എംപിസി മിനുറ്റ്സ്, യുഎസ് ജിഡിപി, ഐപിഒകള്‍: ഈ വാരത്തില്‍ ദലാല്‍ തെരുവിനെ സ്വാധീനിക്കുക എന്തൊക്കെ?

  • വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തി
  • ക്രൂഡ് ഓയില്‍ വില 75 ഡോളറിലേക്ക് ഉയര്‍ന്നേക്കാം
  • പോയവാരത്തില്‍ എല്ലാ മേഖലാ സൂചികകളും പച്ചയില്‍

Update: 2023-12-17 08:15 GMT

തുടര്‍ച്ചയായ ഏഴാം വാരത്തിലും നേട്ടവുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ആഗോള തലത്തിലെയും ആഭ്യന്തര തലത്തിലെയും ശുഭ സൂചനകള്‍, പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് യുഎസ് ഫെഡ് റിസര്‍വ് നീങ്ങുന്നത്, സൂക്ഷ്മ സാമ്പത്തിക ഘടകങ്ങള്‍, എഫ്ഐഐകളുടെ വാങ്ങല്‍ എന്നിവയെല്ലാം സെന്‍സെക്സിനെയും നിഫ്റ്റിയെയും പുതിയ ഉയരങ്ങളില്‍ എത്തിച്ചു. 

ബിഎസ്ഇ സെൻസെക്സ് 2.37 ശതമാനം ഉയർന്ന് 71,483 ൽ അവസാനിച്ചു, സര്‍വകാല ഉയരമായ 71,605 ലും ഇടവ്യാപാരത്തില്‍ സൂചിക എത്തി. നിഫ്റ്റി-50 2.32 ശതമാനം ഉയർന്ന് 21,456 ൽ ക്ലോസ് ചെയ്തു, ഇടവ്യാപാരത്തില്‍ നിഫ്റ്റി 21,492.30 എന്ന സര്‍വകാല ഉയരം തൊട്ടു. വിപണിയുടെ ബുള്ളിഷ് പ്രവണത നിലനില്‍ക്കുകയാണെങ്കിലും കണ്‍സോളിഡേഷനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

വിശാല വിപണികളിലും നേട്ടം

നിഫ്റ്റി മിഡ്‌ക്യാപ്-100 2.67 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി സ്‌മോൾക്യാപ്-100 3.35 ശതമാനം ഉയർന്നു. അടുത്ത വർഷം യുഎസ് ഫെഡറൽ റിസർവ് മൂന്ന് നിരക്കിളവുകള്‍ നടത്തുമെന്ന് സൂചിപ്പിച്ചതിനെത്തുടർന്ന് നിഫ്റ്റി ഐടി 7 ശതമാനവും നിഫ്റ്റി പിഎസ്‌യു ബാങ്ക്, മെറ്റൽ സൂചികകൾ 5 ശതമാനം വീതവും ഉയർന്നു, നിഫ്റ്റി റിയൽറ്റി സൂചിക ഏകദേശം 4 ശതമാനം നേട്ടം കൈവരിച്ചു. എല്ലാ മേഖലാ സൂചികകളും പച്ചയിലാണ് കഴിഞ്ഞ വാരത്തിലെ വ്യാപാരം അവസാനിപ്പിച്ചത്. 

പുതിയ വാരത്തില്‍ ആര്‍ബിഐ ധനനയ യോഗത്തിന്‍റെ മിനുറ്റ്സും യുഎസിന്‍റെ മൂന്നാംപാദ ജിഡിപി വളര്‍ച്ചാ റിപ്പോര്‍ട്ടും ബാങ്ക് ഓഫ് ജപ്പാന്‍റെ ധനനയവും ഐപിഒകളും വിപണിയില്‍ സ്വാധീനം ചെലുത്തും. 

ധനനയ സമിതി യോഗത്തിന്‍റെ മിനുറ്റ്സ്

ഡിസംബർ 22ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ അവസാന നയ യോഗത്തിന്റെ മിനുറ്റ്സ് പ്രസിദ്ധീകരിക്കും. ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാൾ ഉയര്‍ന്ന നിലയില്‍ വിലക്കയറ്റം തുടരുന്നതിനാൽ, ഡിസംബർ 8ന് അവസാനിച്ച ധനനയ യോഗത്തില്‍ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തുന്നതിനാണ് കേന്ദ്ര ബാങ്ക് തീരുമാനിച്ചത്. 

നിരക്ക് നിശ്ചയിക്കുന്ന പാനൽ പണപ്പെരുപ്പത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഡാറ്റയ്ക്ക് അനുസൃതമായി നിരക്ക് ക്രമപ്പെടുത്താന്‍ തയാറാണെന്നും  എംപിസി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിഗമനം ഉയര്‍ത്തിയ കേന്ദ്രബാങ്ക് പണപ്പെരുപ്പ നിഗമനം മാറ്റമില്ലാതെ നിലനിര്‍ത്തി.

ആര്‍ബിഐ വീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ വിപണി പങ്കാളികള്‍ എംപിസി യോഗത്തിന്‍റെ മിനുറ്റ്സ് പരിശോധിക്കും.

പ്രാഥമിക വിപണിയുടെ പ്രവര്‍ത്തനങ്ങള്‍

ഐപിഒകള്‍ സജീവമായ ഒരു വാരമാണ് ആഭ്യന്തര ഓഹരി വിപണികളെ കാത്തിരിക്കുന്നത്. 12 ഐപിഒകള്‍ ഈ വാരത്തില്‍ സബ്‍സ്ക്രിപ്ഷനായി തുറക്കും. ഇതില്‍ എട്ടെണ്ണം മെയിന്‍ ബോര്‍ഡിലും നാലെണ്ണം എസ്എംഇവിഭാഗത്തിലുമാണ്. 4500 കോടി രൂപയ്ക്ക് മുകളിലുള്ള സമാഹരണമാണ് ഈ വാരത്തില്‍ ഐപിഒ വിപണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 

5 എസ്എംഇ ലിസ്‍റ്റിംഗുകള്‍ ഉള്‍പ്പടെ 8 ലിസ്‍റ്റിംഗുകളും ഈ വാരത്തില്‍ ഉണ്ടാകും.

യുഎസ് ജിഡിപി കണക്ക്

സെപ്തംബർ പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച അന്തിമ കണക്കുകൾ ഈ വാരത്തില്‍ പുറത്തുവരുന്നത് ആഗോള നിക്ഷേപകർ നിരീക്ഷിക്കും. നവംബറിൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ എസ്റ്റിമേറ്റിൽ, യുഎസ് സമ്പദ്‌വ്യവസ്ഥ 5.2 ശതമാനം നിരക്കിൽ വളർന്നുവെന്നാണ് നിരീക്ഷിച്ചത്. ഒക്ടോബറിൽ പ്രസിദ്ധീകരിച്ച 4.9 ശതമാനം എന്ന പ്രാഥമിക കണക്കിനേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു ഇത്.

ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 2.1 ശതമാനം വളർച്ചാ നിരക്കിനേക്കാൾ വളരെ മികച്ചതാണ് മൂന്നാം പാദത്തിലെ വളര്‍ച്ച. മുന്‍വര്‍ഷം സമാനപാദത്തിലെ കുറഞ്ഞ അടിത്തറയും ഇതിന് കാരണമാണ്. 

ക്രൂഡ് ഓയില്‍ വിലയുടെ പോക്ക്

2024-ൽ ആഗോള എണ്ണ ആവശ്യകതയില്‍ പ്രതിദിനം 1.1 ദശലക്ഷം ബാരലിന്‍റെ വര്‍ധന പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ എനർജി ഏജൻസി നിരീക്ഷിച്ചു. 930,000 ബാരൽ എന്ന മുൻ പ്രവചനത്തിൽ നിന്ന് അൽപം ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷയാണിത്.

ക്രൂഡ് ഓയിൽ സമീപ ഭാവിയില്‍ 75 ഡോളറിലേക്ക് ഉയർന്നേക്കാം എന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. അസംസ്‌കൃത എണ്ണ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുന്നതിനാൽ ക്രൂഡ്ഓയിവ്‍ വില ഓഹരി വിപണി പങ്കാളികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപകർ വൻതോതിൽ തിരിച്ചെത്തി എന്നതാണ് ഡിസംബറില്‍ ദലാല്‍ തെരുവിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 75,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ച എഫ്‌ഐഐകൾ (വിദേശ സ്ഥാപന നിക്ഷേപകർ) ഡിസംബറിൽ ഇതുവരെ 29,700 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയിട്ടുണ്ട്.

"എഫ്‍പിഐകൾ ബാങ്കിംഗ്, ഐടി വിഭാഗങ്ങളിലെ ഓഹരികൾ വൻതോതിൽ വാങ്ങിയിട്ടുണ്ട്. എഫ്‍പിഐകളുടെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ.  വരും വർഷങ്ങളിൽ സുസ്ഥിരമായ വളർച്ചയ്ക്കായി വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ഇന്ത്യയ്ക്ക് മികച്ച സാധ്യതകളുണ്ടെന്ന് ആഗോള നിക്ഷേപക സമൂഹം കരുതുന്നു,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു. 

Tags:    

Similar News