കുതിച്ചുയർന്ന് ആഭ്യന്തര വിപണി; താങ്ങായത് റിയൽറ്റി, എനർജി ഓഹരികൾ

  • സെക്ടറൽ സൂചികയിൽ നിഫ്റ്റി റിയൽറ്റി, എനർജി, ഓട്ടോ നേട്ടത്തിലാണ്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.34 ലെത്തി
  • സ്‌മോൾ ക്യാപ് ഓഹരികൾ കുതിച്ചുയർന്നു

Update: 2024-03-27 05:00 GMT

ഇടിവിലായിരുന്ന ആഭ്യന്തര സൂചികകൾ ആദ്യഘട്ട വ്യാപാരത്തിൽ കുതിച്ചുയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി ഓഹരികളുടെ കുതിപ്പ് വിപണിക്ക് താങ്ങായി. സെൻസെക്‌സ് 270.18 പോയിൻ്റ് ഉയർന്ന് 72,740.48 ലും നിഫ്റ്റി 87.35 പോയിൻ്റ് ഉയർന്ന് 22,092.05 ലുമാണ് വ്യാപരം ആരംഭിച്ചത്.

നിഫ്റ്റിയിൽ റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, വിപ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

സെക്ടറൽ സൂചികയിൽ നിഫ്റ്റി റിയൽറ്റി, എനർജി, ഓട്ടോ നേട്ടത്തിലാണ്. സ്‌മോൾ ക്യാപ് ഓഹരികൾ കുതിച്ചുയർന്നു.

ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടത്തിലാണ്. സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം തുടരുന്നു. ചൊവ്വാഴ്ച യു എസ് വിപണികൾ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥാപങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 10.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.90 ശതമാനം ഇടിഞ്ഞ് ബാരലിന് 85.47 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.02 ശതമാനം താഴ്ന്ന് 2176.70 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.34 ലെത്തി.

“നിക്ഷേപകരുടെ ശ്രദ്ധ ഇപ്പോൾ പ്രധാന സാമ്പത്തിക ഡാറ്റയിലേക്കും വരാനിരിക്കുന്ന വരുമാന സീസണിലേക്കും തിരിഞ്ഞിരിക്കുന്നു. നിഫ്റ്റിയുടെ അടുത്ത ഉയർച്ചയ്ക്കുള്ള സാധ്യതകൾ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലിനെയും ആഗോള വിപണിയെ ആശ്രയിച്ചുമാണ്. എഫ് ആൻഡ് ഒ കാലഹരണപ്പെടുന്നതിന് മുമ്പായുള്ള ഈ ദിവസങ്ങളിൽ അസ്ഥിരത തുടർന്നേക്കാമെന്നും," മേത്ത ഇക്വിറ്റീസ് ലിമിറ്റഡിൻ്റെ സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ പറഞ്ഞു.

സെൻസെക്സ്  361.64 പോയിൻ്റ് അല്ലെങ്കിൽ 0.50 ശതമാനം ഇടിഞ്ഞ് 72,470.30 ലും നിഫ്റ്റി 92.05 പോയിൻ്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 22,004.70 ലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.

Tags:    

Similar News