വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 03)
തിരുത്തലിന് ആഗ്രഹിക്കുന്ന വിപണി
യുഎസ് വിപണിയില്‍നിന്നുള്ള സൂചനകള്‍ പൊസീറ്റീവാണെങ്കിലും ആഭ്യന്തര വിപണി ഏതാണ്ട് ഓവര്‍ ബോട്ട് തലത്തില്‍ എത്തിയിരിക്കുകയാണ്. ലോക്സഭാ ഫലം പുറത്തുവന്ന ജൂണിലെ ക്ലോസിംഗില്‍നിന്നും 10 ശതമാനത്തിലേറെ ഉയര്‍ച്ച ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി നേടിയിരിക്കുകയാണ്. ദീര്‍ഘകാല അടിയൊഴുക്ക് ശക്തമാണെങ്കിലും ഒരു തിരുത്തലിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ചുരുക്കത്തില്‍ വിപണി അടുത്ത മുന്നേറ്റത്തിനു മുന്നോടിയായി ഒരു കണ്‍സോളിഡേഷനുള്ള ശ്രമത്തിലാണ്.
പോസീറ്റീവ് ബജറ്റും, യുഎസ് പലിശ നിരക്ക് കുറയ്ക്കലും, ഇന്ത്യന്‍ പണപ്പെരുപ്പത്തിലെ കുറവും പലിശ വെട്ടിക്കുറയ്ക്കലുമൊക്കെ വിപണിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള സംഭവങ്ങളാണ്. ഇവയില്‍ നല്ലൊരു പങ്കും വിപണി ഡിസ്‌കൗണ്ടു ചെയ്തിട്ടുണ്ട് എന്നതില്‍ സംശയമില്ല. അതിനാല്‍ ഇവയെല്ലാം ഹ്രസ്വകാല മുന്നേറ്റത്തിനു വഴി തെളിക്കുമെങ്കിലും തിരുത്തല്‍ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. തിരുത്തല്‍ മികച്ച മുന്നേറ്റത്തിനു വിപണിക്കു ഊര്‍ജം പകരും.
യുപിയിലെ ഹത്രാസില്‍ തിക്കിലും തെരക്കിലുംപെട്ട് 116 പേര്‍ മരിച്ച സംഭവം ഒരു ദേശീയ ദുരന്തമാണ്. ഇതും ഇന്നു വിപണിയുടെ സെന്റിമെന്റിനെ ബാധിച്ചേക്കാം.
വിപണി ഇന്നലെ
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ പുതിയ ഉയരത്തില്‍ (24236.35 പോയിന്റ് - ആദ്യമായാണ് 24200 പോയിന്റിനു മുകളിലെത്തുന്നത്) എത്തിയശേഷം നേരിയ തോതില്‍ കുറഞ്ഞ് ( 18.10 പോയിന്റ്) ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റി ക്ലോസിംഗ് 24123.85 പോയിന്റ്. എന്നാല്‍ തിങ്കളാഴ്ചത്തെ24141.5 പോയിന്റാണ് റിക്കാര്‍ഡ് ക്ലോസിംഗ്. നിഫ്റ്റി പുതിയ പ്രതിദിന ഉയരവും അതേപോലെ തന്നെ മെച്ചപ്പെട്ട പ്രതിദിന താഴ്ചയും രേഖപ്പെടുത്തി. വിപണിയുടെ ബുള്ളീഷ് മനോഭാവത്തിന് ഇനിയും ഉലച്ചില്‍ തട്ടിയിട്ടില്ല എന്നാണ് ഇതു കാണിക്കുന്നത്.
ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 34.74 പോയിന്റ് മെച്ചത്തോടെ 79441.45 പോയിന്റില്‍ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 443.46 പോയിന്റ് മെച്ചപ്പെട്ടിരുന്നു.
ഇന്നലെ 79561 പോയിന്റ് വരെ ഉയര്‍ന്നതിനുശേഷമാണ് നേരിയ തോതില്‍ താഴ്ന്നു ക്ലോസ് ചെയ്തിട്ടുള്ളത്.
ഐടി ഓഹരികളാണ് ഇന്നലെയും വിപണിക്കു കരുത്തായത്. ബാങ്കിംഗ്, ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത്കെയര്‍ തുടങ്ങിയവയെല്ലാം ഇന്നലെ താഴ്ചയിലായിരുന്നു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റിയുടെ പൊതുവായുള്ള മനോഭാവം പോസീറ്റീവാണെങ്കിലും ഇന്നലെ നേരിയ തോതില്‍ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇത് തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 23980-24000 പോയിന്റില്‍ ആദ്യ പിന്തുണ കിട്ടും. തുടര്‍ന്നും താഴേയ്ക്കാണെങ്കില്‍ 23700-23800 തലത്തിലും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിപണി മെച്ചപ്പെടുകയാണെങ്കില്‍ 24170 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം തുടര്‍ന്ന് 24237 പോയിന്റും 24415-24480 തലവും റെസിസ്റ്റന്‍സായി നിഫ്റ്റിക്കു മുന്നില്‍ നിലകൊള്ളും.
ഉയര്‍ന്ന തലത്തില്‍ ലാഭമെടുക്കാനുള്ള പ്രവണത കൂടിക്കൂടി വരികയാണ്. ഓരോ താഴ്ചയേയും നിക്ഷേപാവസരങ്ങളായി ഉപയോഗിക്കുകയെന്നതാണ് നിക്ഷേപകര്‍ക്കു ചെയ്യാനുള്ളത്.
പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 69.42 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്. ഇന്നലെ 2630 ഓഹരികള്‍ മെച്ചപ്പെട്ട് ക്ലോസ് ചെയ്തപ്പോള്‍ 1381 എണ്ണം ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
ബാങ്ക് നിഫ്റ്റി: ഉയര്‍ന്ന തലത്തില്‍ ബാങ്കിംഗ് ഓഹരികളില്‍ ലാഭമെടുപ്പ് വര്‍ധിക്കുകയാണ്. തിങ്കളാഴ്ച നേട്ടം പൂര്‍ണമായും ഇല്ലാതായി എന്നു മാത്രമല്ല ഇന്നലെ 406.65 പോയിന്റ് കുറഞ്ഞ് 52168.1 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്നലെത്തെ വ്യാപാരത്തില്‍ 831 പോയിന്റിന്റെ വ്യതിയാനമാണ് ബാങ്ക് നിഫ്റ്റിയിലുണ്ടായത്.
ഇന്നലെത്തെ മൊമന്റം തുടരുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 51900 പോയിന്റിനു ചുറ്റളവില്‍ പിന്തുണ ലഭിക്കും. താഴ്ചയ്ക്കു ശക്തികൂടിയാല്‍ 51700 പോയിന്റിലേക്കും 51100-51200 പോയിന്റിലേക്കും താഴാം.
ബാങ്ക് നിഫ്റ്റി മെച്ചപ്പെടുകയാണെങ്കില്‍ 52600-52800 പോയിന്റ് തലത്തില്‍ വില്‍പ്പന പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 53030 പോയിന്റിലും തുടര്‍ന്ന് 53180 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 62.17 ആണ്. ബു്ള്ളീഷ് മോഡിലാണെങ്കിലും നിക്ഷേപകര്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരികയാണ്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 20 പോയിന്റ് നേട്ടത്തിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് താഴേയ്ക്കു നീങ്ങുകയായിരുന്നു. ഒരുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ 24.5 പോയിന്റ് താഴ്ചയിലാണ്.താഴ്ന്നോ ഫ്ളാറ്റോ ആയ ഓപ്പണിംഗ് പ്രതീക്ഷിക്കാം. ഏഷ്യന്‍ ഫ്യൂച്ചേഴ്സ പോസീറ്റീവാണെങ്കിലും യുഎസ് ഫ്യൂച്ചേഴ്സ് താഴെയാണ്.
ഇന്ത്യന്‍ എഡിആറുകള്‍
ടെക്, ബാങ്കിംഗ് മേഖലയില്‍നിന്നുള്ള എഡിആറുകള്‍ ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇന്‍ഫോസിസ് 2.51 ശതമാനവും വിപ്രോ 3.72 ശതമാനവും മെച്ചപ്പെട്ടു. ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് 0.45 ശതമാനം കുറഞ്ഞപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 4.48 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.29 ശതമാനവും മേക്ക് മൈ ട്രിപ് 0.22 ശതമാനവും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ നേരിയ തോതില്‍ താഴ്ന്ന് ( 0.19 പോയിന്റ്) 13.64 പോയിന്റിലെത്തി. തിങ്കളാഴ്ചയിത് 13.83 ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.15 ലേക്ക് താഴ്ന്നു. കഴിഞ്ഞ തിങ്കാളാഴ്ചയിത് 1.21 പോയിന്റായിരുന്നു
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
പണപ്പെരുപ്പത്തോത് ലക്ഷ്യമിട്ടതുപോലെ കുറയുകയാണെന്നും എന്നാല്‍ പലിശ നിരക്ക് ഇപ്പോള്‍ കുറയ്ക്കുവാന്‍ കഴിയുകയില്ലെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സെന്‍ട്രല്‍ ബാങ്കിംഗ് ഫോറത്തില്‍ വ്യക്തമാക്കിയത് പോസീറ്റീവായി വിപണി എടുത്തു. പലിശ നിരക്ക് കുറയ്ക്കുവാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ പണപ്പെരുപ്പത്തോത് ലക്ഷ്യമിട്ടിരിക്കുന്ന രണ്ടു ശതാനത്തിലേക്ക് എത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. യുഎസ് ഓഹരി വിപണി സൂചികകളെല്ലാം പോസീറ്റീവായാണ് ഇന്നലെ ക്ലോസ് ചെയ്തത്. ജോബ് ഓപ്പണിംഗ് മെച്ചപ്പെട്ടതായി സര്‍വേ നല്‍കിയ സൂചികയും വിപണി പോസീറ്റീവായി എടുത്തു.സെപ്റ്റംബറില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന് പല വിദഗ്ധരും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
യുഎസ് ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ 149.46 പോയിന്റ് മെച്ചത്തോടെ 18028.8 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇതു റിക്കാര്‍ഡാണ്. എസ് ആന്‍ഡ് പി ആദ്യമായി 5500 പോയിന്റിനു മുകളിലെത്തി. വര്‍ധന 33.92 പോയിന്റ്. യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 162.33 പോയിന്റു നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. സ്വതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ജൂലൈ നാലിന് യുഎസ് വിപണികള്‍ക്ക് അവധിയാണ്. അന്നു വ്യാപാരമില്ല.
എന്നാല്‍ യൂറോപ്യന്‍ വിപണികള്‍ എല്ലാംതന്നെ ഇന്നലെ ചുവപ്പിലാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 45.56 പോയിന്റും സിഎസി ഫ്രാന്‍സ് 22.84 പോയിന്റും ജര്‍മന്‍ ഡാക്സ് 126.6 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 235.14 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
എന്നാല്‍ ആഗോള ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ് യുഎസ് ഫ്യൂച്ചേഴ്സ് ചുവപ്പില്‍ നീങ്ങുമ്പോള്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവാണ്.
ഏഷ്യന്‍ വിപണികള്‍
ചൊവ്വാഴ്ച 443.63 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്ത ജാപ്പിനീസ് നിക്കി ഇന്നു രാവിലെ 88 പോയിന്റ് നേട്ടത്തോടെയാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 251 പോയിന്റാണ് മെച്ചത്തിലാണ് നിക്കി നീങ്ങുന്നത്.
കൊറിയന്‍ കോസ്പി 16 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം തുടങ്ങിയത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ കോസ്പി 4 പോയിന്റ് താഴെയാണ്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 146 പോയിന്റു ഉയര്‍ന്നു നില്‍ക്കുകയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക നേരിയ താഴ്ചയിലാണ്. അതേസമയം നിക്കി ഫ്യൂച്ചേഴ്സ് 142 പോയിന്റും ഹാംഗ്സാംഗ് ഫ്യൂച്ചേഴ്സ് 38.5 പോയിന്റും മെച്ചത്തിലാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ജൂലൈയിലെ രണ്ടു വ്യാപാരദിനങ്ങള്‍ പിന്നിട്ടിപ്പോള്‍ വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ 2426.15 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തിയിട്ടുണ്ട്. ഇന്നലെ രണ്ടായിരം കോടി രൂപയുടെ നെറ്റ് വില്‍പ്പന അവര്‍ നടത്തി. അതേസമയം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 648 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. രണ്ടു ദിവസത്തെ നെറ്റ് വാങ്ങല്‍ 4565.68 കോടി രൂപയുടേതാണ്.
സാമ്പത്തിക വാര്‍ത്തകള്‍
കല്‍ക്കരി ഉത്പാദനം: രാജ്യത്തെ കല്‍ക്കരി ഉത്പാദനം ജൂണില്‍ 14.49 ശതമാനം വര്‍ധനയോടെ 84.63 ദശലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 73.92 ദശലക്ഷം ടണ്ണായിരുന്നു. ജൂണ്‍ 30-ന് കല്‍ക്കരി കമ്പനികളുടെ കൈവശമുള്ള കല്‍ക്കരിയുടെ അളവ് 95.02 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. രാജ്യത്തെ കല്‍ക്കരി ഉത്പാദനത്തിന്റെ 80 ശതമാനവും കോള്‍ ഇന്ത്യയുടേതാണ്.
മഴക്കുറവ് 4.5%: പടിഞ്ഞാറന്‍ മണ്‍സൂണ്‍ രണ്ടാം മാസത്തിലേക്കു കടക്കുമ്പോള്‍ മഴക്കമ്മി 4.5 ശതമാനമായി കുറഞ്ഞു. ഈ സമയത്തു ലഭിക്കേണ്ട ദീര്‍ഘകാലശരാശരിയായ 180.8 മില്ലീമീറ്ററിന്റെ സ്ഥാനത്ത് 172.6 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. മണ്‍സൂണിനെ ആശ്രയിച്ചു കൃഷിയിറക്കുന്ന പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. വിളവിറക്കല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലു ഊര്‍ജിതമായി മുന്നോട്ടു പോവുകയാണ്.
കമ്പനി വാര്‍ത്തകള്‍
അവന്യു സൂപ്പര്‍മാര്‍ട്ട്സ്: ഡിമാര്‍ട്ട് സ്റ്റോറുകള്‍ നടത്തുന്ന അവന്യ സൂപ്പര്‍മാര്‍ട്സ് ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 11584 കോടി രൂപ വരുമാനവും 563 കോടി രൂപ അറ്റാദായവും നേടി. വരുമാനത്തില്‍ 18 ശതമാനവും അറ്റാദായത്തില്‍ 22.4 ശതമാനവും വര്‍ധനയുണ്ടായി. കമ്പനികളുടെ സറ്റോറുകളുടെ എണ്ണം ജൂണില്‍ 371 ആയി ഉയര്‍ന്നു.
അലെയ്ഡ് ബ്ലെന്‍ഡേഴ്സ്: ഓഫീസേഴ്സ് ചോയിസ് വിസ്‌കി ഉത്പാദകരായ അലെയ്ഡ് ബ്ലെന്‍ഡേസ് ആന്‍ഡ് ഡിസ്റ്റലറീസിന്റെ ഓഹരികള്‍ 14 ശതമാനം പ്രീമിയത്തില്‍ 320 രൂപയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വില 281 രൂപയായിരുന്നു. ഇന്നലെ 324.8 രൂപ വരെ ഉയര്‍ന്ന ഓഹരി 317.8 രൂപയിലാണ് ക്ലോസ് ചെയ്തത്.
ക്രൂഡോയില്‍ വില
കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്ന ക്രൂഡ് വില അല്‍പ്പം കുറഞ്ഞിരിക്കുകയാണ്. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 83.04 ഡോളറാണ്. ഇന്നലെയത് 83.45 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നലെ രാവിലെ 86.51 ഡോളറാണ്. ഇന്നലെ രാവിലെ അത് 86.7 ഡോളറായിരുന്നു.
ഡോളര്‍- രൂപ വിനിമയനിരക്ക് ഇന്നലെ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. ഇന്നലെ ഡോളറിനെതിരേ 83.48 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. തലേദിവസമിത് 83.49 ആയിരുന്നു. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.