ചാഞ്ചാട്ടങ്ങളിൽ ഉലഞ്ഞ് വിപണി; 15% ഉയർന്ന് ഇന്ത്യ വിക്സ്
- ഹെവിവെയ്റ്റുകളിലെ ലാഭമെടുപ്പ് വിപണിക്ക് വിനയായി
- മിഡ്, സ്മോൾക്യാപ് സെഗ്‌മെൻ്റുകൾ ഇന്നത്തെ വ്യാപാരത്തിൽ ഉയർന്ന നഷ്ടം നേരിട്ടു
- ബ്രെൻ്റ് ക്രൂഡ് 0.80 ശതമാനം ഉയർന്ന് ബാരലിന് 83.62 ഡോളറിലെത്തി
ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് സമ്മിശ്രമായി. ഹെവിവെയ്റ്റുകളിലെ ലാഭമെടുപ്പ് വിപണിക്ക് വിനയായി. സെൻസെക്സ് 17.39 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 73,895.54 ലും നിഫ്റ്റി 33.15 പോയിൻ്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 22,442.70 ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കൺസൾട്ടൻസി, ഹിന്ദുസ്ഥാൻ യുണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, അപ്പോളോ ഹോസ്പിറ്റൽസ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടൈറ്റൻ കമ്പനി, അദാനി എൻ്റർപ്രൈസസ്, കോൾ ഇന്ത്യ, ഭാരത് പെട്രോളിയം, എസ്ബിഐ, അദാനി പോർട്ട്സ് എന്നീ ഓഹരികൾ ഇടിഞ്ഞു.
മിഡ്, സ്മോൾക്യാപ് സെഗ്‌മെൻ്റുകൾ ഇന്നത്തെ വ്യാപാരത്തിൽ ഉയർന്ന നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 1.06 ശതമാനം നഷ്ടം നേരിട്ടു.
സമീപകാല അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 15 ശതമാനത്തോളം ഉയർന്ന് 16.58 ലെത്തി. ഏപ്രിൽ 23-ന് രേഖപ്പെടുത്തിയ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 9.85-ൽ നിന്നും കുത്തനെയുള്ള തിരിച്ചുവരവാണിത്. പൊതുതിരഞ്ഞെടുപ്പ് സമയത്ത് അസ്ഥിരത സാധാരണഗതിയിൽ വർധിക്കാറുണ്ട്.
മാർച്ചിൽ അവസാനിച്ച പാദത്തിലെ മങ്ങിയ ഫലങ്ങൾ കാരണം ടൈറ്റൻ 7 ശതമാനം ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൻടിപിസി, പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, ലാർസൺ ആൻഡ് ടൂബ്രോ എന്നിവ വലിയ ഇടിവ് നേരിട്ടു.
"ആഭ്യന്തര സൂചികകൾ റേഞ്ച് ബൗണ്ട് രീതിയിലാണ് വ്യാപാരം നടത്തിയതെന്ന്" ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു. മൂല്യനിർണ്ണയ ആശങ്കകളും മിഡ്, സ്‌മോൾ ക്യാപ്പുകളിലെ ലാഭമെടുപ്പും സൂചികകളിൽ വലിയ വിൽപ്പന സമ്മർദ്ദത്തിന് സാക്ഷ്യം വഹിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രെൻ്റ് ക്രൂഡ് 0.80 ശതമാനം ഉയർന്ന് ബാരലിന് 83.62 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.84 ശതമാനം ഉയർന്ന് 2328 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 83.50 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) വെള്ളിയാഴ്ച 2,391.98 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായും ഹോങ്കോങ്ങും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും വിപണികൾ അവധി ദിവസങ്ങൾക്കായി അടച്ചിരുന്നു.യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച മികച്ച നേട്ടത്തോടെയാണ് യുഎസ് വിപണികൾ വ്യാപാരം അവസാനിച്ചത്.
ഇന്ത്യയുടെ എച്ച്എസ്ബിസി സർവീസസ് പർച്ചേസിംഗ് മാനേജർ സൂചിക മാർച്ചിലെ 61.2ൽ നിന്ന് ഏപ്രിലിൽ 60.8ലേക്ക് താഴ്ന്നു. ഇത് 61.7 എന്ന ഫ്ലാഷ് എസ്റ്റിമേറ്റിനേക്കാൾ കുറവായിരുന്നു, പ്രധാനമായും പുതിയ കയറ്റുമതി ഓർഡറുകളിലെ മോഡറേഷനായിരുന്നു ഇതിന് കാരണം.
വെള്ളിയാഴ്ച്ച സെൻസെക്സ് 732.96 പോയിൻ്റ് അഥവാ 0.98 ശതമാനം ഇടിഞ്ഞ് 73,878.15 ലും നിഫ്റ്റി 172.35 പോയിൻ്റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 22,475.85 ലുമാണ് ക്ലോസ് ചെയ്തത്.