കുതിപ്പ് തുടർന്ന് വിപണി; റെക്കോർഡ് നേട്ടത്തിൽ സൂചികകൾ
- യുഎസ് വിപണികളിലും റെക്കോർഡ് നേട്ടങ്ങൾ കണ്ടു
- നിഫ്റ്റി എനർജി 0.7 ശതമാനം ഉയർന്നു
- ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 80.12 ഡോളറിലെത്തി
കുതിപ്പോടെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും സെൻസെക്സും പുതിയ ഉയരങ്ങളിലെത്തി. ഏഷ്യൻ വിപണികളിലെ നേട്ടത്തിലുള്ള വ്യാപാരം വിപണിക്ക് കരുത്തേകി. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകളെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചു. യുഎസ് വിപണികളിലും റെക്കോർഡ് നേട്ടങ്ങൾ കണ്ടു.ഡൗ പുതിയ ഉയരത്തിലെത്തി. എസ് ആൻ്റ് പി 500 ജൂലൈയിലെ ഏറ്റവും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. നാസ്ഡാക്ക് മാത്രമാണ് നഷ്ടത്തിലായത്.
സെൻസെക്സ് 502.42 പോയിൻ്റ് ഉയർന്ന് 82,637.03 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റിലെത്തി. നിഫ്റ്റി 105.7 പോയിൻ്റ് ഉയർന്ന് 25,257.65 എന്ന പുതിയ റെക്കോർഡിലെത്തി.
സെൻസെക്സിൽ ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടൈറ്റൻ, ബജാജ് ഫിനാൻസ്, എൻടിപിസി, പവർ ഗ്രിഡ്, ഏഷ്യൻ പെയിൻ്റ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്‌സും സൺ ഫാർമയുമാണ് നഷ്ടം നൽകിയത്.
സെക്ടറുകളിൽ, ലോധ, പ്രസ്റ്റീജ് റിയൽ എസ്റ്റേറ്റ്സ്, ഡിഎൽഎഫ് എന്നിവയിലെ കുതിപ്പിൽ നിഫ്റ്റി റിയൽറ്റി നാട്ടത്തിലെത്തി. ഏകദേശം ഒരു ശതമാനം ഉയർന്നു. റിലയൻസ്, കോൾ ഇന്ത്യ, എൻടിപിസി എന്നിവയുടെ നേട്ടത്തിൻ്റെ പിൻബലത്തിൽ നിഫ്റ്റി എനർജി 0.7 ശതമാനം ഉയർന്നു.
മിഡ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4 ശതമാനവും 0.5 ശതമാനവും നേട്ടമുണ്ടാക്കി. ഇന്ത്യ വിക്‌സ് 0.1 ശതമാനം കുറഞ്ഞ് 13.7 എത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് നേട്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ സമ്മിശ്രമായാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 3,259.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര സ്ഥാപന നിക്ഷേപകരും 2,690.85 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് അര ശതമാനം താഴ്ന്ന് 2546 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 80.12 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 83.82ൽ എത്തി.