യുഎസ് ട്രഷറി ആദായവും ക്രൂഡും വീണ്ടും ഉയര്‍ന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ ബ്രെന്‍റ് ക്രൂഡ് 2 ഡോളര്‍ ഉയര്‍ന്നു
  • ഏഷ്യന്‍ ഓഹരിവിപണികളുടെ തുടക്കം പൊതുവില്‍ നെഗറ്റിവ്

Update: 2023-10-18 02:28 GMT

രണ്ട് സെഷനുകളിലെ ഇടിവിന് ശേഷം ഇന്നലെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചെങ്കിലും കരടികള്‍ വിപണിയില്‍ പിന്‍വലിഞ്ഞതായി പറയാറായിട്ടില്ലെന്ന് വിദഗ്ധര്‍. ഇന്നും വിപണികളില്‍ ചാഞ്ചാട്ടം പ്രകടമാകുന്നതിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇന്നലെ സെൻസെക്‌സ് 261.16 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 66,428.09 ലും നിഫ്റ്റി 79.70 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 19,811.50 ലും ക്ലോസ് ചെയ്തു.

യുഎസിലെ ട്രഷറി ആദായം ചൊവ്വാഴ്ച വീണ്ടും ഉയരത്തിലേക്ക് നീങ്ങി. ഇത് ഓഹരി വിപണി നിക്ഷേപകരില്‍ പലിശ നിരക്ക് സംബന്ധിച്ച ആശങ്ക വീണ്ടും കനപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന പലിശ നിരക്ക് ദീര്‍ഘകാരം തുടരുമോ എന്നതില്‍ വ്യക്തത ലഭിക്കാന്‍ അടുത്ത ദിവസം ഫെഡ് ചെയര്‍മാന്‍ ജെറോം പവ്വല്‍ നടത്തുന്ന പ്രസംഗത്തിലേക്ക് ശ്രദ്ധിക്കുകയാണ് നിക്ഷേപകര്‍.

ഇസ്രായേൽ-പലസ്തീന്‍ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്നതിനിടെ, യുഎസ് ക്രൂഡ് സ്റ്റോക്കുകളിൽ പ്രതീക്ഷിച്ചതിലും വലിയ ഇടിവ് കാണിച്ചത് ക്രൂഡ് വിലയെ ഉയര്‍ത്തിയിട്ടുണ്ട്, ബുധനാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണ വില ഏകദേശം 2 ഡോളര്‍ വർദ്ധിച്ചു.

ആഭ്യന്തര തലത്തില്‍ നിക്ഷേപകര്‍ രണ്ടാം പാദ വരുമാന പ്രഖ്യാപനങ്ങളിലും ശ്രദ്ധ വെക്കുകയാണ്. ഐടി മേഖലയുടെ ഫലങ്ങള്‍ അത്ര ആശാവഹമല്ലാത്ത സാഹചര്യമാണുള്ളത്. അതേസമയം എച്ച്ഡിഎഫ്‍സി ബാങ്കും, ഫെഡറല്‍ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയുമെല്ലാം മികച്ച ഫലങ്ങള്‍ പുറത്തുവിട്ടത് ബാങ്കിംഗ് ഓഹരികള്‍ക്ക് നേട്ടമായി. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും  

നിഫ്റ്റി 19,784-ലും തുടർന്ന് 19,767-ലും 19,738-ലും പിന്തുണ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,841 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,858ഉം 19,886ഉം.

ആഗോള വിപണികളി‍ല്‍ ഇന്ന്

മൂന്ന് പ്രധാന യുഎസ് ഓഹരി വിപണി സൂചികകളും ചൊവ്വാഴ്ചത്തെ സെഷനിൽ ഉടനീളം ചാഞ്ചാട്ടം പ്രകടമാക്കിയെങ്കിലും എസ് & പി 500ഉം ഡൗ ജോണ്‍സ് ഇന്‍റസ്ട്രിയല്‍ ആവറേജും ഫ്ളാറ്റ് ലൈനിലായിരുന്നു.  അതേസമയം പലിശ നിരക്കിനോട് സെൻസിറ്റീവായ മെഗാക്യാപ് സ്റ്റോക്കുകൾ നാസ്ഡാക്കിനെ താഴോട്ടു വലിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.04 ശതമാനം ഉയർന്നു. എസ് & പി 500  0.01 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 3.5 ശതമാനവും ഇടിഞ്ഞു.

ഏഷ്യ-പസഫിക് വിപണികള്‍ പൊതുവേ ഇന്ന് ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി തുടങ്ങിയവയെല്ലാം ഇടിവില്ലാണ്. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 

ഇന്ന് ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ആരംഭിച്ചിട്ടുള്ളത് 28 പോയിന്‍റ് നഷ്ടത്തോടെയാണ്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം ഇടിവിലായിരിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ബജാജ് ഫിനാൻസ്:  ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുടെ രണ്ടാം പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 28 ശതമാനം വർധന രേഖപ്പെടുത്തി 3,551 കോടി രൂപയായി. ഇതേ കാലയളവിൽ അറ്റ ​​പലിശ വരുമാനം 26 ശതമാനം വർധിച്ച് 8,845 കോടി രൂപയായി, ബുക്ക് ചെയ്ത പുതിയ വായ്പകളുടെ എണ്ണം 26 ശതമാനം ഉയർന്ന് 8.53 ദശലക്ഷമായി.

എൽ ആൻഡ് ടി ടെക്‌നോളജി സർവീസസ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഈ എഞ്ചിനീയറിംഗ് സർവീസസ് കമ്പനിയുടെ അറ്റാദായം 315.4 കോടി രൂപയായി, മുന്‍ പാദത്തെ അപേക്ഷിച്ച് 1.4 ശതമാനം വളർച്ച രേഖപ്പെടുത്തി. വരുമാനം മുന്‍പാദത്തില്‍ 3.7 ശതമാനം വർധിച്ച് 2,386.5 കോടി രൂപയിലെത്തി, ഡോളർ വരുമാനം 2.9 ശതമാനം ഉയർന്ന് 288.1 മില്യൺ ഡോളറിലെത്തി, സ്ഥിര കറൻസി മൂല്യത്തില്‍ വരുമാന വളർച്ച 3.2 ശതമാനമാണ്.

സെൻസർ ടെക്‌നോളജീസ്: രണ്ടാം പാദത്തില്‍ 173.9 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു, മുൻ പാദത്തെ അപേക്ഷിച്ച് 11.3 ശതമാനം വളർച്ച. എബിറ്റ് 3.5 ശതമാനം ഉയർന്ന് 194.4 കോടി രൂപയായി. എബിറ്റ് മാർജിൻ മുന്‍പാദത്തെ അപേക്ഷിച്ച് 40 ബിപിഎസ് ഉയര്‍ന്ന് 15.7 ശതമാനമായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുന്‍പാദത്തില്‍ നിന്ന് 1.1 ശതമാനം വർധിച്ച് 1,240.8 കോടി രൂപയായി.

ടാറ്റ എൽക്‌സി: ജൂലൈ-സെപ്റ്റംബർ കാലയളവിലെ അറ്റാദായം മുന്‍ പാദത്തില്‍ നിന്ന് 5.9 ശതമാനം വളർച്ച കൈവരിച്ച് 200 കോടി രൂപയായി. അതേ കാലയളവിൽ വരുമാനം 3.7 ശതമാനം വർധിച്ച് 881.7 കോടി രൂപയായി.

വിഎസ്‍ടി ഇൻഡസ്ട്രീസ്: ഹൈദരാബാദ് ആസ്ഥാനമായുള്ള സിഗരറ്റ് നിർമ്മാതാവിന്‍റെ അറ്റാദായം 17.6 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി 75.95 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 2.86 ശതമാനം വർധിച്ച് 452.3 കോടി രൂപയായി.

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്: ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി (ഐസിജി) 310 കോടി രൂപ ചെലവിൽ ഒരു പരിശീലന കപ്പൽ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ നിർമ്മാണ കമ്പനി പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിട്ടു.

ഹൗസിംഗ് & അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ: ഒക്‌ടോബർ 18-19 തീയതികളിൽ ഹഡ്‌കോയുടെ 7,00,66,500 ഇക്വിറ്റി ഷെയറുകൾ ഇന്ത്യാ ഗവൺമെന്‍റ് വിൽക്കും മൊത്തം പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെ 3.50 ശതമാനം ആണിത്.  7  ശതമാനം വരെ വിൽക്കാനുള്ള ഓപ്‌ഷനുമുണ്ട്. ഓഹരി ഒന്നിന് 79 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.

ക്രൂഡ് ഓയില്‍

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.62 ഡോളർ അഥവാ 1.8 ശതമാനം ഉയർന്ന് ബാരലിന് 91.49 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) ഫ്യൂച്ചറുകൾ 1.77 ഡോളർ അഥവാ 2 ശതമാനം ഉയർന്ന് ബാരലിന് 88.43 ഡോളറിലെത്തി. ഒക്ടോബർ 13 ന് അവസാനിച്ച ആഴ്ചയിൽ യുഎസ് ക്രൂഡ് സ്റ്റോക്ക് ഏകദേശം 4.4 ദശലക്ഷം ബാരൽ ഇടിഞ്ഞുവെന്ന് ചൊവ്വാഴ്ച അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അനലിസ്റ്റുകൾ പ്രവചിച്ച ഇടിവിനേക്കാള്‍ വളരേ ഉയര്‍ന്നതാണ് ഇത്. 

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരികളില്‍ 263.68 കോടി രൂപയുടെ അറ്റവാങ്ങലാണ് ഇന്നലെ നടത്തിയത്. അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 112.55 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെന്നു എൻഎസ്‌ഇ-യുടെ കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News