യുഎസ് വിപണികളില്‍ തിരിച്ചുവരവ്; മികച്ച പാദഫലങ്ങള്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • രൂപയുടെ മൂല്യം ഇന്നലെ കുത്തനേ താഴ്ന്നു
  • ഗിഫ്റ്റ് സിറ്റിക്ക് നേരിയ പോസിറ്റിവ് തുടക്കം

Update: 2023-10-17 02:20 GMT

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാര സെഷനില്‍ ഏറിയ പങ്കും ഫ്ലാറ്റ്ലൈനിനു സമീപം ഒരു ചെറിയ പരിധിക്കുള്ളിലായിരുന്നു സൂചികകള്‍ നിലകൊണ്ടത്. ബിഎസ്ഇ സെൻസെക്‌സ് 116 പോയിന്റ് താഴ്ന്ന് 66,167ലും നിഫ്റ്റി 19 പോയിന്റ് താഴ്ന്ന് 19,732ലും എത്തി.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എണ്ണ വില മുകളിലേക്ക് കുതിച്ചത് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കി.  കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 83 .28 രൂപയിലേക്ക് ഇന്നലെ ഒരു ഘട്ടത്തില്‍ രൂപ താഴ്ന്നു.  മറ്റു പ്രമുഖ ഏഷ്യൻ കറൻസികളും മൂല്യ തകർച്ച നേരിടുന്നു. 

ക്രൂഡ് വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലെത്തിയതും യുഎസിലെ പ്രതീക്ഷിച്ചതിനും മുകളിലുള്ള പണപ്പെരുപ്പവുമാണ് നിക്ഷേപകരുടെ വികാരങ്ങളെ പ്രധാനമായും ബാധിക്കുന്നത്.  യുദ്ധം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ വഴിമാറും. എന്നാല്‍ ക്രൂഡ് വില വീണ്ടും താഴോട്ടിറങ്ങാനുള്ള പ്രവണത പ്രകടമാക്കുന്നുണ്ട്. 

ഈയാഴ്ച അവസാനത്തോടെ യുഎസ് ഫെഡ് റിസര്‍വ് തലവന്‍ ജെറോം പവ്വല്‍ നടത്തുന്ന പ്രസംഗത്തിലേക്കാണ് ആഗോള തലത്തില്‍ നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പലിശ നിരക്കിന്‍റെ ഗതി സംബന്ധിച്ച ആശങ്കകള്‍ കനത്ത സാഹചര്യത്തിലാണിത്. 

ഇന്ത്യയുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) തുടര്‍ച്ചയായ ആറാം മാസത്തിലും നെഗറ്റിവ് തലത്തിലാണ്. സെപ്റ്റംബറില്‍ -0.26 ശതമാനമെന്ന് ഡബ്ല്യുപിഐ. 0.7 ശതമാനമായി ഡബ്ല്യുപിഐ ഉയരുമെന്നാണ് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും വിലയിരുത്തലിനേക്കാള്‍ വളരേ താഴെയാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്ക്. 

കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍

റിസള്‍ട്ട് സീസണ്‍ സജീവമായതോടെ ആഭ്യന്തര സൂചികകളെ ഇനിയുള്ള ദിവസങ്ങളില്‍ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളായിരിക്കും. കഴിഞ്ഞയാഴ്ച ഐടി കമ്പനികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാന മാര്‍ഗനിര്‍ദേശങ്ങള്‍ വെട്ടിക്കുറച്ചത് നിക്ഷേപകരെ നിരാശരാക്കി. ഇന്നലെ എച്ച്ഡിഎഫ്‍സി ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവ മികച്ച പാദഫലങ്ങള്‍ പുറത്തുവിട്ടത് ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ക്ക് പൊതുവില്‍ ഗുണം ചെയ്തേക്കും. 

കമ്പനി ഫലങ്ങൾ ഒക്ടോ-17

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,701-ലും തുടർന്ന് 19,680-ലും 19,645-ലും പിന്തുണ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,769 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,790ഉം 19,824ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യൻ വിപണികൾ ചൊവ്വാഴ്ച ആദ്യ വ്യാപാരത്തിൽ തിരിച്ചുവരവ് പ്രകടമാക്കുന്നുണ്ട്. ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്‌പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്‍സെംഗ് വിപണികള്‍ നേട്ടത്തിലാണ്. അതേസമയം ചൈനയുടെ ഷാങ്ഹായ് വിപണിയില്‍ ഇടിവ് തുടരുന്നു. 

പ്രധാന യുഎസ് വിപണികള്‍ നേട്ടത്തിലാണ് തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്  0.93 ശതമാനം ഉയർന്നു. എസ് & പി 500 1.06 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 1.2 ശതമാനവും വര്‍ധിച്ചു. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു. 

ഗിഫ്റ്റ് നിഫ്റ്റി 16 പോയിന്‍റിന്‍റെ നേരിയ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകള്‍ ഫ്ലാറ്റായോ പോസിറ്റിവായോ ആരംഭിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

എച്ച്‌ഡിഎഫ്‌സി ബാങ്ക്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്ക് രണ്ടാം പാദത്തിൽ 15,976 കോടി രൂപ ലാഭം രേഖപ്പെടുത്തി, മുൻവർഷത്തെ അപേക്ഷിച്ച് 50.6 ശതമാനം വർധന. അറ്റ പലിശ വരുമാനം 30.3 ശതമാനം വർധിച്ച് 27,385 കോടി രൂപയിലെത്തി, മൊത്തം വായ്പകളും മൊത്തം നിക്ഷേപങ്ങളും 1.1 ലക്ഷം കോടി രൂപ വീതം വർധിച്ച് യഥാക്രമം 23.54 ലക്ഷം കോടി രൂപയും 21.72 ലക്ഷം കോടി രൂപയുമായി. എച്ച്ഡി‍എഫ്‍സി-യുമായുള്ള ലയനത്തിനു ശേഷമുള്ള ആദ്യ വരുമാന പ്രഖ്യാപനമായതിനാല്‍ മുന്‍വര്‍ഷവുമായുള്ള താരതമ്യം സാധ്യമല്ല. 

ഐസിഐസിഐ സെക്യൂരിറ്റീസ്: സെപ്തംബർ പാദത്തില്‍ ലാഭം 41 ശതമാനം വർധിച്ച് 423.6 കോടി രൂപയായി, വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 45.5 ശതമാനം വർധിച്ച് 1,249 കോടി രൂപയായി. പ്രവർത്തന രംഗത്ത്, എബിറ്റ്ഡ 54.8 ശതമാനം വർധിച്ച് 810 കോടി രൂപയായി. ഇടക്കാല ലാഭവിഹിതമായി ഒരു ഓഹരിക്ക് 12 രൂപ പ്രഖ്യാപിച്ചു.

ജിയോ ഫിനാൻഷ്യൽ സർവീസസ്: രണ്ടാം പാദത്തിൽ ലാഭം മുന്‍പാദത്തെ അപേക്ഷിച്ച് 101.3 ശതമാനം ഉയർന്ന്  668.18 കോടി രൂപയായും പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 46.8 ശതമാനം വർധിച്ച് 608.04 കോടി രൂപയായും മാറി.  ഒക്‌ടോബർ 16 മുതൽ കമ്പനിയുടെ ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസറായി എആർ ഗണേഷിനെ ബോർഡ് നിയമിച്ചു.

സിയറ്റ്: 2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഈ ടയർ കമ്പനി  208 കോടി രൂപ ഏകീകൃത ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ വർധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍, 23.7 കോടി രൂപയുടെ അസാധാരണമായ നഷ്ടവും ലാഭത്തെ ബാധിച്ചിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം  5.5 ശതമാനം വർധിച്ച് 3,053.3 കോടി രൂപയായി.

കെഇസി ഇന്റർനാഷണൽ: ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ പ്രോജക്ടുകൾ ഉൾപ്പെടെ  1,315 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി ഈ ആര്‍പിജി ഗ്രൂപ്പ് കമ്പനി അറിയിച്ചു. 

വിദേശ നിക്ഷേപങ്ങളുടെ ഗതി

ഇന്നലെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 593.66 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ)  1,184.24 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News