റിപ്പൊ നിരക്കില്‍ മാറ്റമില്ല
- വിലക്കയറ്റത്തിന് കാരണം വിതരണത്തിലെ പരിമിതികളെന്ന് വിലയിരുത്തല്‍
- നിരക്ക് ഉയര്‍ത്തുന്നത് ഡിമാന്‍ഡ് ചുരുക്കുമെന്ന് വിശദീകരണം
പ്രതീക്ഷിക്കപ്പെട്ടിരുന്നതു പോലെ അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ന്നുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന യോഗം തീരുമാനിച്ചു. മൂന്നുദിവസങ്ങളിലായി ചേര്‍ന്ന യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തീരുമാനം പ്രഖ്യാപിച്ചു. റിപ്പൊ നിരക്ക് 6.5 ശതമാനത്തില്‍ തുടരും.
ഉയർന്ന പണപ്പെരുപ്പത്തിന്റെ ഇപ്പോഴത്തെ തരംഗത്തിന് പ്രധാനമായും കാരണമാകുന്നത് വിതരണത്തിലെ പരിമിതികളാണെന്നും ഇത് ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമല്ലെന്നും ധനനയ സമിത് വിലയിരുത്തി. പലിശ നിരക്ക് വർധിപ്പിക്കുന്നതിലൂടെ ഡിമാര്‍ഡ് സാഹചര്യം ചുരുങ്ങുക മാത്രമേ ചെയ്യുകയുള്ളുവെന്നും എംപിസി വിശദീകരിക്കുന്നു
തുടര്‍ച്ചയായ ധനനയ അവലോകന യോഗങ്ങളിലായി 250 ബിപിഎസ് വര്‍ധന അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തിയ ശേഷം, ഏപ്രിലിലാണ് ബെഞ്ച്മാർക്ക് പലിശ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താന്‍ ആദ്യം ആര്‍ബിഐ നിശ്ചയിച്ചത്. പിന്നീട് ജൂണിലെ യോഗത്തിലും ഓഗസ്റ്റിലെ യോഗത്തിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു.
ജൂലൈയിലെയും ഓഗസ്റ്റിലെയും പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്‍റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലായതിനാല്‍ ഉയര്‍ന്ന പലിശ നിരക്കുകളില്‍ ഇളവ് വരുത്താന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും. സെപ്റ്റംബറിലെ ഉപഭോക്തൃ പണപ്പെരുപ്പം സംബന്ധിച്ച ഔദ്യോഗിക ഡാറ്റ സര്‍ക്കാര്‍ അടുത്തയാഴ്ച പുറത്തുവിടും.