വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 04)
മാന്ദ്യഭീതി തിരിച്ചെത്തി; വിപണി ഇടിയുന്നു
ആഗോള സാമ്പത്തിക വളര്‍ച്ചാത്തോത് കുറയുകയാണെന്ന ഭീതി വീണ്ടും വിപണിയിലേക്കു തിരിച്ചെത്തുകയാണ്. യുഎസ് സമ്പദ്ഘടന മാന്ദ്യത്തിലേക്കു വീഴുമെന്ന് ഉത്ക്കണ്ഠയും ഓഹിരി വിപണിയില്‍ ഇന്നലെ വില്‍പ്പനയ്ക്കു കാരണമായി.
സാമ്പത്തിക മുരടിപ്പ് ആശങ്കയില്‍ ക്രൂഡോയില്‍ വില ഏഴുമാസത്തെ ഏറ്റവും താഴ്ചയിലേക്കും എത്തിയിരിക്കുകയാണ്.
ഉയര്‍ന്ന പലിശനിരക്കു മൂലം യുഎസ് ഉത്പാദന മേഖലയുടെ ഓഗസ്റ്റിലെ പ്രകടനം ചുരുങ്ങിയതു ( 50 പോയിന്റിനു താഴെ) യുഎസ് വളര്‍ച്ച മുരടിപ്പിക്കുമെന്ന ഭയം വീണ്ടും തിരികെ വരികയാണ്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഉത്പാദനച്ചുരുക്കം കാണിക്കുന്നത്. ഇതു പൊതുവായി കണ്‍സ്യൂമര്‍ ഡിമാണ്ടും കുറയ്ക്കുമെന്നു ഭയപ്പെടുന്നു. വളരെ അര്‍ഥവത്തായ വെട്ടിക്കുറയ്ക്കല്‍ പലിശനിരക്കില്‍ ഉണ്ടാവുന്നതുവരെ മാനുഫാക്ചറിംഗ് മേഖല തിരിച്ചുവരികയില്ലെന്നു ഇക്കണോമിസ്റ്റുകള്‍ വിലയിരുത്തുന്നു. ഇന്ന് ജോബ് ഓപ്പണിംഗ്, ഫാക്ടറി ഓര്‍ഡര്‍ കണക്കുകള്‍ എത്തും. വെള്ളിയാഴ്ച ഓഗസ്റ്റിലെ ജോബ് റിപ്പോര്‍ട്ടുമെത്തും. ഇവ യുഎസ് പലിശനിരക്ക് അളവിനെ സ്വാധീനിക്കുന്ന കണക്കുകളാണ്.
ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ആഗോള വിപണിയിലെ നീക്കങ്ങളാണ് ഇപ്പോള്‍ സ്വാധീനിക്കുന്നത്. മറ്റു കാര്യമായ വാര്‍ത്തകളൊന്നും തന്നെ എത്തുന്നില്ല. പൊതുവേ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച രീതിയിലാണ് നീങ്ങുന്നത്. അതു വിപണിയില്‍ ദൃശ്യമാണുതാനും. വിപണിയിലെ ഉത്സാഹം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ശക്തമായ ഒരു തിരുത്തല്‍ ഉണ്ടാവേണ്ടിയിരിക്കുന്നു എന്ന സൂചനയാണ് പൊതുവേ ഉയരുന്നത്. മേഖല തിരിച്ചും ഒഹരി കേന്ദ്രീകൃതവുമായ പ്രകടനങ്ങളാണ് ഓഹരി വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ വിപണി ഇന്നലെ
കാര്യമായ മാറ്റമില്ലെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച് മാര്‍ക്ക് സൂചികയായ നിഫ്റ്റി പതിന്നാലാമത്തെ ദിവസമാണ് മെച്ചപ്പെട്ട് ക്ലോസ് ചെയ്യുന്നത്. ഇന്നലെ 1.15 പോയിന്റ് മച്ചപ്പെട്ട് 25279.85 പോയിന്റില്‍ ക്ലോസ് ചെയ്തു. റിക്കാര്‍ഡ് ക്ലോസിംഗാണിത്.
തിങ്കളാഴ്ച ഇടിവു കാണിച്ച മിഡ്, സ്മോള്‍ കാപ് ഓഹരികള്‍ ഇന്നലെ നില മെച്ചപ്പെടുത്തി. ബാങ്ക്, കാപ്പ്റ്റല്‍ ഗുഡ്സ്, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത്കെയര്‍ തുടങ്ങിയവ മേഖലകള്‍ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഐടി, ഓട്ടോ മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ വില്‍പ്പന ദൃശ്യമായിരുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 4.4 പോയിന്റ് താഴ്ന്ന് 82555.44 പോയിന്റില്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
ഇന്നലെ ആഗോള തലത്തില്‍ എല്ലാ വിപണികളുടേയും പ്രകടനം ഉത്സാഹരഹിതമായിരുന്നു. ഇന്ത്യന്‍ വിപണിയാകട്ടെ വളരെ നേരിയ റേഞ്ചിലാണ് ഇന്നലെ നീങ്ങിയത്. നിഫ്റ്റി നേരിയ റേഞ്ചില്‍ കണ്‍സോളിഡേഷനിലാണ്. നിഫ്റ്റി ഓവര്‍ ബോട്ട് സോണിലേക്ക് പതിയ കടക്കുകയാണ്. ഒരു തിരുത്തലിന്റെ സാധ്യത വിദൂരത്തല്ല. ശക്തമായ തിരുത്തലില്‍ വാങ്ങല്‍ നടത്താം. ഇന്‍ട്രാഡേ വ്യാപാരത്തില്‍ നല്ല തിരുത്തല്‍ സംഭവിക്കാനും സാധ്യതയേറെയാണ്.
ഇന്നു വിപണി മെച്ചപ്പെടുകയാണെങ്കില്‍ നിഫ്റ്റിക്ക് 25300 പോയിന്റിനു മുകളില്‍ എത്തേണ്ടിയിരിക്കുന്നു. നിഫ്റ്റിക്ക് 25350-25450 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. ഇതു മറികടന്നാല്‍ 25550 പോയിന്റിലേക്ക് എത്താം.
ഇന്നു നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 25100 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും തുടര്‍ന്ന് 25000 പോയിന്റിനു ചുറ്റളവില്‍ ശക്തമായ പിന്തുണയുണ്ട്. അതിനു താഴേയ്ക്കു പോയാല്‍ 24800 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 70.03 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി ഇന്നലെ മികച്ചപ്രകടനമാണ് കാഴ്ച വച്ചത്. ബാങ്ക് നിഫ്റ്റി 249.55 പോയിന്റ് ച്ചെത്തോടെ 51689.15 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ബാങ്ക് നിഫ്റ്റി മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്. സ്വകാര്യ ബാങ്ക് ഓഹരികളാണ് ബാങ്ക് നിഫ്റ്റിക്കും തുണയായത്. ബാങ്ക് നിഫ്റ്റി പ്രതിവാര ക്ലോസിംഗ് ദിനംകൂടിയാണിന്ന്.
ബാങ്ക് നിഫ്റ്റി ഇന്നു ഇതേ മൊമന്റം നിലനിര്‍ത്തുകയാണെങ്കില്‍ 51880-52000 തലത്തിലേക്ക് എത്താനുള്ള സാധ്യതയേറെയാണ്. അടുത്ത റെസിസ്റ്റന്‍സ് 52200-52260 തലത്തിലാണ്.
മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51250 പോയിന്റില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 50900 പോയിന്റിലും 50730 പോയിന്റിലും പിന്തുണകിട്ടും.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 60.9 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടന്നിരിക്കുകയാണ്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 74.5 പോയിന്റ് താഴ്ന്നാണ്. താഴ്ന്ന ഓപ്പണിംഗ് പ്രതീക്ഷിക്കാം.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ 1.55 ശതമാനം ഇടിവോടെ 13.84ലെത്തി. തിങ്കളാഴ്ചയിത് 14.06 ആയിരുന്നു.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.2-ലേക്ക് ഇടിഞ്ഞു. തിങ്കളാഴ്ച 1.18 ആയി കുറഞ്ഞിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
ലേബര്‍ ദിനം പ്രമാണിച്ചുള്ള അവധിക്കുശേഷം തുറന്ന യുഎസ് ഓഹരി വിപണി കുത്തനെ ഇടിവോടെയാണ് ആരംഭിച്ചത്. ആഗോള സാമ്പത്തിക വളര്‍ച്ചാത്തോത് കുറയുന്നുവെന്ന ഭീതി വീണ്ടും പതിയെ വിപണിയിലേക്കു തിരിച്ചുവന്നതാണ് ഇടിവിനു കാരണം. പുതിയതായി എത്തിയ സാമ്പത്തിക കണക്കുകള്‍ ഇതിനെ ശരിവയ്ക്കുന്നതാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 626.15 പോയിന്റ് താഴ്ന്ന് 40936.93 പോയിന്റില്‍ ക്ലോസ് ചെയ്തു. വെള്ളിയാഴ്ചത്തെ റിക്കാര്‍ഡ് ക്ലോസിംഗില്‍ നിന്നാണ് ഈ വീഴ്ച. നിക്ഷേപകരുടെ ഇഷ്ട ഓഹരിയും ചിപ് ഉത്പാദകരുമായ എന്‍വഡിയ കുത്തനെയിടിഞ്ഞത് (9 ശതമാനത്തിലധികം) നാസ്ഡാക് സൂചികയില്‍ വന്‍ ഇടിവിനു കാരണമായി. നാസ്ഡാക് സൂചിക 577.33 പോയിന്റും എസ് ആന്‍ഡ് പി സൂചിക 119.47 പോയിന്റും ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം ചവുപ്പിലാണ് നീങ്ങുന്നത്.
യൂറോപ്യന്‍ വിപണി ഇന്നലെ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 65.38 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 457.17 പോയിന്റും സിഎസി ഫ്രാന്‍സ് 71.32 പോയിന്റും ജര്‍മന്‍ ഡാക്സ് 174.38 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം ചുവപ്പിലാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
ഇന്നലെ ഇന്നു രാവിലെ 45 പോയിന്റ് ഉയര്‍ച്ചയില്‍ ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി വ്യാപാരം അവസാനിപ്പിച്ചത് പതിനഞ്ചു പോയിന്റോളം താഴ്ന്നാണ്. അതേ സമയം ആഗോള വിപണികളുടെ ചുവടുപിടിച്ച് നിക്കി ഇന്നു രാവിലെ 550- ഓളം പോയിന്റ് താഴ്ന്നാണ് വ്യാപാരം തുടങ്ങിയത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 1405 പോയിന്റ് ഇടിഞ്ഞു നില്‍ക്കുകയാണ്.
കൊറിയന്‍ കോസ്പി 66.4 പോയിന്റു താഴ്ന്നു നില്‍ക്കുകയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 177.7 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 16.2 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
തുടര്‍ച്ചയായ രണ്ടാം ദിവസവും വിദേശനിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു.
വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 1029.25 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. അതായത് അവര്‍ 19444.04 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 18414.79 കോടി രൂപയുടെ വില്‍ക്കല്‍ നടത്തുകയും ചെയ്തു. സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ ഇതോടെ 2764.65 കോടി രൂപയായി
ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 1896.21 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. അതായത് അവര്‍ 11867.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 9971.07 കോടി രൂപയുടെ വില്‍ക്കല്‍ നടത്തുകയും ചെയ്തു. ഇതോടെ സെപ്റ്റംബറില്‍ അവരുടെ നെറ്റ് വാങ്ങല്‍ 2172.58 കോടി രൂപയുമായി ഉയര്‍ന്നു.
കമ്പനി വാര്‍ത്തകള്‍
ജിഐസി ഓഹരി വില്‍ക്കുന്നു: കേന്ദ്രസര്‍ക്കാര്‍ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ 6.78 ശതമാനം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ ( ഒഎഫ് എസ്) വഴി വില്‍ക്കാന്‍ തീരുമാനിച്ചു. ഇഷ്യുവില ഓഹരിയൊന്നിന് 395 രൂപയായിരിക്കും. ഇഷ്യുവഴി 4701 കോടി രൂപയാണ് സമാഹരിക്കുക. റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ള ഇഷ്യു വ്യാഴാഴ്ച ഓപ്പണ്‍ ചെയ്യും. ജിഐസി ഇന്നലെ 420.8 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഒഎന്‍ജിസി: രാജ്യത്തെ ഏറ്റവും ക്രൂയില്‍ പര്യവേക്ഷണ കമ്പനിയായ ഒഎന്‍ജിസി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ 70000 കോടി രൂപ മുതല്‍ മുടക്കി റിഫൈനറി സ്ഥാപിക്കും. സ്ഥാപിതശേഷി 90 ലക്ഷം ടണ്ണായിരിക്കും. ബിപിസിഎല്‍ ആയിരിക്കും ഒഎന്‍ജിസിക്കുവേണ്ടി റിഫൈനറി സ്ഥാപിക്കുക. ഇതിനായി ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ക്രൂഡോയില്‍ വില
ക്രൂഡോയില്‍ വില കുത്തനെയിടിഞ്ഞു. ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വില കുറഞ്ഞിട്ടുള്ളത്. ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകളും ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ നടപ്പാക്കിയ ഉത്പാദന വെട്ടിക്കുറയ്ക്കല്‍ നടപടി പിന്‍വലിച്ചു തുടങ്ങുമെന്ന വാര്‍ത്തയുമാണ് ക്രൂഡ് വിലയില്‍ ഇടിവുണ്ടാക്കിയത്. ചൈനീസ് മാനുഫാക്ചറിംഗ് പിഎംഐ തുടര്‍ച്ചയായ നാലാം മാസവും ചുരുക്കം കാണിച്ചതും ചൈനീസ് ഡിമാണ്ട് കുറയ്ക്കുമെന്നും വിലയിരുത്തുന്നു. ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്ന ലിബിയ ഉത്പാദനവും കയറ്റുമതിയും ഉടനേ പുനരാരംഭിക്കുമെന്ന വാര്‍ത്തയും ക്രൂഡോയില്‍ വിലയെ താഴോട്ടു നീക്കി.
ഇന്നലെ രാവിലെ ബ്രെന്റ് ക്രൂഡിന് ബാരലിന് 77.25 ഡോളറായിരുന്നത് വൈകുന്നേരമായപ്പോഴേയ്ക്കും 74.17 ഡോളറിലേക്ക് കുറഞ്ഞു. ഡബ്ള്യുടിഐ ക്രൂഡിന് 73.96 ഡോളറായിരുന്നത് വൈകുന്നേരം 70.72 ഡോളറിലേക്കും കുറഞ്ഞു.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 73.30 ഡോളറും ഡബ്ള്യുടിഐ ബാരലിന് 69.84 ഡോളറുമാണ്.
ക്രൂഡോയില്‍ വില കുറയുന്നത് ഈ മേഖലയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കുമെന്നും അതു ഭാവിയില്‍ എനര്‍ജി ദുരത്തിലേക്കു വഴിതെളിക്കുമെന്നു എക്സോണ്‍ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കും.
ഇന്ത്യന്‍ രൂപ ഇന്നലെ
ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ ഇന്നലെ അഞ്ചു പൈസയുടെ ഇടിവുണ്ടായി. ഡോളറിന് 83.96 രൂപയാണ് വില. തിങ്കളാഴ്ചയിത് 83.91 ആയിരുന്നു. സമീപകാലത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. ഇന്നലെ രൂപ നീ്ങ്ങിയത് 83.94- 83.98 റേഞ്ചിലാണ്. രാജ്യാന്തര ക്രൂഡോയില്‍ വില കുത്തനെയിടിഞ്ഞത് രൂപയുടെ കൂടുതല്‍ ഇടിവിനെ തടഞ്ഞുനിര്‍ത്തി. ഓഹരി വിപണിയിലേക്കും പണമെത്തി.
ഫെഡറല്‍ പലിശ നിരക്ക് വലിയതോതില്‍ വെട്ടിക്കുറയ്ക്കുകയില്ലെന്ന വിലയിരുത്തലും രൂപയുടെ കുത്തനെയുള്ള ഇടിവവ് തടയുവാന്‍ സഹായിച്ചു. രൂപ ഓഗസ്റ്റില്‍ 0.17 ശതമാനത്തോളം ഇടിവു കാണിച്ചു. ഏതാനും ആഴ്ചകളായി 83.7-84.05 റേഞ്ചിലാണ് രൂപയുടെ നീക്കം.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.