പോസിറ്റിവ് ട്രെന്‍ഡ് തുടരുന്നു, ഉപഭോക്തൃ പണപ്പെരുപ്പം ഇന്നറിയാം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • പലസ്തീനെ പിന്തുണയ്ക്കുന്നതില്‍ ഇറാനു മുന്നറിയിപ്പുമായി യുഎസ്
  • ടിസിഎസ് റിസള്‍ട്ട് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കില്ലെന്ന് വിലയിരുത്തല്‍

Update: 2023-10-12 02:32 GMT

ഇന്നലെ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും മികച്ച നേട്ടവുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 394 പോയിന്റ് ഉയർന്ന് 66,473 ലും നിഫ്റ്റി 50 122 പോയിന്റ് ഉയർന്ന് 19,811 ലും എത്തി. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം മേഖലയിലെ മറ്റു രാഷ്ട്രങ്ങളിലേക്ക് പടരില്ലെന്നും പ്രാദേശിക പ്രശ്നമായി ഒടുങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് ആഗോള വിപണികളിലെ നിക്ഷേപകര്‍. എന്നാല്‍ യുദ്ധം ഒരല്‍പ്പകാലത്തേക്ക് തുടരുന്ന സ്ഥിതി കാര്യങ്ങളെ മാറ്റി മറിച്ചേക്കാം.

ആഗോള സാഹചര്യം

പലസ്തീനെ പിന്തുണയ്ക്കുന്നതില്‍ ഇറാനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ജോബൈഡന്‍ എത്തിയിട്ടുണ്ട്. ഇസ്രയേലിനുള്ള തങ്ങളുടെ തുറന്ന പിന്തുണ യുഎസ് കൂടുതല്‍ ശക്തമായി വ്യക്തമാക്കിയിട്ടുമുണ്ട്. തങ്ങളുടെ ഉന്നത നയതന്ത്ര പ്രതിനിധി ആയ ആന്‍റണി ബ്ലിങ്കനെ മധ്യേഷ്യയിലേക്ക് അയച്ചുകൊണ്ടാണ് യുഎസ് പ്രതിബദ്ധത വെളിവാക്കിയത്. ഇതെല്ലാം എങ്ങനെ ഉരുത്തിരിയും എന്നതില്‍ നിക്ഷേപകര്‍ക്ക് ആകാംക്ഷയും ആശയങ്കയും ഉണ്ട്.

സെപ്റ്റംബറിലെ യുഎസ് ഫെഡ് റിസര്‍വ് യോഗത്തിന്‍റെ മിനുറ്റ്സ് ഇന്നലെ പുറത്തുവന്നു. ഉയര്‍ന്ന പലിശ നിരക്കുകളില്‍ ഇളവു വരുത്താന്‍ ഫെഡ് റിസര്‍വ് കൂടുതല്‍ സമയമെടുക്കും എന്നാല്‍ പലിശ നിരക്ക് സൈക്കിള്‍ അവസാനത്തിലേക്ക് എത്തിയെന്ന സൂചന ഫെഡ് റിസര്‍വ് അംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളി‍ല്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് യുഎസ് ബോണ്ടുകളിലെ ആദായം 16 വര്‍ഷത്തിലെ ഉയര്‍ച്ചയില്‍ നിന്ന് താഴോട്ടിറങ്ങിയതും ഓഹരി വിപണികളെ പിന്തുണയ്ക്കുന്നു. 

ഇന്ത്യന്‍ സാഹചര്യം

ചൈനയുടേത് പോലെ ഉയർന്ന കടബാധ്യത ഇന്ത്യക്കുണ്ടെന്നും എന്നാൽ അതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ചൈനക്കുള്ളത്ര ഇല്ലെന്നും ഐഎംഎഫ് വിലയിരുത്തുന്നു. കോവിഡ് കാലത്തിനു മുമ്പ് 2019ല്‍ ജിഡിപി-യുടെ 75 ശതമാനമായിരുന്നു ഇന്ത്യയുടെ കടബാധ്യത എങ്കില്‍ ഇപ്പോഴത് 81.9 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. എങ്കിലും 2028ഓടെ 80 .4 ശതമാനത്തിലേക്ക് താഴുമെന്ന നിഗമനമാണ് ഐഎംഎഫിനുള്ളത്. 

രണ്ടാം പാദത്തിലെ വരുമാന പ്രഖ്യാപനങ്ങളാണ് വിപണിയിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഇന്നലെ ഐടി പ്രമുഖരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ റിസള്‍ട്ട് പുറത്തുവന്നു. നല്ല റിസള്‍ട്ടാണെങ്കിലും പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇത് പര്യാപ്തമല്ലെന്നാണ് വിലയിരുത്തുന്നത്. മറ്റ് ഐടി കമ്പനികളുടെയും വരുമാന പ്രഖ്യാപനങ്ങള്‍ വലിയ അളവില്‍ ആകര്‍ഷകമാകില്ലെന്നാണ് വിലയിരുത്തുന്നത്.

ഇന്ന് സെപ്റ്റംബറിലെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ കണക്ക് പുറത്തുവരും. റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലായിരുന്നു ജൂലൈയിലും ഓഗസ്റ്റിലും വിലക്കയറ്റമെങ്കില്‍ സെപ്റ്റംബറില്‍ അത് 5. 4 ശതമാനത്തിന ്അടുത്താകും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,771-ലും തുടർന്ന് 19,752-ലും 19,720-ലും പിന്തുണ സ്വീകരിക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,834 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,853ഉം 19,885ഉം

ആഗോള വിപണികളില്‍ ഇന്ന്

യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ കണക്കിനായി നിക്ഷേപകര്‍ കാത്തിരിക്കുകയും ട്രഷറി ആദായം പിൻവാങ്ങുകയും ചെയ്തതിനാൽ ബുധനാഴ്ച യുഎസ് ഓഹരി വിപണികൾ ഉയർന്നു. ഡൗ ജോൺസ്  0.19 ശതമാനവും എസ് &പി 500 0.43 ശതമാനവും ഉയര്‍ന്നപ്പോള്‍ ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് 0.71 ശതമാനം കൂട്ടിച്ചേർത്തു, തുടര്‍ച്ചയായ മുന്നാം ദിവസമാണ് യുഎസ് വിപണികള്‍ നേട്ടം രേഖപ്പെടുത്തുന്നത്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടവുമായാണ് യൂറോപ്യന്‍ വിപണികള്‍ ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്. 

ഏഷ്യ-പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ചൈന, ഹോംഗ്കോംഗ്, ജപ്പാന്‍ വിപണികളെല്ലാം തുടക്ക വ്യാപാരത്തില്‍ മുന്നേറി.

ഗിഫ്റ്റ് നിഫ്റ്റി 24 പോയിന്‍റിന്‍റെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ഓഹരി വിപണി സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ടാറ്റ കൺസൾട്ടൻസി സർവീസസ്:  സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ ലാഭം 8.7 ശതമാനം വാര്‍ഷിക വളർച്ചയോടെ 11,342 കോടി രൂപയായി. ഈ പാദത്തിലെ വരുമാനം 7.9 ശതമാനം വർധിച്ച് 59,692 കോടി രൂപയായി, സ്ഥിര കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ വരുമാന വളർച്ച 2.8 ശതമാനം. ഓഹരി ഒന്നിന് 9 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. കൂടാതെ 17,000 കോടി രൂപയുടെ ഓഹരികൾ 4,150 രൂപ നിരക്കിൽ തിരികെ വാങ്ങാനും കമ്പനി തീരുമാനിച്ചു.

പ്ലാസ വയേര്‍സ്: വയർ, കേബിളുകൾ എന്നിവ നിര്‍മിക്കുന്ന കമ്പനി ബിഎസ്ഇയിലും എൻഎസ്ഇയിലും അരങ്ങേറ്റം കുറിക്കും. ഇഷ്യൂ വില ഒരു ഷെയറിന് 54 രൂപയായി നിശ്ചയിച്ചു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലെ പെയ്ഡ്-അപ്പ് ഷെയർ മൂലധനത്തിന്റെ 9.99 ശതമാനം വരെ ഏറ്റെടുക്കുന്നതിന് എസ്‍ബിഐ മ്യൂച്വൽ ഫണ്ടിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഒരു വർഷത്തിനുള്ളിൽ അതായത് 2024 ഒക്‌ടോബർ 10-നകം ബാങ്കിലെ പ്രസ്തുത ഷെയർഹോൾഡിംഗ് സ്വന്തമാക്കാൻ എസ്ബിഐ എംഎഫിനോട് ആർബിഐ നിര്‍ദേശിച്ചു

ഡെൽറ്റ കോർപ്പറേഷൻ: കാസിനോ ഗെയിമിംഗ് കമ്പനി രണ്ടാം പാദത്തിൽ 69.44 കോടി രൂപഏകീകൃത ലാഭം രേഖപ്പെടുത്തി, മുൻ വർഷത്തെ അപേക്ഷിച്ച് 1.74 ശതമാനം വർധനയാണിത്.  പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 0.2 ശതമാനം വർധിച്ച് 270.6 കോടി രൂപയായി.

പിസിബിഎൽ: ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് കമ്പനിക്ക് ഇന്ത്യൻ പേറ്റന്റ് ഓഫീസിൽ നിന്ന്  രണ്ട് പേറ്റന്റുകൾ അനുവദിച്ചു. 

ക്രൂഡ് ഓയിലും സ്വര്‍ണവും

ബുധനാഴ്ച എണ്ണ വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ബ്രെന്റ് ക്രൂഡ് 12 സെൻറ് ഉയർന്ന് ബാരലിന് 87.77 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് അഥവാ ഡബ്ല്യുടിഐ, ക്രൂഡ് വില 3 സെൻറ് ഉയർന്ന് ബാരലിന് 86.00 ഡോളറായി. 

ചൊവ്വാഴ്ച സെപ്റ്റംബർ 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയ സ്വര്‍ണവില ബുധനാഴ്ച താഴ്ന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,859.43 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 1,872.80 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരികളില്‍ ഇന്നലെ 421.77 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി , അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,032.02 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയതായും എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ 904.21 കോടി രൂപയുടെ അറ്റവില്‍പ്പന ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 512.50 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്.

വിലക്കയറ്റ കണക്കുകള്‍, പാദഫലങ്ങള്‍; ഈയാഴ്ച വിപണിയെ സ്വാധീനിക്കുക എന്തൊക്കെ?

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News