മോദി 3.0യ്ക്ക് കളമൊരുങ്ങി. ഈ വാരത്തില്‍ത്തന്നെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമല്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 292 അംഗങ്ങളുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. ബീഹറില്‍നിന്നുള്ള നിതീഷ് കുമാറിന്റേയും ആന്ധ്രയില്‍നിന്നുള്ള ചന്ദ്രബാബു നായിഡുവിന്റേയും പിന്തുണയോടെയുള്ള കൂട്ടികക്ഷി സര്‍ക്കാരിന് മോദി നേതൃത്വം നല്‍കുന്നത്. വകുപ്പു ഘടകക്ഷികളുടെ മന്ത്രിമാരുടെ എണ്ണവും വകുപ്പു വിഭജനവുമൊക്കെയാണ് ഇനി തലവേദനയായി എത്തുക. ആദ്യമായാണ് മോദി ഒരു കൂട്ടുകക്ഷി സര്‍ക്കാരിനു നേതൃത്വ നല്‍കുന്നതെന്നും ഓര്‍മിക്കണം. പഴയ പ്രതാപങ്ങളുടെ ആനുകൂല്യങ്ങളില്ലാതെ.
കാര്യമായ തടസങ്ങളില്ലാതെ മന്ത്രിസഭാ രൂപീകരണം സാധ്യമാകുമെന്ന വിലയിരുത്തലാണ് ഇന്നലെ വിപണിയിലെ വന്‍ തിരിച്ചുവരവിനു കളമൊരുക്കിയത്.
ഇന്ത്യന്‍ ഓഹരി വിപണി ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും യഥാക്രമം 3.36 ശതമാനവും 3.2 ശതമാനവും വീതം കുതിച്ചുയര്‍ന്നു. തെരഞ്ഞടുപ്പു ഫലം ദിവസത്തെ നഷ്ടം യഥാക്രമം 5.93 ശതമാനവും 5.74 ശതമാനവും വീതമായിരുന്നു. അതില്‍ പകുതിയിലധികം വീണ്ടെടുത്തിരിക്കുന്നു.
നിഫ്റ്റി ഇന്നലെ 735.85 പോയിന്റ് നേട്ടത്തോടെ 22620.35 പോയിന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ സെന്‍സെക്‌സ് 2303 പോയിന്റ് ഉയര്‍ച്ചയോടെ 74382 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 2126 പോയിന്റെ നേട്ടത്തോടെ 49000 പോയിന്റിനു മുകളിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
കേന്ദ്ര മന്ത്രിസഭയുടെ രൂപവും ഭാവവും വകുപ്പു വിഭജനവുമൊക്കെയായിരിക്കും തല്‍ക്കാലം വിപണിയുടെ ദിശ നിശ്ചയിക്കുക. തുടര്‍ന്ന് എത്തുന്ന ബജറ്റ് ആയിരിക്കും വിപണിയുടെ ദീര്‍ഘകാല ദിശയ്ക്ക് അടിത്തറയിടുക. അടുത്ത അഞ്ചുവര്‍ഷത്തെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിന്റേയും കാഴ്ചപ്പാടിന്റേയും നേര്‍കാഴ്്ചകള്‍ നിക്ഷേപകര്‍ വിപണിയില്‍ പ്രതീക്ഷിക്കുന്നു. ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ കാര്യങ്ങള്‍ ബജറ്റിലുണ്ടോയെന്നാണ് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ സസൂക്ഷ്മം വീക്ഷിക്കുക.
വിപണിക്ക് ഇനി അറിയേണ്ടത് വകുപ്പു വിഭജനത്തെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചുമാണ്. പ്രതിദിന വ്യാപാര റേഞ്ച് വലുതും സാധാരണയേക്കാള്‍ കൂടുതലുമാണ്. ദിവസങ്ങള്‍കൊണ്ടേ ഇതു സാധാരണ നിലയിലേക്കു തിരിച്ചുവരികയുള്ളു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിപണി പ്രതികരിക്കുന്നതാണ് കാരണം. എന്തായാലും ബജറ്റ് വരെ റേഞ്ച് ബൗണ്ട് സമീപനമായിരിക്കും വിപണിയുടേത്. 21700- 23200 താല്‍ക്കാലിക റേഞ്ചായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ആഗോള വിപണികള്‍, പ്രത്യേകിച്ചു യുഎസ് വിപണിയുടെ മികച്ച പ്രകടനം ( പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍), ഇന്ത്യന്‍ ജിഡിപി വളര്‍ച്ച, ഏഴിന് എത്തുന്ന റിസര്‍വ് ബാങ്ക് പണനയം, അടുത്തയാഴ്ച എത്തുന്ന പണപ്പെരുപ്പ കണക്കുകള്‍ തുടങ്ങിയവയെല്ലാം വിപണിയെ ഹൃസ്വകാലത്തില്‍ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. 23100-23200 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്.
വിപണി താഴേയ്്ക്കാണെങ്കില്‍ 22400-22500 തലത്തില്‍ പിന്തുണ കിട്ടും. ്അടുത്ത പിന്തുണ 21950-22050 നിലവാരത്തിലാണ്. 21700-21800 പോയിന്റ് നിലവാരത്തില്‍ നിഫ്റ്റിക്ക് ശക്തമായ പിന്തുണ ലഭിക്കും. അസാധാരണ സംഭവങ്ങള്‍ഉണ്ടായാല്‍ 21250 പോയിന്റിലേക്ക് എത്താം. എന്തായാലും ഗവണ്‍മെന്റ് സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തില്‍ അതിനു സാധ്യത കുറവാണ്.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ ബുള്ളീഷ് മോഡിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെയത് 51.23 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: 2024 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും വലിയ ഏകദിനനേട്ടമാണ് ബാങ്ക് നിഫ്റ്റി ഇ്ന്നലെ നേടിയത്. ബാങ്ക് നിഫ്റ്റി ഇന്നലെ 2126 പോയിന്റ് മെച്ചത്തോടെ 49054 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്്റ്റിയുടെ മുന്നേറ്റത്തിനു പിന്നിലെ പ്രധാന ശക്തി ഇന്നലെ ബാങ്കിംഗ് ഓഹരികളായിരുന്നു.
ഇന്നലെത്തെ മൊമന്റം തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റി ഇന്ന് 49500-49600 തലത്തില്‍ താല്‍ക്കാലിക റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 50000 പോയിന്റും തുടര്‍ന്ന് 50670 പോയിന്റും മുന്നോട്ടുള്ള പ്രയാണത്തിനു തടസമായി എത്തും.
ഇന്നലത്തെ ട്രെന്‍ഡിന് എതിരായാണ് നീക്കമെങ്കില്‍ താഴേയ്ക്കു പോവുകയാണെങ്കില്‍ 48300 പോയിന്റിലും തുടര്‍ന്ന് 47800 പോയിന്റിലും 47500 പോയിന്റിലും പിന്തുണ കിട്ടിയേക്കും.
ബാങ്ക് നിഫ്റ്റി ആര്‍ എസ് ഐ ഇന്നലെ 52.79 ആണ്. ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബാങ്ക് നിഫ്റ്റി.
തിരുത്തല്‍ അവസരമാക്കുക
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉയര്‍ത്തിയ പൊടിപടലത്തില്‍ വജ്രം തെരായമെന്നാണ് ആഗോള നിക്ഷേപകനായ മാര്‍ക്ക് മൊബീയൂസിന്റെ അഭിപ്രായം. പല നല്ല ഓഹരികളുടേയും വാല്വേഷന്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. നല്ല ഡിസ്‌കൗണ്ടില്‍ അതു വാങ്ങുവാനുള്ള അവസരമാണ് ഈ ഇടിവു കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാത്രവുമല്ല, വിപണിയിലെ ചാഞ്ചാട്ടത്തിനും ഗണ്യമായ ശമനം വന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 36 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. എന്നാല്‍ ഇന്നലെ ആഗോളവിപണികള്‍ എല്ലാം തന്നെ പോസീറ്റീവായാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഫ്യൂച്ചേഴ്ും പോസീറ്റീവാണ്. ജാപ്പനീസ് നിക്കി മികച്ച നേട്ടത്തോടെയാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
ഇന്ത്യ വിക്‌സ്
ഇന്ത്യന്‍ വിപണിയിലെ ചാഞ്ചാട്ടത്തിന് ശമനം വരികയാണ്.
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് ഇന്നലെ 18.88-ലാണ് ക്ലോസ് ചെയ്തത്.തെരഞ്ഞെടുപ്പു ഫലം വന്ന ദിവസമിത് 26.74 ആയിരുന്നു.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ മൂന്നിലെ 1.04-ല്‍നിന്ന് ഇന്നലെ 0.73 ആയി.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
യുഎസ്, യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവേ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് ഇന്നലെ 96.04 പോയിന്റ് മെച്ചത്തോടെ 38807 പോയിന്റിലെത്തി. എന്‍വിഡിയയുടെ ഉയര്‍ച്ചയും പലിശനിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വിപണികള്‍ക്ക് ഊര്‍ജമായത്. വെള്ളിയാഴ്ച ജോബ് ഡേറ്റ പുറത്തുവരുന്നുണ്ട്.
നാസ്ഡാക്ക് കോപോസിറ്റ് സൂചിക 330.86 പോയിന്റ് ഉയര്‍ച്ചയോടെ 17187.90 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡാണ്. എസ് ആന്‍ഡ് പി 500 62.69 പോയിന്റ് മെച്ചത്തോടെ റിക്കാര്‍ഡ് ക്ലോസിംഗായ 5354.03 പോയിന്റിലെത്തി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്‍നിരയിലുള്ള കമ്പനി പുതിയ ചിപ് പുറത്തിറക്കിയിരുന്നു. ഇതാണ് കമ്പനിയുടെ ഓഹരിക്ക് ഊര്‍ജം പകര്‍ന്നത് ഇന്നലെ 5.16 ശതമാനം മെച്ചത്തോടെ 1224.40 ഡോളറിലെത്തി. എന്‍വിഡിയയുടെ ഓഹരികള്‍ താമസിയാതെ 1500 ഡോളറിലേ്ക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തല്‍.
തൊഴില്‍ സൃഷ്ടി കുറഞ്ഞത് ഫെഡറല്‍ റിസര്‍വിനെ പലിശ നിരക്കു കുറയ്ക്കുന്നതിലേക്ക് എത്തിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
യൂറോപ്യന്‍ വിപണി സൂചികകള്‍ എല്ലാം ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ് ഇ യുകെ 14.91 പോയിന്റും സിഎസി ഫ്രാന്‍സ് 68.67 പോയിന്റും ഡാക്‌സ് ജര്‍മനി 170.3 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 231.82 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.
ഏഷ്യന്‍ വിപണികള്‍
ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇന്നു രാവിലെ 344 പോയിന്റ് ഉയര്‍ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 447 പോയിന്റ് മെച്ചത്തിലാണ് നില്‍ക്കുന്നത്. എന്നാല്‍ നിക്കി ഫ്യൂച്ചേഴ്‌സ് 52 പോയിന്റ് താഴെയാണ്.
ഹോങ്കോംഗ് ഹാംഗ്‌സെംഗ് 184.09 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് 4.04 പോയിന്റും മെച്ചപ്പെട്ടാണ് തുറന്നിട്ടുള്ളത്.
എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പനയിലേക്കു തിരിഞ്ഞു.തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷമുള്ള ആദ്യത്തെ വ്യപാരദിനത്തിലവര്‍ 5656.26 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണു നടത്തിയത്. ഇതോടെ ജൂണിലെ നെറ്റ് വില്‍പ്പന 11241.72 കോടി രൂപയുടേതായി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെക്കുറഞ്ഞ സീറ്റുകളുമായി ഭരണത്തില്‍ തിരിച്ചെത്തിയെങ്കിലും കാര്യങ്ങള്‍ പഴയതുപോലെ മുന്നോട്ടു പോകുകയില്ലെന്നതിന്റെ വിലയിരുത്തലാണ് അവരുടെ പിന്നില്‍. ധനകമ്മിയുടെ കാര്യത്തില്‍ കുറേക്കൂടി അയഞ്ഞ സമീപനം സ്വീകരിക്കുവാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ വിലയിരുത്തുന്നു.
അതേസമയം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ പതിവുപോലെ എഫ്‌ഐഐയുടെ വിരുദ്ധ സമീപനമാണ് എടുത്തിട്ടുള്ളത്. ഇന്നലെ 4555കോടി രൂപയുടെ നെറ്റ് വാങ്ങലാണ് അവര്‍ നടത്തിയത്. ഈ മാസത്തില്‍ അവരുടെ നെറ്റ് വാങ്ങല്‍ 3150.08 കോടി രൂപയുടേതായി. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസംമാത്രമാണ് അവര്‍ നെറ്റ് വില്‍പ്പനക്കാരായത്. എങ്കിലും വളരെ ജാഗ്രതയോടെയാണ് അവര്‍ വാങ്ങല്‍ നടത്തുന്നത്. നെറ്റ് വാങ്ങലിന്റെ തോത് കുറഞ്ഞിരിക്കുകയാണ്.
സാമ്പത്തിക വാര്‍ത്തകള്‍
നിലവിലെ സമ്പദ്ഘടനയിലെ വളര്‍ച്ചാ മൊമന്റം തുടരുവാന്‍ പുതിയ സര്‍ക്കാരിനു കഴിയുമെന്നാണ് സിഎന്‍എന്‍ വിലയിരുത്തുന്നത്. ചൈനയ്ക്കു ബദലായ മാനുഫാക്ചറിംഗ് കേന്ദ്രമായി മാറുവാനും ഇന്ത്യയ്ക്കു കഴിയും. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ ഇന്ത്യയുടെ അടിസ്ഥാന സമ്പദ്ഘടന വളരെ ശക്തമാണെന്നും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ ഊഷ്മളമാണെന്നും സിഎന്‍എന്‍ വിലയിരുത്തുന്നു.
ദുര്‍ബലമായ മോദി സര്‍ക്കാരിന് ധനകമ്മി പിടിച്ചുനിര്‍ത്താന്‍ വളരെ ബദ്ധപ്പെടേണ്ടി വരുമെന്നു ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പറയുന്നു. കുറഞ്ഞ ഭൂരിപക്ഷം സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വേഗം കുറയ്ക്കും. തെരഞ്ഞെടുപ്പു ജയിക്കാന്‍ സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കു ബെജെപിയും മാറും. 2026-ഓടെ ധനകമ്മി 4.5 ശതമാനമായി കുറയ്ക്കുവാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. നടപ്പുവര്‍ഷം 4.9 ശതമാനവും. ഇക്കഴിഞ്ഞ വര്‍ഷത്തിലിത് 5.6 ആയിരുന്നു. റിസര്‍വ് ബാങ്ക് നിര്‍ലോഭം നല്‍കിയ ലാഭവീതമാണ് ( 2.11 ലക്ഷം കോടി രൂപ) അനുമാനിച്ചിരുന്ന 5.8 ശതമാനത്തേക്കാള്‍ താഴ്ന്ന ധനകമ്മിയിലെത്താന്‍ സഹായിച്ചത്.
ക്രൂഡോയില്‍ വില
രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഡബ്‌ള്യു ടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 74.54 ഡോളറാണ്. ഇന്നലയത് 72.92 ഡോളറായിരുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നലത്തെ 77.52 ഡോളറില്‍നിന്ന് 78.77 ഡോളറായി ഉയര്‍ന്നു.
ഒപ്പെക് പ്ലസ് ഉത്പാദകരാജ്യങ്ങള്‍ എണ്ണയുത്പാദനം വെട്ടിക്കുറച്ച് നടപടി അടുത്തവര്‍ഷത്തോടെ നീ്ക്കം ചെയ്യുമെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് വില കുത്തനെയിടിഞ്ഞത്. ഇത് അധിക പ്രതികരണമാണെന്നു വിലയിരുത്തിയാണ് ഇന്നലെ വില ചെറിയ തോതില്‍ മെച്ചപ്പെട്ടത്.
ക്രൂഡ് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഇമ്പമുള്ള സാമ്പത്തിക വാര്‍ത്തകളിലൊന്നാണ്. പണപ്പെരുപ്പം സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ഇതു സഹായിക്കും.
രൂപ ഡോളറിനെതിരേ നേരിയ തോതില്‍ മെച്ചപ്പെട്ടാണ് ബുധനാഴ്ച ക്ലോസ് ചെയ്തിട്ടുള്ളത്. ഒരു ഡോളറിന് 83.37 രൂപ നല്‍കിയാല്‍ മതി. തലേദിവസമിത് 83.57 രൂപയായിരുന്നു. രൂപ ശക്തമാകുന്നത് എണ്ണ ഇറക്കുമതിച്ചെലവു കുറയ്ക്കും.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.