ല, യുഎസ് വിപണി സൂചിക ഫ്യൂച്ചറുകള്‍ മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്. ഡൗ ജോണ്‍സ് ഫ്യൂച്ചേഴ്സ് 14 പോയിന്റ് മെച്ചത്തിലാണ്.

കഴിഞ്ഞ ജൂലൈ മുതല്‍ യുഎസ് പലിശ നിരക്ക് 5.25-5.5 ശതമാനം റേഞ്ചിലാണ്. ഇതേ നിലയില്‍ പണപ്പെരുപ്പത്തോത് വരുംമാസങ്ങളില്‍ കുറയുകയാണെങ്കില്‍ 2024-ന്റെ ആദ്യപകുതിയില്‍തന്നെ ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറച്ചേക്കുമെന്ന വിലയിരുത്തലാണ് വിപണിക്ക് പുതിയ ഉയരങ്ങള്‍ നല്‍കിയത്.

എഫ്ടിഎസ് ഇ യുകെ, സിഎസി 40 ഫ്രാന്‍സ്, ഡാക്സ് ജര്‍മനി തുടങ്ങി എല്ലാ യൂറോപ്യന്‍ വിപണികളും പോസീറ്റീവായാണ് മേയ് 15-ന് ക്ലോസ് ചെയ്തത്. ഇവയുടെ ഫ്യൂച്ചേഴ്സ് പോസീറ്റീവായി തുടരുകയാണ്.

ഇന്നു രാവിലെ ജാപ്പനീസ് നിക്കി 321.8 പോയിന്റ് ഉയര്‍ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. നിക്കി ഫ്യൂച്ചേഴ്സും പോസീറ്റീവാണ്. കൊറിയന്‍ കോസ്പ് 38 പോയിന്റ് മെച്ചത്തിലാണ് ഓപ്പണ്‍ ചെയ്തത്. ഒരു മണിക്കൂര്‍ വ്യാപാരം കഴിഞ്ഞപ്പോള്‍ ഓസ്ട്രേലിയന്‍ ഓള്‍ ഓര്‍ഡനറീസ് സൂചിക 86 പോയിന്റ് ഉയര്‍ന്നാണ് നില്‍ക്കുന്നത്.

എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ (മേയ് 15-ന്) 2832 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തി. ഇതോടെ മേയിലിതുവരെ 36372.77 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റു. ഏപ്രിലില്‍ 35693 കോടി രൂപയുടെ നെറ്റ് വില്‍പ്പന അവര്‍ നടത്തിയിരുന്നു.

അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ 3788.8 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. അവരുടെ നെറ്റ് വാങ്ങല്‍ ഈ മാസം ഇതുവരെ 302288 കോടി രൂപയായിട്ടുണ്ട്. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു. മോദി അധികാരത്തില്‍ തിരിച്ചുവരുമെന്ന വിലയിരുത്തലാണ് ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങലിനു ഊര്‍ജം നല്‍കുന്നത്.

തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനയ്ക്കു കാരണമെന്ന് പ്രശസ്ത നവോദയ വിപണി നിക്ഷേപകനായ മാര്‍ക്ക് മൊബിയൂസ് അഭിപ്രായപ്പെടുന്നു. ലോകത്തെവിടെയുമുള്ള നിക്ഷേപകര്‍ അനിശ്ചിതത്വത്തെ വെറുക്കുന്നവരാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ തിരിച്ചുവരുമെന്ന് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതമാക്കുമെന്നും യുഎസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് ഫോറം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷന് അഗി അഭിപ്രായപ്പെടുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പ്രവചനം കൂടുതല്‍ പേര്‍ക്കു സാധിക്കുന്നുണ്ട്്. ഇത് നിക്ഷേപകരെ കൂടുതലായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കും. മാത്രവുമല്ല, ഫലം വന്നാല്‍ അധികാരം കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയില്‍ തര്‍ക്കമുണ്ടാകില്ല. ഇത് നിക്ഷേപമൊമന്റത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറയുന്നു. ജൂണ്‍ നാലിനാണ് പൊതു തെരഞ്ഞെടുപ്പു ഫലം എത്തുന്നത്.

സാമ്പത്തിക കണക്കുകള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കയറ്റിറക്കുമതി നേരിയ നേട്ടത്തോടെയാണ് തുടങ്ങിയിട്ടുള്ളത്. കയറ്റുമതി മുന്‍വര്‍ഷം ഏപ്രിലേതിനേക്കാള്‍ 1.07 ശതമാനം വര്‍ധനയോടെ 3500 കോടി ഡോളറിലെത്തി. അതേസമയം, ക്രൂഡോയില്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ഇറക്കുമതി 10.25 ശതമാനം വര്‍ധനയോടെ 5410 കോടി ഡോളറായി. വ്യാപാരക്കമ്മി നാലുമാസത്തെ കൂടുതലായ 19100 കോടി ഡോളറായി.ക്രൂഡോയില്‍, സ്വര്‍ണം,കമോഡിറ്റികള്‍ തുടങ്ങിയവയാണ് ഇറക്കുമതി ബില്‍ ഉയര്‍ത്തിയത്.

പുതുക്കിയ കണക്കുകളനുസരിച്ച് 2023-24-ലെ മൊത്തം കയറ്റുമതി വരുമാനം ( ഉത്പന്നങ്ങളും സേവനങ്ങളും) 77820 കോടി ഡോളറായി ഉയര്‍ന്നു.

ബാങ്ക് വായ്പ, ഡിപ്പോസിറ്റ് വിദേശനാണ്യശേഖരം തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ മേയ് 17-നാണ് എത്തുക.

മണ്‍സൂണ്‍  സാധാരണയേക്കാള്‍ ഒരു ദിവസം മുമ്പേ, മേയ് 31-ന്  കേരളത്തിലെത്തുമെന്ന് ഇന്ത്യന്‍ മീറ്റിറിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ( ഐഎംഡി) പറയുന്നു. 2023-ല്‍ ജൂണ്‍ എട്ടിനാണ് കാലവര്‍ഷമെത്തിയത്. ആന്‍ഡമാന്‍ ദ്വീപുകളില്‍ മേയ് 19-ന് കാലവര്‍ഷമെത്തും.

കേരളത്തില്‍ മഴയെത്തുന്നതോടെയാണ് നാലുമാസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ സീസണു തുടക്കം കുറിക്കുന്നത്. നാലുമാസത്തെ പടിഞ്ഞാറന്‍ കാലവര്‍ഷമാണ് രാജ്യത്തിനാവശ്യമായ വെള്ളത്തിന്റെ 70 ശതമാനവും സംഭാവന ചെയ്യുന്നത്. കൂടാതെ ഖാരിഫ് സീസണ്‍ കൃഷിയും ഈ മഴയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. രാജ്യത്തെ മുഖ്യ കൃഷി കാലവും ഈ സീസണ്‍ ആണ്.

ഈ സീസണില്‍ സാധാരപോലെ മഴ ലഭിക്കുമെന്നാണ് ഐഎംഡി പറയുന്നത്. ഇന്ത്യയില്‍ ലഭിക്കേണ്ട മഴ ( ദീര്‍ഘകാല ശരാശരി) 880 മില്ലീമീറ്ററാണ്.

നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍

വൊഡാഫോണ്‍ ഐഡിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഓള്‍കാര്‍ഗോ, അവലോണ്‍ ടെക്നോളജി, ബയോകോണ്‍, സെഞ്ചുറി എങ്ക, കണ്ടെയ്നര്‍ കോര്‍പറേഷന്‍, ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഡിസിഎക്സ് സിസ്റ്റംസ്, ഡിസി ഡബ്ള്യു, ഇ- ക്ളര്‍ക്സ് സര്‍വീസസ്, എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍, എന്‍ഡ്യൂറന്‍സ് ടെക്, ഹിന്ദുസ്ഥാന്‍ എറോനോട്ടിക്സ്, കെയ്ന്‍സ് ടെക്നോളജി, കൃഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മദേഴ്സണ്‍ സുമി, സോളാര്‍ ഇന്‍ഡസ്ട്രീസ്, പ്രിന്‍സ് പൈപ്സ്, പ്രിസം ജോണ്‍സണ്‍, വി- ഗാര്‍ഡ് ഇന്‍ഡ്, വണ്ടര്‍ല ഹോളിഡേസ് തുടങ്ങി നൂറോളം കമ്പനികള്‍ ഇന്ന് ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.

വാര്‍ത്തകളില്‍ കമ്പനികള്‍

ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് : ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 501 കോടി രൂപ അറ്റാദായവും 9454 കോടി രൂപ സംയോജിത വരുമാനവും നേടി. അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 716 കോടി രൂപയേക്കാള്‍ 31 ശതമാനം കുറഞ്ഞപ്പോള്‍ വരുമാനത്തില്‍ 3.2 ശതമാനം കുറവുണ്ടായി. കമ്പനി രണ്ടു രൂപ ലാഭവീതം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി നടപ്പു സാമ്പത്തിക വര്‍ഷം 4700 കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കും.

ബര്‍ജര്‍ പെയിന്റ്സ്: ബര്‍ജര്‍ പെയിന്റ്സ് ഇന്ത്യയുടെ അറ്റാദായം നാലാം ക്വാര്‍ട്ടറില്‍ 19.7 ശതമാനം വര്‍ധനയോടെ 222.62 കോടി രൂപയിലെത്തി. വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്ന് 2520 കോടി രൂപയിലെത്തി. കമ്പനിയുടെ 2023-24 വാര്‍ഷിക വിറ്റുവരവ് 11199 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ ആറു ശതമാനം കൂടുതല്‍. കമ്പനി 3.5 രൂപ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്‍സിസി: അടിസ്ഥാന സൗകര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍സിസിയുടെ സംയോജിത അറ്റാദായം 25 ശതമാനം വര്‍ധനയോടെ 239.2 കോടി രൂപയിലെത്തി. വരുമാനം 31 ശതമാനം വളര്‍ച്ചയോടെ 6485 കോടി രൂപയിലെത്തി. കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 2022-23-ലെ 50244 കോടി രൂപയില്‍നിന്ന് 57536 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കമ്പനി 2.2 രൂപ ലാഭവീതവും പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 9.4 ശതമാനത്തില്‍നിന്ന് 8.5 ശതമാനത്തിലേക്കു താഴ്ന്നിട്ടുണ്ട്. കമ്പനിയുടെ ഓര്‍ഡറില്‍ 80 ശതമാനവും സര്‍ക്കാര്‍ ഫണ്ടിംഗ് ഉള്ള പദ്ധതികളാണ്.

ഹണിവെല്‍ ഓട്ടോമേഷന്‍ : ഹണിവെല്‍ ഇന്റര്‍നാഷണലിന്റെ ഇ്ത്യന്‍ കരമായ ഹണിവെല്‍ ഓട്ടോമേഷന്‍ മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 148 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 112 കോടി രൂപയേക്കാള്‍ 32 ശതമാനം കൂടുതലാണിത്. കമ്പനിയുടെ വരുമാനം 12 ശതമാനം വര്‍ധനയോടെ 951 കോടി രൂപയിലെത്തി. കമ്പനി 100 രൂപ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗോ ഡിജിറ്റല്‍ ജനറല്‍ ഇന്‍ഷുറന്‍സ് : ഗോ ഡിജിറ്റലിന്റെ കന്നി പബ്ളിക് ഇഷ്യുവിന്റെ ആദ്യദിവസം 36 ശതമാനം അപേക്ഷകള്‍ ലഭിച്ചു. അതായത് 5.28 കോടി ഓഹരികളില്‍ 1.89 കോടിക്ക് അപേക്ഷകള്‍ കിട്ടി. റീട്ടെയില്‍ വിഭാഗത്തില്‍ 1.44 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇഷ്യു മേയ് 17-ന് അവസാനിക്കും. കമ്പനി 2614.65 കോടി രൂപയുടെ ഓഹരികളാണ് ഐപിഒ വഴി നല്‍കുന്നത്.

റിലയന്‍സ് കാപ്പിറ്റല്‍:  റിലയന്‍സ് കാപ്പിറ്റലിന്റെ ഇന്‍ഷുറന്‍സ് വിഭാഗത്തിന്റെ ഓഹരികള്‍ ഹിന്ദുജ ഗ്രൂപ്പിന് കൈമാറാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റഅ അഥോറിറ്റി അനുമതി നല്‍കി. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, റിലയന്‍സ് നിപ്പണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയിലെ ഓഹരി പങ്കാളിത്താണ് ഹിന്ദുജ ഗ്രൂപ്പിന് നല്‍കുക. റിലയന്‍സ് കാപ്പിറ്റലിന് 52490 കോടി രൂപയുടെ കടമുണ്ട്. ഇതില്‍ 21070 കോടി രൂപ ബാങ്കുകള്‍ക്കു നല്‍കാനുള്ളതാണ്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News