നിറം മങ്ങി ദലാൽ തെരുവ്; 22,500 കൈവിട്ട് നിഫ്റ്റി
- അധികരിച്ച് വന്ന ലാഭമെടുപ്പ് വിപണിയെ തളർത്തി
- നിഫ്റ്റിയിലെ 50 ഓഹരികളിൽ 40 എണ്ണവും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്
- അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 24ൽ തുടരുന്നു
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്. അധികരിച്ച് വന്ന ലാഭമെടുപ്പ് വിപണിയെ തളർത്തി. തിരഞ്ഞെടുപ്പ് അനിശ്ചിതത്വം വിപണിയിൽ തുടരുന്നത് ഇടിവിന് കാരണമായി. മെയ് മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ എക്സ്പയറിയും സൂചികകൾക്ക് വിനയായി. തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതുവരെ അസ്ഥിരത ഉയർന്ന നിലയിൽ തുടരുമെന്ന് വിപണി വിദഗ്ധർ പറഞ്ഞു. ദുർബലമായ ആഗോള സൂചനകൾ, യുഎസ് ബോണ്ട് യീൽഡുകളുടെ വർദ്ധനവ്, ആഗോള സംഘർഷങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങളും വിപണിയെ ഇടിവിലേക്ക് നയിച്ചു.
സെൻസെക്‌സ് 617 പോയിൻ്റ് അഥവാ 0.83 ശതമാനം താഴ്ന്ന് 73,885.60 ലും നിഫ്റ്റി 216 പോയിൻ്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 22,488.65 ലും ക്ലോസ് ചെയ്തു.
നിഫ്റ്റിയിലെ 50 ഓഹരികളിൽ 40 എണ്ണവും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ഗ്രാസിം ഇൻഡസ്‌ട്രീസ്, ബജാജ് ഫിൻസെർവ്, വിപ്രോ തുടങ്ങിയ ഓഹരികളാ ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
ബിഎസ്ഇ സ്മോൾക്യാപ് 1.33 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് 1.21 ശതമാനവും ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്കും മീഡിയയും ഒഴികെയുള്ള എല്ലാ സൂചികകളും ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ സൂചിക 3 ശതമാനത്തിലധികം നഷ്ടം നൽകി. നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലധികം താഴ്ന്നു. നിഫ്റ്റി ഹെൽത്ത്‌കെയർ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ഓട്ടോ സൂചികകൾ 1 ശതമാനത്തിലധികം ഇടിഞ്ഞു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്ത വിപണി മൂല്യം മുൻ സെഷനിലെ 415.1 ലക്ഷം കോടി രൂപയിൽ നിന്ന് 410.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഇത് നിക്ഷേപകർക്ക് ഒറ്റ സെഷനിൽ നൽകിയത് 4.4 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്.
അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 24ൽ തുടരുന്നു.
ആഗോള വിപണികൾ
പാൻ-യൂറോപ്യൻ STOXX 600 0.2 ശതമാനത്തോളം ഉയർന്നു, ബുധനാഴ്ച സൂചിക ഒരു ശതമതിലധികം ഇടിഞ്ഞിരുന്നു. ജർമ്മനിയുടെ DAX, ഫ്രാൻസിൻ്റെ CAC, ബ്രിട്ടൻ്റെ FTSE 100 എന്നിവ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ ഷാങ് ഹായ്, ഓസ്ട്രേലിയ അര ശതമാനത്തോളം ഇടിഞ്ഞു. ഹാംഗ് സെങ്, ജപ്പാന്റെ നിക്കെ, സൗത്ത് കൊറിയയുടെ കോസ്‌പി ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ട്രഷറി യീൽഡുകളുടെ വർദ്ധനവും ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള അനിശ്ചിതത്വവും കാരണം യുഎസ് വിപണികൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.
സ്വർണം ട്രോയ് ഔൺസിന് 0.34 ശതമാനം താഴ്ന്ന് 2356 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ ഇടിവിൽ 83.27 ലെത്തി. ബ്രെൻ്റ് ക്രൂഡ് ബാരലിന് 0.4 ശതമാനം 83.24 ഡോളറിലെത്തി.