വിപണിയിൽ അസ്ഥിരത തുടരുന്നു; കുത്തനെ ഇടിഞ്ഞ് സൂചികകൾ
- ആഗോള വിപണികളിലെ മന്ദഗതിയിലുള്ള വ്യാപാരം സൂചികകളെ ഇടിവിലേക്ക് നയിച്ചു
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
- നാസ്‌ഡാക്ക് ഫ്യൂച്ചറുകൾ 2% ഇടിഞ്ഞതോടെ യുഎസ് ഫ്യൂച്ചറുകൾ ചുവപ്പിലാണ്
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് കുത്തനെയുള്ള ഇടിവിലാണ്. ആഗോള വിപണികളിലെ മന്ദഗതിയിലുള്ള വ്യാപാരം ആഭ്യന്തര സൂചികകളെ ഇടിവിലേക്ക് നയിച്ചു. വിദേശ നിക്ഷേപകരുടെ ഉയർന്നു വന്ന വില്പനയും വിപണിയെ ബാധിച്ചു.
സെൻസെക്‌സ് 2,401.49 പോയിൻ്റ് ഇടിഞ്ഞ് 78,580.46 ലും നിഫ്റ്റി 489.65 പോയിൻ്റ് താഴ്ന്ന് 24,228.05 എന്ന നിലയിലെത്തി.
സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, അദാനി പോർട്ട്‌സ്, മാരുതി, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നീ ഓഹരികൾ ഇടിഞ്ഞു. സൺ ഫാർമയും ഹിന്ദുസ്ഥാൻ യുണിലിവറും നേട്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, റിയൽറ്റി, മെറ്റൽ സൂചികകൾ ഏകദേശം 3 ശതമാനം വീതം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ കുത്തനെ ഇടിഞ്ഞു, ഷാങ്ഹായ് നേരിയ നേട്ടത്തിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ കാര്യമായ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
നാസ്‌ഡാക്ക് ഫ്യൂച്ചറുകൾ 2 ശതമാനത്തിലധികം ഇടിഞ്ഞതോടെ യുഎസ് ഫ്യൂച്ചറുകൾ ചുവപ്പിലാണ്. ഏഷ്യയിൽ നിക്കിയും ടോപിക്സും 7 ശതമാനത്തോളം ഇടിഞ്ഞതിനാൽ ജാപ്പനീസ് വിപണികൾ നഷ്ടത്തിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) വെള്ളിയാഴ്ച 3,310 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഉയർന്ന് ബാരലിന് 77.08 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.83 ശതമാനം ഉയർന്ന് 2489 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 83.80ലേക്ക് എത്തി.