റിലയന്‍സിനും ടിസിഎസിനും എംക്യാപില്‍ വന്‍ നഷ്ടം; ടോപ് 10 ഓഹരികളുടെ കണക്ക് ഇങ്ങനെ

  • ടോപ് 10ലെ മുഴുവന്‍ ഓഹരികളും കഴിഞ്ഞ വാരത്തില്‍ ഇടിഞ്ഞു
  • വിപണി മൂല്യത്തിലെ ഒന്നാം സ്ഥാനം റിലയന്‍സ് നിലനിര്‍ത്തി

Update: 2023-10-22 08:30 GMT

ഇക്വിറ്റികളിലെ മൊത്തത്തിലുള്ള ദുർബലമായ പ്രവണതയ്ക്കിടെ വിപണി മൂല്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന  10 മൂല്യമുള്ള കമ്പനികളുടെ സംയുക്ത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,52,979.78 കോടി രൂപ ഇടിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസും ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 885.12 പോയിന്റ് അഥവാ 1.33 ശതമാനം ഇടിവാണ് നേരിട്ടത്.  

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 34,876.78 കോടി രൂപ ഇടിഞ്ഞ് 15,55,531.53 കോടി രൂപയായി. ടിസിഎസിന്റെ മൂല്യം 27,827.08 കോടി രൂപ ഇടിഞ്ഞ് 12,78,564.03 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണി മൂല്യം 18,103.6 കോടി രൂപ ഇടിഞ്ഞ് 5,86,223.02 കോടി രൂപയായും ബജാജ് ഫിനാൻസ് 17,171.75 കോടി രൂപ ഇടിഞ്ഞ് 4,70,574.90 കോടി രൂപയിലുമെത്തി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 13,518.4 കോടി രൂപ കുറഞ്ഞ് 6,53,120.67 കോടി രൂപയായും ഐടിസിയുടേത് 12,533.27 കോടി രൂപ കുറഞ്ഞ് 5,46,537.83 കോടി രൂപയായും മാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 11,512.75 കോടി രൂപ കുറഞ്ഞ് 5,02,678.77 കോടി രൂപയായപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 10,387.09 കോടി രൂപ കുറഞ്ഞ് 11,54,748.49 കോടി രൂപയില്‍ എത്തി. 

ഭാരതി എയർടെല്ലിന്റെ മൂല്യം 5,139.88 കോടി രൂപ കുറഞ്ഞ് 5,30,896.08 കോടി രൂപയായും ഇൻഫോസിസിന്റെ മൂല്യം 1,909.18 കോടി രൂപ കുറഞ്ഞ് 5,92,342.82 കോടി രൂപയായും മാറി. 

ആദ്യ 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനം എന്ന പദവി നിലനിർത്തി. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നത്. 

Tags:    

Similar News