ലാഭമെടുപ്പ് തുടർന്ന് ആഭ്യന്തര വിപണി; ചുവപ്പണിഞ്ഞ് സൂചികകൾ

  • ടിസിഎസ് ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞു
  • ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതവും ഇടിഞ്ഞു.
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 83.02 ലെത്തി.

Update: 2024-03-19 10:46 GMT

സെക്ടറുകളിലുടനീളമുള്ള വിൽപ്പനയെ തുടർന്ന് ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് കനത്ത നഷ്ടത്തിൽ. ദുർബലമായ ഏഷ്യൻ വിപണികളും വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ഇടിവിലേക്ക് നയിച്ചു. ടിസിഎസ്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയിലെ വലിയതോതിലുള്ള വിൽപ്പനയും ഇടിവിനു കാരണമായി.

സെൻസെക്‌സ് 736.37 പോയിൻ്റ് അഥവാ 1.01 ശതമാനം താഴ്ന്ന് 72,012.05ലും നിഫ്റ്റി 238.20 പോയിൻ്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 21,817.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1202 ഓഹരികൾ നേട്ടത്തിലെത്തി, 2458 ഓഹരികൾ ഇടിഞ്ഞു, 112 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബജാജ് ഫിനാൻസ് (1.41%), ബജാജ് ഓട്ടോ (1.47%), കൊട്ടക് മഹീന്ദ്ര ബാങ്ക് 0.73%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (0.47%), ഐഷർ മോട്ടോർസ് (0.46%) എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടിസിഎസ് (-4.22%), ബിപിസിഎൽ (-4.22%), ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ് (-3.43%), സിപ്ല (-3.54%), നെസ്‌ലെ ഇന്ത്യ (-3.27%), എന്നിവ ഇടിഞ്ഞു.

ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ പ്രമോട്ടറായ ടാറ്റ സൺസ് കമ്പനിയിലെ 2.3 കോടി ഓഹരികൾ വിറ്റഴിച്ചതിനെ തുടർന്ന് ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞു.

സെക്ടറൽ സൂചികയിൽ ഹെൽത്ത്‌കെയർ, ഐടി, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നീ സൂചികകൾ 1-2 ശതമാനം ഇടിഞ്ഞതോടെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്.

ഈ ആഴ്ച യുഎസ് ഫെഡ് പലിശ നിരക്ക് വരാനിരിക്കെ നിക്ഷേപകർ ജാഗ്രത പാലിച്ചതായി വിശകലന വിദഗ്ധർ പറഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതവും ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിൽ അവസാനിച്ചപ്പോൾ ടോക്കിയോ നേട്ടത്തിലായി.

യൂറോപ്യൻ വിപണികൾ നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 2,051.09 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഇടിഞ്ഞ് ബാരലിന് 86.54 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.34 ശതമാനം താഴ്ന്ന്  2156.90 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 83.02 ലെത്തി.

സെൻസെക്സ് 104.99 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 72,748.42 ലും നിഫ്റ്റി 32.35 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 22,055.70 ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.

Tags:    

Similar News