ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. തുടർച്ചയായി ആറാം നാൾ നേട്ടത്തിലായിരുന്ന നിഫ്റ്റി ഇന്ന് ചുവപ്പണിഞ്ഞു. മുൻനിര ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്കിൻ്റെയും ഐസിഐസിഐ ബാങ്കിൻ്റെയും ലാഭമെടുപ്പിനെത്തുടർന്ന് സൂചികകൾ ഇടിഞ്ഞു. സെൻസെക്സ് 264.27 പോയിൻ്റ് അഥവാ 0.31 ശതമാനം ഇടിഞ്ഞ് 85,571.85ൽ എത്തി. നിഫ്റ്റി 37.10 പോയിൻ്റ് അഥവാ 0.14 ശതമാനം ഇടിഞ്ഞ് 26,178.95 ൽ എത്തി. പ്രതിവാര അടിസ്ഥാനത്തിൽ സെൻസെക്സ് 1,027.54 പോയിൻ്റ് അഥവാ 1.21 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 388 പോയിൻ്റ് അഥവാ 1.50 ശതമാനം ഉയർന്നു.
സെൻസെക്സിൽ പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൺ ആൻഡ് ടൂബ്രോ, അദാനി പോർട്ട്സ്, അൾട്രാടെക് സിമൻ്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റൻ, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, മെറ്റൽ, ഐടി, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.3-2.5 ശതമാനം വരെ ഉയർന്നപ്പോൾ, നിഫ്റ്റി റിയൽറ്റി, പവർ, ബാങ്ക്, മീഡിയ, എഫ്എംസിജി, ടെലികോം സൂചികകൾ 0.3-1 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് 0.29 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് 0.07 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ കുത്തനെ ഉയർന്നപ്പോൾ സിയോൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 629.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 2,405.12 കോടി രൂപയുടെ ഓഹരികളും വാങ്ങി.
ബ്രെൻ്റ് ക്രൂഡ് 0.03 ശതമാനം ഇടിഞ്ഞ് ബാരലിന് 71.58 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.28 ശതമാനം താഴ്ന്ന് 2687 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 83.70ൽ എത്തി.