അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ സെൻസെക്‌സ് 53 പോയിൻ്റ് ഇടിഞ്ഞു; നിഫ്റ്റി 27 പോയിൻ്റ് ഉയർന്നു
- റെക്കോർഡുകൾ താണ്ടി മിഡ്-സ്‌മോൾ ക്യാപ് സൂചികകൾ
- ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം 5 ട്രില്യൺ ഡോളർ തൊട്ടു
- ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.31 ലെത്തി
അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ സെൻസെക്‌സ് 53 പോയിൻ്റ് ഇടിഞ്ഞു. നിഫ്റ്റി 27 പോയിന്റ് ഉയർന്നാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ, യൂറോപ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ പ്രവണതകൾ വിപണിയെ വലച്ചു . വിദേശ നിക്ഷേപകരുടെ വില്പന സൂചികകൾ തളർത്തി.
സെൻസെക്സ് 52.63 പോയിൻ്റ് അഥാവാ 0.07 ശതമാനം ഇടിഞ്ഞ് 73,953.31 ലും നിഫ്റ്റി 27.05 പോയിൻറ് അഥവാ 0.12 ശതമാനം ഉയർന്ന് 22,529.05 ലുമാണ് ക്ലോസ് ചെയ്തത്.
ഇന്നത്തെ വ്യാപാരത്തിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂല്യം 5 ട്രില്യൺ ഡോളർ തൊട്ടു.
നിഫ്റ്റിയിൽ ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എൽ ആൻഡ് ടി, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, പവർ ഗ്രിഡ് എന്നീ ഓഹരികൾ ഇടിഞ്ഞു.
റെക്കോർഡുകൾ താണ്ടി മിഡ്-സ്‌മോൾ ക്യാപ് സൂചികകൾ
ഇന്നത്തെ വ്യാപാരത്തിൽ മിഡ്, സ്മോൾക്യാപ് സൂചികകൾ പുതിയ ഉയരങ്ങളാണ് താണ്ടിയത്. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക വ്യാപാരമധ്യേ എക്കാലത്തെയും ഉയർന്ന നിലയായ 43,223.69 ലെത്തി. സൂചിക 0.34 ശതമാനം ഉയർന്ന് 43,191.88 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ സ്മോൾക്യാപ് സൂചിക 48099.29 എന്ന പുതിയ റെക്കോർഡ് താണ്ടിയെങ്കിലും നേട്ടം നിലനിർത്താനായില്ല. സൂചിക 0.18 ശതമാനം നഷ്ടത്തോടെ 47,873.56 ൽ ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ 3.88 ശതമാനം ഉയർന്ന് മികച്ച നേട്ടം കൈവരിച്ചു. നിഫ്റ്റി പിഎസ്‌യു ബാങ്ക്, മീഡിയ സൂചികകൾ യഥാക്രമം 1.51 ശതമാനവും 1.25 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക് 0.31 ശതമാനം ഇടിഞ്ഞപ്പോൾ പ്രൈവറ്റ് ബാങ്ക് സൂചിക 0.59 ശതമാനം നഷ്ടം നേരിട്ടു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം അവസനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നിലവിൽ ചുവപ്പിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ ക്ലോസ് ചെയ്തത് നേട്ടത്തിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ശനിയാഴ്ച 92.95 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.55 ശതമാനം ഇടിഞ്ഞ് ബാരലിന് 83.25 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.80 ശതമാനം താഴ്ന്ന് 2420 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.31 ലെത്തി.
ശനിയാഴ്ചത്തെ പ്രത്യേക വ്യാപാരത്തിൽ സെൻസെക്സ് 88.91 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 74,005.94 ലും നിഫ്റ്റി 35.90 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 22,502 ലുമാണ് ക്ലോസ് ചെയ്തത്.
മുംബൈയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിങ്കളാഴ്ച വിപണികൾക്ക് അവധിയായിരുന്നു.