വാരാന്ത്യത്തിൽ നിഫ്റ്റിയും സെൻസെക്സും കുതിച്ചത് 1.7% ; കരുത്തേകി ഐടി ഓഹരികൾ
- ആഗോള വിപണികളെ റാലിയും വിപണിയെ നേട്ടത്തിലെത്തിക്കാൻ സഹായിച്ചു
- എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
- ബ്രെൻ്റ് ക്രൂഡ് 1.22 ശതമാനം ഇടിഞ്ഞ് ബാരലിന് 80.05 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെ. സെൻസെക്‌സ് 1,330 പോയിൻ്റ് ഉയർന്ന് രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 397 പോയിൻ്റ് ഉയർന്ന് 24,500 ലെവലിന് മുകളിലെത്തി. ഐടി ഓഹരികളുടെയും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെയും കുതിപ്പ് സൂചികകൾക്ക് കരുത്തേകി. ആഗോള വിപണികളെ റാലിയും വിപണിയെ നേട്ടത്തിലെത്തിക്കാൻ സഹായിച്ചു.
സെൻസെക്സ് 1,330.96 പോയിൻ്റ് അഥാവാ 1.68 ശതമാനം ഉയർന്ന് 80,436.84 ൽ ആണ് ക്ലോസ് ചെയ്തത്. രണ്ട് മാസത്തിനിടയിലെ സൂചികയുടെ ഒറ്റ ദിവസത്തെ നേട്ടമാണിത്. ഇൻട്രാഡേയിൽ സൂചിക 1,412.33 പോയിൻ്റ് അഥവാ 1.78 ശതമാനം ഉയർന്ന് 80,518.21 വരെ എത്തിയിരുന്നു. നിഫ്റ്റി 397.40 പോയിൻ്റ് അഥവാ 1.65 ശതമാനം ഉയർന്ന് രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 24,541.15 ൽ ക്ലോസ് ചെയ്തു.
സെൻസെക്സിൽ ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, അൾട്രാടെക് സിമൻ്റ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സൺ ഫാർമ മാത്രമാണ് ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞത്.
എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് 1.8 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 1.7 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളിൽ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.
"ജാപ്പനീസ് യെന്നിന്റെ സ്ഥിരത ആഗോള വിപണി വീണ്ടെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ശക്തമായ യുഎസ് റീട്ടെയിൽ വിൽപ്പനയും പ്രതിവാര തൊഴിലില്ലായ്മ ക്ലെയിമുകളിലെ ഇടിവും യുഎസ് മാന്ദ്യത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാൻ സഹായിച്ചു. യുഎസ് സിപിഐ പണപ്പെരുപ്പത്തിൽ കുറവുണ്ടായതിനാൽ വിപണി കുതിപ്പ് തുടർന്നു. ഇവയുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ഐടി ഓഹരികളിൽ ശക്തമായ വാങ്ങൽ പ്രകടനമായി,” ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,595.27 കോടി രൂപയുടെ ഓഹരികൾ വിറ്റിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 2,236.21 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബ്രെൻ്റ് ക്രൂഡ് 1.22 ശതമാനം ഇടിഞ്ഞ് ബാരലിന് 80.05 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.51 ശതമാനം നേട്ടത്തോടെ 2505 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 83.95 ൽ എത്തി.