വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; സൂചികകൾക്ക് ആരംഭം നേട്ടത്തോടെ
- ഏഷ്യൻ വിപണികളിലെ കുതിപ്പ് ആഭ്യന്തര വിപണിയിലും ദൃശ്യമായി
- സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്
- സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2365 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 500 പോയിൻ്റ് ഉയർന്നും നിഫ്റ്റി 22,610 ന് മുകളിലുമാണ് വ്യാപാരം തുടങ്ങിയത്. തുടർന്നുള്ള വ്യാപാരത്തിൽ സൂചികകൾ ഇടിവിലേക്ക് നീങ്ങി. മിക്ക മേഖലാ സൂചികകളും ആദ്യഘട്ട വ്യാപാരത്തിൽ നേട്ടത്തിലായിരുന്നു. ഏഷ്യൻ വിപണികളിലെ കുതിപ്പ് ആഭ്യന്തര വിപണിയിലും ദൃശ്യമായി. സാമ്പത്തിക സേവനങ്ങളും ടെലികോം ഓഹരികളുമാണ് നിഫ്റ്റിയിലെ നേട്ടത്തിന് ആക്കം കൂട്ടിയത്. അതേസമയം, ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ ഇടിഞ്ഞു.
സെൻസെക്‌സ് 465 പോയിൻ്റ് ഉയർന്ന് 74,350ലും നിഫ്റ്റി 122 പോയിൻ്റ് ഉയർന്ന് 22,610ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ അദാനി എൻ്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, ശ്രീറാം ഫിനാൻസ്, അൾട്രാടെക് സിമൻ്റ് എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എൽ ടി ഐ മൈൻഡ്ട്രീ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ദിവിസ് ലാബ്സ്, ഭാരത് പെട്രോളിയം, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്, 0.68 ശതമാനം ഇടിവ്. സൂചികയിൽ ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര ഒഴികെ ബാക്കി ഏഴ് ഓഹരികളും നഷ്ടത്തിലാണ്
ഏഷ്യൻ വിപണികളിൽ ഓസ്‌ട്രേലിയൻ, ജാപ്പനീസ് ഓഹരികൾ നേട്ടമുണ്ടാക്കി, അതേസമയം ഹോങ്കോങ്ങിലെ ഇക്വിറ്റി ഫ്യൂച്ചറുകളും കുതിച്ചു. യുഎസ് വിപണികൾ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. എസ് ആൻ്റ് പി 500 സൂചിക 5,230 ലെത്തി. നാസ്ഡാക്ക് 100 ഒരു ശതമാനത്തോളം ഇടിഞ്ഞു.
സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2365 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.28 ലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.17 ശതമാനം താഴ്ന്ന് 81.70 ഡോളറിലെത്തി.