എച്ച്‌ഡിഎഫ്‌സി കരുത്തിൽ വിപണിക്ക് പുതിയ ഹിസ്റ്ററി

  • നിഫ്റ്റി ബാങ്ക് സൂചിക എക്കാലത്തെയും ഉയർന്ന നിലയിൽ
  • ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഉയർന്ന് ബാരലിന് 86.32 ഡോളറിലെത്തി
  • ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം നൽകി

Update: 2024-07-03 11:15 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് പുതിയ ഉയരത്തിലാണ്. സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് കടന്നു. നിഫ്റ്റി 162 പോയിൻ്റിലധികം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയും തൊട്ടു. 

സെൻസെക്‌സ് 632.85 പോയിൻ്റ് അഥവാ 0.79 ശതമാനം ഉയർന്ന് 80,074.30 എന്ന റെക്കോർഡ് നിലയിലെത്തി. സൂചിക 545.35 പോയിൻ്റ് അഥവാ 0.69 ശതമാനം ഉയർന്ന് 79,986.80  ക്ലോസ് ചെയ്തു. സെൻസെക്‌സ് ജൂൺ 25-ന് 78,000 പോയിന്റും ജൂൺ 27-ന് 79,000 പോയിന്റും മറികടന്നു. നിഫ്റ്റി 162.65 പോയിൻ്റ് അഥവാ 0.67 ശതമാനം ഉയർന്ന് 24,286.50 ലാണ് ക്ലോസ് ചെയ്തത്. 

നിഫ്റ്റി ബാങ്ക് സൂചികയും ഇന്നത്തെ വ്യാപാരത്തിൽ 53,256.70 എന്ന പുതിയ ഉയരത്തിലെത്തി. സൂചിക 1.77 ശതമാനം ഉയർന്ന് 53,089.25 ആണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിൽ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, അദാനി പോർട്ട്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടിസിഎസ്, ടൈറ്റൻ കമ്പനി, റിലയൻസ് ഇൻഡസ്‌ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ് ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകൾ നിഫ്റ്റി മീഡിയ ഒഴികെയുള്ള എല്ലാ സൂചികകളും വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്. നിഫ്റ്റി പവർ, ക്യാപിറ്റൽ ഗുഡ്‌സ്, ബാങ്ക്, മെറ്റൽ സൂചികകൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഉയർന്നു.

എംഎസ്‌സിഐ സൂചികയിൽ പുനഃക്രമീകരണം നടത്തുമ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വെയ്‌റ്റേജ് വർധിക്കുമെന്നും എഫ്ഐഐകൾ ഓഹരികളിൽ കൂടുതൽ നിക്ഷേപം നടത്താൻ സാധ്യതയുണ്ടെന്ന കാരണം ഓഹരികളുടെ കുതിപ്പിന് ആക്കം കൂട്ടി. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയായ 1,794 രൂപയിലെത്തി.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം നൽകി.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ ക്ലോസ് ചെയ്തതും നേട്ടത്തിലായിരുന്നു.

ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഉയർന്ന് ബാരലിന് 86.32 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2000.12 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 83.52 എത്തി.

Tags:    

Similar News