നിരാശപ്പെടുത്തി പോപ്പുലർ ഓട്ടോമൊബൈൽസ്; അരങ്ങേറ്റം കിഴിവിൽ

  • ഇഷ്യൂ വില 295 രൂപ, ലിസ്റ്റിംഗ് വില 289.20 രൂപ
  • ഓഹരിയൊന്നിന് 5.80 രൂപയുടെ നഷ്ടം
  • വിപണിയിൽ എത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഓട്ടോമോട്ടീവ് ഡീലർ

Update: 2024-03-19 05:33 GMT

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 295 രൂപയിൽ നിന്നും 1.97 ശതമാനം കിഴിവിലാണ് ഓഹരികൾ വിപണിയിലെത്തിയത്. ലിസ്റ്റിംഗ് വില 289.20 രൂപ. ഓഹരിയൊന്നിന് 5.80 രൂപയുടെ നഷ്ടം. ഇഷ്യൂവിലൂടെ 601.55 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 250 കോടിയുടെ പുതിയ ഇഷ്യൂവും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബന്യൻ ട്രീ ഗ്രോത് ക്യാപിറ്റൽ II വിൽക്കുന്ന 351.55 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.

ഇഷ്യൂവിലൂടെ ലഭിക്കുന്ന തുകയിൽ നിന്നും 192 കോടി രൂപ കടം തിരിച്ചടക്കുന്നതിനും ചില അനുബന്ധ സ്ഥാപനങ്ങൾക്കുമായി ചെലവഴിക്കും. ബാക്കിയുള്ളവ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും മാറ്റിവെക്കും. 2023 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ സംയോജിത കടം 637.06 കോടി രൂപയാണ്.

വിപണിയിൽ എത്തിയതോടെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഇന്ത്യയിലെ രണ്ടാമത്തെ ലിസ്റ്റഡ് ഓട്ടോമോട്ടീവ് ഡീലറായി മാറി. 2022 ഡിസംബറിൽ വിപണിയിലെത്തിയ ലാൻഡ്‌മാർക്ക് കാർസിന്റെ 552 കോടി രൂപയുടെ ഇഷ്യുവായിരുന്നു ആദ്യത്തേത്.

ജോൺ കെ പോൾ, ഫ്രാൻസിസ് കെ പോൾ, നവീൻ ഫിലിപ്പ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ

ഇഷ്യൂവിന് 1.23 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിൽ നിന്നും 1.97 മടങ്ങ് അപേക്ഷകളും റീട്ടെയിൽ നിക്ഷേപകരിൽ നിന്നും 1.05 മടങ്ങ് അപേക്ഷകളുമാണ് ലഭിച്ചത്.

കമ്പനിയെ കുറിച്ച്:

1983-ൽ സ്ഥാപിതമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് ഇന്ത്യയിലെ ഓട്ടോമൊബൈൽ ഡീലർഷിപ്പുകളുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു കമ്പനിയാണ്.

പുതിയതും പ്രീ-ഓൺഡ് വാഹനങ്ങളുടെ വിൽപ്പന, സർവീസസ്, സ്പെയർ പാർട്സ് വിതരണം, ഡ്രൈവിംഗ് സ്കൂളുകൾ, മൂന്നാം കക്ഷി സാമ്പത്തിക, ഇൻഷുറൻസ് ഉൽപ്പന്ന വിൽപ്പന തുടങ്ങിയ സേവനങ്ങളാണ് കമ്പനി നൽകുന്നത്. ആഡംബര വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങളും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ത്രീ വീലർ വാഹനങ്ങളും കമ്പനിയുടെ വില്പന പട്ടികയിൽ ഉൾപ്പെടുന്നു.

കേരളത്തിലെ 14 ജില്ലകളിലും കമ്പനിക്ക് സ്വാധീനമുണ്ട്. നിലവിൽ 59 ഷോറൂമുകൾ, 126 സെയിൽസ് ഔട്ട്‌ലെറ്റുകൾ, ബുക്കിംഗ് ഓഫീസുകൾ, 31 പ്രീ-ഓൺഡ് വെഹിക്കിൾ ഷോറൂമുകൾ, ഔട്ട്‌ലെറ്റുകൾ, 134 അംഗീകൃത സർവീസ് സെൻ്ററുകൾ, 40 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 24 വെയർഹൗസുകൾ എന്നിവ അടങ്ങുന്ന വിപുലമായ ശൃംഖലയാണ് കമ്പനിക്കുള്ളത്. കർണാടകയിലെ എട്ടു ജില്ലകളിലും, തമിഴ്‌നാട്ടിൽ 12 ജില്ലകളിലും, മഹാരാഷ്ട്രയിൽ 7 ജില്ലകളിലും കമ്പനി സ്വാധീനം അറിയിച്ചിട്ടുണ്ട്. ഷോറൂമുകൾക്ക് പുറമേ, സെയിൽസ് ഔട്ട്‌ലെറ്റുകളും ബുക്കിംഗ് ഓഫീസുകളും കമ്പനിക്കുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്ക് സ്‌പെയർ പാർട്‌സുകളും ആക്‌സസറികളും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും കമ്പനിക്ക് അനുവാദമുണ്ട്.

Tags:    

Similar News