മൂല്യ നിര്‍ണയത്തില്‍ ആശങ്ക, ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • നിരക്കിളവിനെ കുറിച്ച് സംസാരിക്കാന്‍ സമയമായില്ലെന്ന് ഫെഡ് ബാങ്ക് ഓഫ് ന്യൂയോർക്ക് പ്രസിഡന്റ്
  • യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകള്‍ ഫ്ലാറ്റ്‍ലൈനില്‍ തുടര്‍ന്നു
  • ഗിഫ്റ്റ്‍ നിഫ്റ്റിയുടെ തുടക്കം ഫ്ലാറ്റ്‍ലൈനില്‍

Update: 2023-12-18 02:42 GMT

തുടര്‍ച്ചയായ ഏഴ് ആഴ്ചകളിലെ നേട്ടങ്ങള്‍ക്ക് ശേഷം പുതിയ വാരത്തില്‍ വിപണി തുറക്കുമ്പോള്‍ ഈ മുന്നേറ്റം തുടരുമോ എന്നതാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ബുള്ളിഷ് പ്രവണത വിപണിയുടെ അടിയൊഴുക്കായി നിലനില്‍ക്കുന്നു എങ്കിലും നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങുന്നതും ഉയര്‍ന്ന മൂല്യ നിര്‍ണയം നല്‍കുന്ന വെല്ലുവിളിയും ആശങ്കയായുണ്ട്. 

യുഎസ് ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് നീങ്ങുന്നു എന്ന് വ്യക്തമാക്കിയതിന്‍റെ ഫലമായി വെള്ളിയാഴ്ച സെന്‍സെക്സും നിഫ്റ്റിയും കുതിച്ചുയര്‍ന്ന് പുതിയ റെക്കോഡ് നിലകളിലെത്തി. സെൻസെക്‌സ് 969.55 പോയിന്റ് അഥവാ 1.37 ശതമാനം ഉയർന്ന് 71,483.75 ലും നിഫ്റ്റി 273.95 പോയിന്റ് അഥവാ 1.29 ശതമാനം ഉയർന്ന് 21,456.65 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ആദ്യമായി 48,000 എന്ന നാഴികക്കല്ല് പിന്നിട്ടു. 

ഉയര്‍ന്ന മൂല്യ നിര്‍ണയമാണ് ഇപ്പോള്‍ വിപണി അഭിമുഖീകരിക്കുന്ന പ്രധാന നെഗറ്റിവ് ഘടകം. പൊസിറ്റിവ് സൂചനകള്‍ തുടര്‍ച്ചയായി ലഭിച്ച പശ്ചാത്തലത്തില്‍ മൂല്യ നിര്‍ണയം പരിഗണിക്കാതെയുള്ള കുതിപ്പാണ് വിപണികളില്‍ കഴിഞ്ഞ ഏതാനും നാളുകളായി കാണുന്നത്. ഉയര്‍ന്ന മൂല്യ നിര്‍ണയത്തില്‍ ചില തിരുത്തലുകളിലേക്ക് വിപണി നീങ്ങിയേക്കാം എന്ന് വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,493 ലും തുടർന്ന് 21,554 ലും 21,652 ലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം ഉയര്‍ച്ചയുടെ സാഹചര്യത്തില്‍, 21,297 ലും തുടർന്ന് 21,236, 21,138 ലെവലുകളിലും പിന്തുണ എടുക്കാം.

ആഗോള വിപണികളില്‍ ഇന്ന്

യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഞായറാഴ്ച വ്യാപാരത്തില്‍ ഫ്ലാറ്റ്‍ലൈനിനു സമീപം തുടര്‍ന്നു ഡൗ ജോണ്‍സ് ഇന്‍റസ്ട്രിയല്‍ ആവറേജുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകള്‍ 34 പോയിന്റുകൾ അഥവാ 0.1 ശതമാനം കയറി. എസ് & പി 500 ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ വെറും 0.02% ഉയർന്നു.

വെള്ളിയാഴ്ച വ്യാപാരത്തില്‍ ഡൗ ജോൺസ് ഈ വര്‍ഷത്തെ പുതിയ റെക്കോഡ് ഉയരം കുറിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 56.81 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്നപ്പോള്‍ എസ് & പി 500 0.36 പോയിന്റ് അഥവാ 0.01 ശതമാനം നഷ്ടം രേഖപ്പെടുത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 52.36 പോയിന്റ്, അതായത് 30.13 ശതമാനം വർധിച്ചു. പലിശ നിരക്കിനെ കുറിച്ച് ഇപ്പോള്‍ പറയുന്നത് വളരേ നേരത്തേയാകുമെന്ന് ഫെഡ് ബാങ്ക് ഓഫ് ന്യൂയോർക്ക് പ്രസിഡന്റ് ജോൺ വില്യംസ് പറഞ്ഞത് വിപണിയിലെ ആവേശത്തെ അല്‍പ്പം തണുപ്പിച്ചിട്ടുണ്ട്. 

ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്,ഹോംഗ്കോംഗിലെ ഹാങ്സെങ്, ചൈനയിലെ ഷാങ്ഹായ്, ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്‍പി എന്നിവയെല്ലാം ചുവപ്പിലാണ്. 

ഗിഫ്റ്റ് നിഫ്റ്റി വെറും 4 പോയിന്‍റ് നേട്ടത്തോടെ ഏറക്കുറേ ഫ്ലാറ്റായാണ് വ്യാപാരം ആരംഭിച്ചത്. വിശാല വിപണി സൂചികകളുടെ തുടക്കവും ഫ്ലാറ്റായോ നേരിയ തലത്തില്‍ പോസിറ്റിവ് ആയോ ആകുമെന്ന് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ലുപിൻ: പുതിയ മരുന്ന് സംയുക്തങ്ങളുടെ പ്രയോഗത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ് എഫ്ഡിഎ) അംഗീകാരം ഫാർമ മേജറിന് ലഭിച്ചു. 

യുണൈറ്റഡ് സ്‍പിരിറ്റ്സ്: നിലവിലുള്ള ഒരു ആഭ്യന്തര ഇന്‍സ്‍റ്റിറ്റ്യൂഷ്‍ണല്‍ ഉപഭോക്താവില്‍ നിന്ന് 365.33 കോടി രൂപയുടെ ക്ലെയിം ലഭിച്ചു. ഉപഭോക്താവുമായി മുമ്പ് പൂർത്തിയാക്കിയ ഒരു സെറ്റിൽമെന്റുമായി ബന്ധപ്പെട്ടതാണ് ക്ലെയിം.  പുതിയ ക്ലെയിമിന്റെ സാമ്പത്തിക പ്രത്യാഘാതം നിർണ്ണയിക്കാൻ ഈ ഘട്ടത്തില്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. 

പിബി ഫിൻടെക്: പോളിസിബസാർ ഓപ്പറേറ്ററായ പിബി ഫിൻടെക്കിന്റെ 1,14,21,212 ഇക്വിറ്റി ഷെയറുകൾ സോഫ്റ്റ്‍ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള എസ്‍വിഎഫ് പൈതണ്‍ II ക്യാരിമാന്‍ പൊതുവിപണി ഇടപാടുകളിലൂടെ ഡിസംബർ 15-ന് വിറ്റു. ഒരു ഓഹരിക്ക് 800.05 രൂപ നിരക്കിലായിരുന്നു വില്‍പ്പന. മൊത്തം ഇടപാടിന്‍റെ മൂല്യം 75 കോടി രൂപ.

ടാറ്റ പവർ കമ്പനി: ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടാറ്റ പവർ സോളാർ സിസ്റ്റംസ്, രാജസ്ഥാനില്‍ എൻടിപിസിയുടെ നോഖ് സോളാർ പിവി പ്രോജക്റ്റിനായി 152 മെഗാവാട്ട് ഡിസിആർ സോളാർ പിവി മൊഡ്യൂളുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ഏകദേശം 418 കോടി രൂപയാണ് പദ്ധതിയുടെ ഓർഡർ മൂല്യം. 

ഐടിസി: ഐടിസിയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ തങ്ങള്‍ക്ക് കമ്പനിയിലുള്ള 29.02 ശതമാനം ഓഹരികൾ വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്ന് സൂചിപ്പിച്ചു.

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്: മൂന്ന് യൂണിറ്റ് 7,500 DWT മൾട്ടി പർപ്പസ് ഹൈബ്രിഡ് പവർ വെസലുകള്‍ നിർമിക്കുന്നതിന് ഒരു യൂറോപ്യൻ ക്ലയന്റുമായി കരാറിൽ ഒപ്പുവച്ചു. ഏകദേശം 42 മില്യൺ ഡോളറാണ് കരാറിന്റെ മൂല്യം.

മാൻകൈൻഡ് ഫാർമ: ആക്‌റ്റിമെഡ് തെറാപ്പിറ്റിക്‌സിൽ 1.29 ശതമാനം അധിക ഓഹരികൾക്കായി ഹെൽത്ത്‌കെയർ കമ്പനി 999,900 പൗണ്ട് നിക്ഷേപിച്ചു . ഈ നിക്ഷേപത്തിനു ശേഷം,ആക്‌റ്റിമെഡ്-ൽ കമ്പനിയുടെ മൊത്തം ഓഹരി പങ്കാളിത്തം 10.19 ശതമാനമായിരിക്കും. 

ക്രൂഡ് ഓയിലിന്‍റെ വില

റഷ്യയിൽ നിന്നുള്ള കുറഞ്ഞ കയറ്റുമതിയും ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണവും എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ഉയർത്തിയതോടെ, തിങ്കളാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണ വില ഏകദേശം 1% ഉയർന്നു.

 ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 69 സെൻറ് അഥവാ 0.9 ശതമാനം ഉയർന്ന് ബാരലിന് 77.24 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 65 സെൻറ് അഥവാ 0.9 ശതമാനം ഉയർന്ന് 72.08 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) 9,239.42 കോടി രൂപയുടെ അറ്റവാങ്ങല്‍ വെള്ളിയാഴ്ച ഓഹരികളില്‍ നടത്തി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐകൾ)  3,077.43 കോടി രൂപയുടെ വില്‍പ്പന നടത്തിയതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News