സേവന മേഖല മികച്ച വളര്‍ച്ച തുടരുന്നു, ഫെഡ് പലിശ കുറയുമെന്ന പ്രതീക്ഷ കൂടി; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • യുഎസിലെ പുതിയ തൊഴിലുകള്‍ 2021 തുടക്കത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
  • ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചു

Update: 2023-12-06 02:24 GMT

തുടര്‍ച്ചയായ റാലിയില്‍ നിന്നുള്ള ചില ലാഭമെടുക്കലുകള്‍ ഇന്നലെ കണ്ടെങ്കിലും ശക്തമായ പോസിറ്റിവ് പ്രവണത തുടര്‍ന്ന വിപണികള്‍ മികച്ച നേട്ടം സ്വന്തമാക്കി. ബിഎസ്ഇ സെൻസെക്‌സ് 431 പോയിന്റ് ഉയർന്ന് 69,296ലും നിഫ്റ്റി 168 പോയിന്റ് ഉയർന്ന് 20,855ലും എത്തി. അനുകൂലമായ ആഭ്യന്തര, ആഗോള ഡാറ്റകളുടെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തിന്‍റെയും പശ്ചാത്തലത്തില്‍ നടക്കുന്ന റാലി ആറു ദിവസം പിന്നിട്ടിരിക്കുകയാണ്. 

അമിത വാങ്ങലിലേക്ക് വിപണി എത്തിയിട്ടുണ്ടെന്നാണ് പ്രതിദിന ചാര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, എങ്കിലും മുകളിലേക്കുള്ള പ്രവണത കാണിക്കുന്നത് തുടരുകയാണ്. 

പുറത്തുവന്ന ഡാറ്റകള്‍

ഇന്ന് ആഗോളതലത്തില്‍ നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രധാനഘടകം യുഎസിന്‍റെ തൊഴില്‍ ഡാറ്റയാണ്. 2021 തുടക്കം മുതലുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഒക്റ്റോബറിലെ പുതിയ തൊഴിലുകളുടെ എണ്ണം താഴ്ന്നു. പലിശ നിരക്ക് ഉയരുന്നതിന്‍റെയും ഡിമാന്‍റ് മന്ദഗതിയിലാകുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് കമ്പനികള്‍ നിയമനം കുറയ്ക്കുന്നത്. ഇത് യുഎസ് ഫെഡ് റിസര്‍വ് അധികം വൈകാതെ പലിശ നിരക്കുകള്‍ താഴ്ത്താന്‍ ആരംഭിക്കുമെന്ന പ്രതീക്ഷകള്‍ ശക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യയുടെ സേവന മേഖലയുടെ പിഎംഐ നവംബറില്‍ ഒരു വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയില്‍ എത്തിയെങ്കിലും ശക്തമായ വളര്‍ച്ച തുടരുകയാണ്. എസ് & പി ഗ്ലോബൽ ഇന്ത്യ സർവീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചിക ഒക്ടോബറിലെ 58.4 ൽ നിന്ന് നവംബറിൽ 56.9 ആയി കുറഞ്ഞു. ദീര്‍ഘകാല ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച വളര്‍ച്ചയാണ് ഇത്.

യുഎസിന്‍റെ സേവന മേഖലയുടെ വളര്‍ച്ച നവംബറില്‍ മെച്ചപ്പെട്ടിട്ടുണ്ട്. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,869ല്‍ പ്രധാന റെസിസ്റ്റന്‍സ് കാണാമെന്നാണ്, തുടർന്ന് 20,905ലും 20,963ലും. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 20,752ലും തുടർന്ന് 20716, 20657 ലെവലുകളിലും പിന്തുണ എടുക്കാം.

ആഗോള വിപണികള്‍ ഇന്ന്

യുഎസ് വിപണികള്‍ ഇന്നലെ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. എസ് & പി 500 0.06 ശതമാനം ഇടിഞ്ഞ് 4,567.18 പോയിന്റിൽ സെഷൻ അവസാനിപ്പിച്ചു. നാസ്‍ഡാക്ക് 0.31 ശതമാനം ഉയർന്ന് 14,229.91 പോയിന്റിലും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.22 ശതമാനം ഇടിഞ്ഞ് 36,124.56 പോയിന്റിലുമെത്തി. 

ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ജപ്പാന്‍റെ നിക്കി, ദക്ഷിണകൊറിയയുടെ കോസ്‍പി എന്നിവയെല്ലാം പച്ചയിലാണ്. ചൈനയുടെ ഷാങ്ഹായ് വിപണി ചാഞ്ചാട്ടം പ്രകടമാക്കുന്നു. യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്. 

ഗിഫ്റ്റ് നിഫ്റ്റി 20 പോയിന്‍റിന്‍റെ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെ തുടക്കം ഫ്ലാറ്റായോ പോസിറ്റിവായോ ആകുമെന്നാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്ന സൂചന.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: എസ്ബിഐ പെൻഷൻ ഫണ്ടുകളിൽ എസ്ബിഐ ക്യാപിറ്റലിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികൾ 229.5 കോടി രൂപയ്ക്ക് എസ്ബിഐ ഏറ്റെടുക്കുന്നു. ഈ ഇടപാടോടെ എസ്ബിഐ പെൻഷൻ ഫണ്ടുകളിലെ എസ്ബിഐയുടെ ഓഹരി പങ്കാളിത്തം 80 ശതമാനത്തിലെത്തും.

മാക്‌സ് ഫിനാൻഷ്യൽ സർവീസസ്: ഡെപ്യൂട്ടി എംഡിയായ വി വിശ്വാനന്ദ്, 2023 ഡിസംബർ 31-ന് തന്റെ കാലാവധി അവസാനിച്ചതിന് ശേഷം, മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗത്വത്തില്‍ നിന്നും സ്ഥാനമൊഴിയും.

ബാങ്ക് ഓഫ് ഇന്ത്യ: പൊതുമേഖലാ വായ്പാ ദാതാവ്  ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) ആരംഭിച്ചു. ഓഹരി ഒന്നിന് 105.42 രൂപ.

ജിആർഎം ഓവർസീസ്: അനുബന്ധ സ്ഥാപനമായ ജിആർഎം ഫുഡ്ക്രാഫ്റ്റിന്റെ എംഡിയായി അതുൽ ഗാർഗിനെ നിയമിക്കുന്നതിന് കമ്പനി അംഗീകാരം നൽകി. അതുൽ ഗാർഗ് 5 വർഷത്തേക്ക് ഈ സ്ഥാനത്ത് തുടരും.

ആക്‌സിസ്‌കേഡ്‌സ് ടെക്‌നോളജീസ്:  ഊര്‍ജ്ജ മേഖലയ്ക്കായുള്ള എഞ്ചിനീയറിംഗ് ഡിസൈനിലും സൊലൂഷനുകളിലും ഏര്‍പ്പെട്ടിരിക്കുന്ന എപ്‌കോജന്‍റെ (Epcogen) മുഴുവന്‍ ഓഹരികളും 26.25 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുത്തു.

ജെബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്: വ്യക്തിപരമായ കാരണങ്ങളാൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസര്‍ ലക്ഷയ് കടാരിയ രാജിവച്ചു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്: ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ശശിധർ ജഗദീശനെ വീണ്ടും നിയമിക്കുന്നതിനും വി ശ്രീനിവാസ രംഗനെ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിക്കുന്നതിനും ബാങ്ക് ഓഹരി ഉടമകളിൽ നിന്ന് അനുമതി തേടി.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: പൊതുമേഖലാ സ്ഥാപനത്തിന് ഗുജറാത്തിൽ ഒരു അന്തർ സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം പ്രോജക്റ്റ് സ്ഥാപിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ലഭിച്ചു.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) 5,223.51 കോടി രൂപയുടെ അറ്റവാങ്ങല്‍ ഇന്നലെ ഓഹരികളില്‍ നടത്തി. അതേസമയം, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐകൾ) 1,399.18 കോടി രൂപയുടെ അറ്റവില്‍പ്പന ഓഹരികളില്‍ നടത്തിയതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ക്രൂഡ് ഓയിലും സ്വര്‍ണവും

ഡിമാൻഡ് സംബന്ധിച്ച ആശങ്കകള്‍ക്കൊപ്പം യുഎസ് ഡോളര്‍ ശക്തമാകുക കൂടി ചെയ്തതോടെ ക്രൂഡ് ഓയില്‍ വില  ചൊവ്വാഴ്ച അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 83 സെന്‍റ് അഥവാ 1.1 ശതമാനം ഇടിഞ്ഞ് ബാരലിന് 77.20 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) 72 സെന്‍റ് അഥവാ 1.0 ശതമാനം കുറഞ്ഞ് 72.32 ഡോളറിലെത്തി.

മുൻ സെഷനിൽ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ ശേഷം ചൊവ്വാഴ്ച സ്വർണം ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് 0.4 ശതമാനം കുറഞ്ഞ് ഔൺസിന് 2,018.29 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഇടിഞ്ഞ് 2,036.80 ഡോളറിലെത്തി.

ഡോളർ സൂചിക 0.12 ശതമാനം ഉയർന്ന് 103.73 ൽ എത്തി, ഏകദേശം ഒരാഴ്ചത്തെ ഉയർന്ന നിലയാണിത്.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവന്ലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News