ഈ റെയിൽവേ ഓഹരി ആറ് സെഷനുകളിലായി ഉയർന്നത് 25%; നിങ്ങളുടെ പക്കലുണ്ടോ ?
- വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 88 ശതമാനമാണ്
- കമ്പനിയുടെ അറ്റാദായം 33 ശതമാനം വർധിച്ച് 478.6 കോടി രൂപയായി
- ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയിലെത്തി
ആദ്യഘട്ട വ്യാപാരം മുതൽ കുതിപ്പ് തുടങ്ങിയ റെയിൽ വികാസ് നിഗം ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയിലെത്തി. പതിനാല് ശതമാനത്തിലധികം ഉയർന്ന ഓഹരികൾ 339.70 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 345.90 രൂപയും താഴ്ന്ന വില 110.60 രൂപയുമാണ്.
വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 88 ശതമാനമാണ്. കഴിഞ്ഞ 12 മാസങ്ങളിൽ ഓഹരികൾ ഏകദേശം മൂന്നിരട്ടിയോളം ഉയർന്നു. കഴിഞ്ഞ വർഷം ഓഹരികൾ നൽകിയത് 166 ശതമാനം നേട്ടമാണ്. മാർച്ച് പാദത്തിലെ കണക്കനുസരിച്ച് സർക്കാരിന് 72.84 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.
പൊതു മേഖല സ്ഥാപനത്തിന് തിങ്കളാഴ്ച 3,000 എംടി ലോഡിംഗ് ലക്ഷ്യം കൈവരിക്കുന്നതിന് സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ നിന്ന് ലെറ്റർ ഓഫ് അക്സെപ്റ്റൻസ് (LoA) ലഭിച്ചു. ഖരഗ്പൂർ ഡിവിഷനിൽ ഇലക്ട്രിക് ട്രാക്ഷൻ സിസ്റ്റം 1x25 കെവിയിൽ നിന്ന് 2x25 കെവി ട്രാക്ഷനിലേക്ക് മാറ്റുന്നതിനായി 148.26 കോടി രൂപയുടെ ചിലവ് വരുന്ന പദ്ധതിയാണിത്. രൂപകൽപ്പന, വിതരണം, പരിശോധന, നവീകരണം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
മികച്ച നാലാം പാദ ഫലങ്ങളാണ് ആർവിഎൻഎൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. കമ്പനിയുടെ വരുമാന വളർച്ച കഴിഞ്ഞ വർഷത്തിൽ നിന്ന് 6,714 കോടി രൂപയായി ഉയർന്നു. മാർജിൻ കഴിഞ്ഞ വർഷത്തെ 6.6 ശതമാനത്തിൽ നിന്ന് 0.20 ശതമാനം ഉയർന്ന് 6.8 ശതമാനത്തിലെത്തി. ഈ കാലയളവിലെ കമ്പനിയുടെ അറ്റാദായം 33 ശതമാനം വർധിച്ച് 478.6 കോടി രൂപയായി. കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 85,000 കോടി രൂപയാണ്. ഇതിൽ 40,000 കോടി ബിഡ് വിഭാഗത്തിലും 45,000 കോടി നോമിനേഷൻ വിഭാഗത്തിലുമാണ്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 21,889 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
കമ്പനിക്ക് ലഭിച്ച ചില പ്രോജക്ടുകളുടെ മാർജിൻ നിലവിലുള്ള പ്രൊജെക്ടുകളെക്കാൾ ഉയർന്നതാണെന്നു മാനേജ്‌മന്റ് വ്യക്തമാക്കിയത് ഓഹരിയുടെ കുതിപ്പിന് മറ്റൊരു കാരണമാണ്. മാലിദ്വീപ് പ്രോജക്റ്റിൽ നിന്ന് 11 ശതമാനം മാർജിനും ഇൻഡോർ മെട്രോ പ്രോജെക്ടിൽ നിന്നും 10.66 ശതമാനം മാർജിനും ലഭിച്ചതായി കമ്പനി അറിയിച്ചു.
നിലവിൽ ആർവിഎൻഎൽ ഓഹരികൾ എൻഎസ്ഇ യിൽ 13.35 ശതമാനം ഉയർന്ന് 339.70 രൂപയിൽ വ്യാപാരം തുടരുന്നു.