ഉയരങ്ങൾ താണ്ടി നിഫ്റ്റി; തിളക്കത്തിൽ ഐടി ഓഹരികൾ
- ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് താങ്ങായി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.58 ലെത്തി
- അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 13.50 ലെത്തി.
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ഐടി ഓഹരികളുടെ കുതിപ്പിൽ നിഫ്റ്റി സർവ്വകാല ഉയരത്തിലെത്തി. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് താങ്ങായി. സെൻസെക്‌സ് 329.52 പോയിൻ്റ് ഉയർന്ന് 77,808.45 ലും നിഫ്റ്റി 100.1 പോയിൻ്റ് ഉയർന്ന് 23,667.10 ലുമാണ് വ്യാപാരം ആരംഭിച്ചത്.
എല്ലാ പ്രധാന ഐടി ഓഹരികളും പച്ചയിലാണ് വ്യാപാരം തുടരുന്നത്. എൽ ടി ഐമിൻഡ്‌ട്രീ, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിലെ മികച്ച പ്രകടനം കാഴ്ചവച്ചു. ടാറ്റ സ്റ്റീൽ, എച്ച്‌യുഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവ ഇടിവിലാണ്.
13 മേഖലാ സൂചികകളിൽ ഐടി, ഹെൽത്ത് കെയർ, ഫാർമ എന്നിവ മാത്രമാണ് പച്ചയിൽ വ്യാപാരം തുടരുന്നത്. നിഫ്റ്റി എഫ്എംസിജി സൂചിക കുത്തനെ ഇടിഞ്ഞു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 13.50 ലെത്തി.
ജൂലൈയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനെയാണ് നിക്ഷേപകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 415.30 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.15 ശതമാനം ഇടിഞ്ഞ് ബാരലിന് 85.58 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.30 ശതമാനം ഉയർന്ന് 2376 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.58 ലെത്തി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവിലാണ്. യുഎസ് വിപണികൾ വ്യാഴാഴ്ച സമ്മിശ്ര വ്യാപാരമായിരുന്നു.
വ്യാഴാഴ്ച സെൻസെക്‌സ് 141.34 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 77,478.93 ലും നിഫ്റ്റി 51 പോയിൻ്റ് അഥവാ 0.22 ശതമാനം ഉയർന്ന് 23,567 ലുമാണ് ക്ലോസ് ചെയ്തത്.