പുതിയ കാരാർ നേടി സുസ്ലോൺ; കുതിച്ചുയർന്ന് ഓഹരികൾ
- മൂന്നു മെഗാവാട്ട് വീതമുള്ള 134 വിൻഡ് ടർബൈൻ ജനറേറ്ററുകൾ സുസ്ലോൺ സ്ഥാപിക്കും
- പദ്ധതി വഴി 3.31 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകും
- കഴിഞ്ഞ വർഷം സുസ്ലോൺ ഓഹരികൾ ഉയർന്നത് 400 ശതമാനത്തോളമാണ്
പുതിയ കരാർ നേടിയതിനെ തുടർന്ന് സുസ്ലോൺ എനർജി ഓഹരികൾ കുതിപ്പിലായിരുന്നു. ജുനൈപ്പർ ഗ്രീൻ എനർജിക്കായി 402 മെഗാവാട്ട് വിൻഡ് എനർജി പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനുള്ള ഓർഡറാണ് കമ്പനി നേടിയത്. ആദ്യഘട്ട വ്യപാരം മുതൽ നേട്ടം തുടർന്ന ഓഹരികൾ അപ്പർ സർക്യൂട്ടിലെത്തി.
മൂന്നു മെഗാവാട്ട് വീതമുള്ള 134 വിൻഡ് ടർബൈൻ ജനറേറ്ററുകൾ (WTGs) സുസ്ലോൺ സ്ഥാപിക്കും. ഇത് മൊത്തം 402 മെഗാവാട്ടായി ഉയർത്തും. ഈ പദ്ധതി വഴി 3.31 ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാനും പ്രതിവർഷം 13.07 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാനും കഴിയും. രാജസ്ഥാനിലെ ഫത്തേഗഡിലുള്ള ഒരു സ്ഥലത്ത് പദ്ധതി സ്ഥാപിക്കാനാണ് സുസ്ലോൺ നിർദ്ദേശിച്ചിരിക്കുന്നത്.
കാറ്റാടി യന്ത്രങ്ങൾ വിതരണം, നിര്‍മ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവ ഉൾപ്പെടുന്ന പദ്ധതിയാണിത്. കമ്മീഷനിംഗിന് ശേഷം സമഗ്രമായ പ്രവർത്തനങ്ങളും പരിപാലന സേവനങ്ങളും സുസ്ലോൺ ഏറ്റെടുക്കും.
രാജസ്ഥാനിൽ കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് സുസ്ലോൺ ഗ്രൂപ്പ് വൈസ് ചെയർമാൻ ഗിരീഷ് തന്തി പറഞ്ഞു. ഈ പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തെ ജനങ്ങളെ ഹരിത ഊർജത്തിലൂടെ സേവിക്കാനുള്ള രാജസ്ഥാൻ സർക്കാരിൻ്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ സഹായികുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ലോണിന് അവസാനമായി ലഭിച്ച കരാർ ജൂണിപ്പർ ഗ്രീൻ എനർജിയുടേതാണ്. ഗുജറാത്തിലെ ദ്വാരകയിൽ 72.45 മെഗാവാട്ട് വിൻഡ് പവർ പ്രോജക്റ്റ് വികസിപ്പിക്കുന്നതിന് വേണ്ടിയായിരുന്നത്.
കഴിഞ്ഞ വർഷം സുസ്ലോൺ ഓഹരികൾ ഉയർന്നത് 400 ശതമാനത്തോളമാണ്. നടപ്പ് വർഷം ഇതുവരെ ഓഹരികൾ നൽകിയത് 20 ശതമാനം നേട്ടമാണ്.
സുസ്ലോൺ ഓഹരികൾ എൻഎസ്ഇയിൽ 4.65 ശതമാനം ഉയർന്ന് 46.10 രൂപയിലെത്തി.