പവ്വലിന്‍റെ പ്രഖ്യാപനങ്ങള്‍, ഒപെകിന്‍റെ പ്രതീക്ഷ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍ വ്യാപാരം നടത്തുന്നു
  • വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ ബ്രെന്‍റ്‍ക്രൂഡ് മുന്നേറുന്നു
  • ഗിഫ്റ്റ് നിഫ്റ്റിക്ക് പോസിറ്റിവ് തുടക്കം

Update: 2023-12-14 02:32 GMT

ഇന്നലെ സെഷന്‍റെ ഏറിയ പങ്കും നഷ്ടത്തിലായിരുന്ന ആഭ്യന്തര ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാപാരത്തിന്റെ അവസാന രണ്ട് മണിക്കൂറുകളില്‍ നഷ്ടം തിരിച്ചുപിടിക്കുകയും പച്ചയിലെത്തി അവസാനിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് ദിവസമായി 20,800-20,850 ലെവല്‍ നിലനിര്‍ത്തുന്നതും ഇന്നലെയുണ്ടായ തിരിച്ചുവരവും കണക്കിലെടുക്കുമ്പോള്‍ കണ്‍സോളിഡേഷന് ഇടയിലും നിഫ്റ്റി വീണ്ടും  21,000-21,100 മേഖലയിലേക്ക് നീങ്ങാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

ഇന്നലെ ബിഎസ്ഇ സെൻസെക്‌സ് 34 പോയിന്റ് ഉയർന്ന് 69,585 ലും നിഫ്റ്റി 50 20 പോയിന്റ് ഉയർന്ന് 20,926 ലും എത്തി. ഭാവിയിലെ വിപണി പ്രവണതകളെക്കുറിച്ച് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇടയിൽ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ പ്രതിദിന ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുഎസ് ഫെഡ് റിസര്‍വ് ധനനയ പ്രഖ്യാപനം 

പ്രതീക്ഷിച്ചതുപോലെ തുടര്‍ച്ചയായ മൂന്നാം ധനനയയോഗത്തിലും യുഎസ് ഫെഡ് റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. പലിശ നിരക്ക് വര്‍ധനയുടെ ചക്രം ഏറക്കുറേ പൂര്‍ത്തിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെഡ് റിസര്‍വ് ചീഫ് ജെറോം പവ്വല്‍ ഫെഡ് യോഗത്തിനു ശേഷം പുറത്തുവിട്ട വിവരങ്ങളും ഡാറ്റകളും ഇന്ന് ആഗോള വിപണികളില്‍ വിലയിരുത്തപ്പെടും. 

അടുത്ത വര്‍ഷം മൂന്ന് നിരക്കിളവുകളെങ്കിലും പ്രഖ്യാപിക്കാനാകും എന്നാണ് ഫെഡ് റിസര്‍വ് കണക്കാക്കുന്നത്. എന്നാല്‍ അടുത്തവര്‍ഷം ആദ്യപകുതിയില്‍ അതുണ്ടാകാനുള്ള സാധ്യത വിരളമാണെന്നും വിശകലന വിദഗ്ധര്‍ പറയുന്നു. എങ്കിലും നിരക്കിളവുകള്‍ സംബന്ധിച്ച വ്യക്തമായ സൂചന ഫെഡ് റിസര്‍വിന്‍റെ ഭാഗത്തു നിന്നുണ്ടായത് നിക്ഷേപക വികാരത്തെ പിന്തുണയ്ക്കുന്നതാണ്.

എണ്ണ ആവശ്യകത വളരുമെന്ന് ഒപെക്

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കണ്‍ട്രീസ് അഥവാ ഒപെക് കണക്കുകൂട്ടുന്നത് ആഗോള എണ്ണ ആവശ്യകത 2024 ൽ പ്രതിദിനം 2.2 ദശലക്ഷം ബാരല്‍ (ബിപിഡി) ഉയര്‍ന്ന് ശരാശരി 104.4 ദശലക്ഷം ബിപിഡി ആകുമെന്നാണ്. ആവശ്യകത സംബന്ധിച്ച ആശങ്കകള്‍ നിക്ഷേപകർക്കിടയില്‍ പരക്കുമ്പോഴും മുന്‍ നിഗമനം അതുപോലെ നിലനിര്‍ത്താനാണ് ഒപെക് തീരുമാനിച്ചത്. 

ചൈനയിലെ സാമ്പത്തിക പ്രവർത്തനങ്ങളിലെ തുടർച്ചയായ പുരോഗതി, ആഗോള ജിഡിപി വളർച്ച എന്നിവ എണ്ണ ആവശ്യകതയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒപെക് റിപ്പോർട്ടിൽ പറഞ്ഞു.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,951ലും തുടർന്ന് 20,993ലും 21,062ലും പ്രതിരോധം കാണാനിടയുണ്ടെന്നാണ്. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 20,813 ലും തുടർന്ന് 20,770, 20,701 ലെവലുകളിലും പിന്തുണ എടുക്കാം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയിലെ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവയെല്ലാം പോസിറ്റിവ് ആണ്. ജപ്പാനിന്‍റെ നിക്കി ഇടിവിലാണ് വ്യാപാരം നടത്തുന്നത്. 

യുഎസ് വിപണികള്‍ വീണ്ടും കയറി ഈ വര്‍ഷത്തെ പുതിയ റെക്കോഡ് ക്ലോസിംഗുകള്‍ കുറിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 81 പോയിന്റ് അഥവാ 0.22 ശതമാനം ഉയർന്ന് 37,171 എന്ന നിലയിലെത്തി. എസ് ആന്റ് പി 500 56 പോയിന്റ് അഥവാ 1.21 ശതമാനം ഉയർന്ന് 4,700 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 168 പോയിന്റ് അഥവാ 1.16 ശതമാനം ഉയർന്ന് 14,702 ലും എത്തി. 

ഗിഫ്റ്റ് നിഫ്റ്റി ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണി സൂചികകളുടെ പോസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ബയോകോൺ: അനുബന്ധ സ്ഥാപനമായ ബികാര തെറപ്യൂട്ടിക്‌സ് ഇങ്ക്  165 മില്യൺ ഡോളറിന്‍റെ സീരീസ് സി ഫണ്ടിംഗ് പൂർത്തിയാക്കിയതായി അറിയിച്ചു. ഈ മൂലധന കൂട്ടിച്ചേര്‍ക്കലും ബികാര ഓഹരികളുടെ പോസ്റ്റ്-അലോട്ട്മെന്റും കഴിഞ്ഞാൽ, ബികാരയിലെ ബയോകോണിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനത്തിൽ താഴെയാകും. ഇതാടെ ബികാര ബയോകോണിന്‍റെ അനുബന്ധ കമ്പനി അല്ലാതായി മാറും. 

സന്ധാര്‍ ടെക്നോളജീസ്: അനുബന്ധ സ്ഥാപനമായ സന്ധാര്‍ ടെക്നോളജീസ് ബാര്‍സലോണ എസ്എല്‍ (എസ്‍ടിബി)- ന് പ്രതിവർഷം 10 ശതമാനം പലിശ നിരക്കിൽ 5,00,000 യൂറോ വായ്പ വിതരണം ചെയ്യുന്നതിനുള്ള കരാറിൽ സന്ധാര്‍ ടെക്നോളജീസ് ഒപ്പിട്ടു. 

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ: ഇന്ത്യൻ റെയിൽവേയുടെ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം ഉപകമ്പനിയായ ഐആര്‍സിടിസി, രാജ്യത്തുടനീളം അതിന്റെ ബ്രാൻഡും ബിസിനസും പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവേ ഇതര ബിസിനസ്സ് മേഖലകളിലേക്ക് കടക്കുന്നതിന് ശ്രമിക്കുന്നതായി പ്രഖ്യാപിച്ചു. 

എന്‍ബിസിസി (ഇന്ത്യ): ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ, സഹകരണ മേഖലയിൽ 1,469 വെയർഹൗസുകളും മറ്റ് കാർഷിക അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിന് 1,500 കോടി രൂപയുടെ ഓർഡർ ദേശീയ സഹകരണ വികസന കോർപ്പറേഷനില്‍ നിന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഈ കൺസ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചു. 

ഗോകുൽ അഗ്രോ റിസോഴ്‌സ്: ഉപകമ്പനിയായ മൗറിഗോ ഇൻഡോ ഹോൾഡിംഗ്‌സ് ഇന്തോനേഷ്യയിലെ പിടി റിയ പാസിഫിക് നബാത്തിയുടെ 25 ശതമാനം ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു.

ജിഎംഎം പഫ്‍ദ്‍ലര്‍: പഫ്‍ദ്‍ലര്‍ ഇങ്ക്-ൽ നിന്ന് ജിഎംഎം പഫ്‍ദ്‍ലറിലെ 1 ശതമാനം ഇക്വിറ്റി ഓഹരികൾ പട്ടേല്‍ കുടുംബം ഏറ്റെടുത്തു. പ്രമോട്ടർമാർക്കിടയിൽ നടന്ന ഈ ഓഫ് മാര്‍ക്കറ്റ് ഇടപാടില്‍ ഒരു ഓഹരിക്ക് 1,700 രൂപയാണ് കണക്കാക്കിയത്. പട്ടേൽ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം ഇപ്പോൾ 25.18 ശതമാനമാണ്, അവർ കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായി തുടരുന്നു.

ക്രൂഡ് ഓയില്‍ വില

യുഎസ് ക്രൂഡ് സ്റ്റോറേജിൽ നിന്ന് പ്രതീക്ഷിച്ചതിലും വലിയ പ്രതിവാര പിൻവലിക്കലുണ്ടായതും 2024ൽ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന് യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള സൂചന പുറത്തുവന്നതും ക്രൂഡ് വില വീണ്ടും ഉയരാന്‍ ഇടയാക്കി. കുറഞ്ഞ പലിശനിരക്ക് ഉപഭോക്തൃ കടമെടുപ്പ് ചെലവ് കുറയ്ക്കുന്നു, ഇത് സാമ്പത്തിക വളർച്ചയും എണ്ണയുടെ ആവശ്യകതയും വർദ്ധിപ്പിക്കും.

വ്യാഴാഴ്ച വ്യാപാരത്തിനിടെ ബ്രെന്റ് ഫ്യൂച്ചറുകൾ 46 സെൻറ് അഥവാ 0.6% ഉയർന്ന് ബാരലിന് 74.72 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 48 സെൻറ് അഥവാ 0.7 ശതമാനം ഉയർന്ന് 69.95 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ  നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ ഓഹരികളില്‍ 4,710.86 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.  ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐകൾ) 958.49 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തിയതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.


മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News