വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; ബജറ്റും കാത്ത് നിക്ഷേപകർ

  • ബജറ്റിന് ഒരു ദിവസം ബാക്കി നിൽക്കെ നിക്ഷേപകർ ജാഗ്രത പുലർത്തിയത് വിപണിയെ ഇടിവിലേക്ക് നയിച്ചു
  • നിഫ്റ്റി പവർ, റിയാലിറ്റി സൂചികകളാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്
  • ബ്രെൻ്റ് ക്രൂഡ് 0.67 ശതമാനം ഉയർന്ന് ബാരലിന് 83.18 ഡോളറിലെത്തി

Update: 2024-07-22 05:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലാണ്. ബജറ്റിന് ഒരു ദിവസം ബാക്കി നിൽക്കെ നിക്ഷേപകർ ജാഗ്രത പുലർത്തിയത് വിപണിയെ ഇടിവിലേക്ക് നയിച്ചു. ആഗോള വിപണികളിലെ ദുർബലമായ വ്യാപാരം സൂചികകളെ വലച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളിലെ കുത്തനെയുള്ള ഇടിവും വിപണിക്ക് വിനയായി. സെൻസെക്സ് 504 പോയിൻ്റ് ഇടിഞ്ഞ് 80,100.65 ലും നിഫ്റ്റി 168.6 പോയിൻ്റ് താഴ്ന്ന് 24,362.30 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

നിഫ്റ്റിയിൽ ഗ്രാസിം, ഐടിസി, ബ്രിട്ടാനിയ, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത്. നിഫ്റ്റി വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് ഇടിഞ്ഞത്.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി പവർ, റിയാലിറ്റി സൂചികകളാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. നിഫ്റ്റി ഓട്ടോ, ഇൻഫ്രാ, മെറ്റൽ സൂചികകളും ഏകദേശം ഒരു ശതമാനം വീതം താഴ്ന്നു. 13 സൂചികകളിൽ ഐടിസി, നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയുടെ നേതൃത്വത്തിൽ എഫ്എംസിജി മാത്രമാണ് നേട്ടമുണ്ടാക്കിയത്.

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.6, 0.8 ശതമാനം താഴ്ന്നു. ഇന്ത്യ വിക്സ് സൂചിക 4.2 ശതമാനം ഉയർന്ന് 16-ൽ എത്തി.

എച്ച്‌ഡിഎഫ്‌സി ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും വാരാന്ത്യത്തിൽ ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചതിനാൽ ബാങ്ക് ഓഹരികളിൽ ചാഞ്ചാട്ടം കാണാം. ബാങ്ക് നിഫ്റ്റി 0.6 ശതമാനം താഴ്ന്ന് 51,976 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. എച്ച്‌ഡിഎഫ്‌സിയുടെ അറ്റാദായം 35.3 ശതമാനം ഉയർന്ന് 16,174.75 കോടി രൂപയായപ്പോൾ കൊട്ടാക്കിൻ്റെ അറ്റാദായം 81 ശതമാനം ഉയർന്നു. എച്ച്‌ഡിഎഫ്‌സിയുടെ ഓഹരികൾ 0.3 ഉയർന്നപ്പോൾ കൊട്ടക് ഓഹരികൾ 2 ശതമാനത്തിലധികം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിൽ നിലയിൽ വ്യാപാരം നടത്തുമ്പോൾ ഹോങ്കോംഗ് നേട്ടത്തിലാണ്. വെള്ളിയാഴ്ച്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.67 ശതമാനം ഉയർന്ന് ബാരലിന് 83.18 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 1,506.12 കോടി രൂപയുടെ ഓഹരികൾ വാങ്ങി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ താഴ്ന്ന് 83.65 എത്തി.

Tags:    

Similar News