വിപണിയിൽ അസ്ഥിരത തുടരുന്നു; കുത്തനെ ഇടിഞ്ഞ് ആഭ്യന്തര സൂചികകൾ

  • എഫ്എംസിജി, ഐടി ഓഹരികളാണ് സൂചികകളുടെ ഇടിവിന് പ്രധാന കാരണങ്ങൾ
  • നിഫ്റ്റിയിലെ 50 ഓഹരികളിൽ എട്ട് ഓഹരികൾ മാത്രമാണ് പച്ചയിൽ വ്യാപാരം ആരംഭിച്ചത്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ നേട്ടത്തോടെ 83.41 ലെത്തി

Update: 2024-05-30 05:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് കുത്തനെയുള്ള ഇടിവോടെയാണ്. തിരഞ്ഞെടുപ്പ് അനിശ്ചിതത്വം വിപണിയിൽ തുടരുന്നത് ഇടിവിന് കാരണമായി. അധികരിച്ചു വരുന്ന ലാഭമെടുപ്പും സൂചികകളെ വലച്ചു. മെയ് മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ എക്സ്പയറിയും സൂചികകൾക്ക് വിനയായി. തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതുവരെ അസ്ഥിരത ഉയർന്ന നിലയിൽ തുടരുമെന്ന് വിപണി വിദഗ്ധർ പറഞ്ഞു.

നിലവിൽ സെൻസെക്‌സ് 343.04 പോയിൻറ് അഥവാ 0.46 ശതമാനം താഴ്ന്ന് 74,159.86ലും നിഫ്റ്റി 113.65 പോയിൻ്റ് അഥവാ 0.5 ശതമാനം താഴ്ന്ന് 22,591.05ലുമാണ് വ്യാപാരം നടത്തുന്നത്.

നിഫ്റ്റിയിലെ 50 ഓഹരികളിൽ എട്ട് ഓഹരികൾ മാത്രമാണ് പച്ചയിൽ വ്യാപാരം ആരംഭിച്ചത്. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ ഇന്ത്യ, ടൈറ്റൻ, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നീ ഓഹരികൾ ഇടിഞ്ഞു.

എഫ്എംസിജി, ഐടി ഓഹരികളാണ് സൂചികകളുടെ ഇടിവിന് പ്രധാന കാരണങ്ങൾ. ടാറ്റ സ്റ്റീൽ അറ്റാദായത്തിൽ 64 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് തുടക്കവ്യാപാരത്തിൽ തന്നെ ഓഹരികൾ 2.5 ശതമാനം ഇടിഞ്ഞു

സെക്ടറൽ സൂചികകൾ 

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്കും നിഫ്റ്റി പിഎസ്‌യു ബാങ്കും ഒരു ശതമാനം വീതം ഉയർന്നു. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്‌ബിഐ എന്നിവയാണ് ബാങ്ക് സൂചികയേ നേട്ടത്തിലെത്തിച്ചത്.

ഇന്ത്യ വിക്സ് 0.5 ശതമാനം ഉയർന്ന് 24.3 ലെത്തി. എൻഡിഎ സർക്കാർ നേടുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ കാരണം വിപണികൾ അസ്ഥിരമായി തുടരാമെന്ന് സ്വതന്ത്ര മാർക്കറ്റ് അനലിസ്റ്റായ അംബരീഷ് ബാലിഗ പറഞ്ഞു.

ആഗോള വിപണികൾ 

ഏഷ്യൻ വിപണികളിൽ  ഷാങ് ഹായ്, ഓസ്ട്രേലിയ അര ശതമാനത്തോളം ഇടിഞ്ഞു. ഹാംഗ് സെങ്, ജപ്പാന്റെ നിക്കെ, സൗത്ത് കൊറിയയുടെ കോസ്‌പി ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ട്രഷറി യീൽഡുകളുടെ വർദ്ധനവും ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള അനിശ്ചിതത്വവും കാരണം യുഎസ് വിപണികൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.

സ്വർണം ട്രോയ് ഔൺസിന് 0.33 ശതമാനം താഴ്ന്ന് 2336 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ നേട്ടത്തോടെ 83.41 ലെത്തി. ബ്രെന്റ് ക്രൂഡ് നേരിയ ഇടിവിൽ 83.25 ഡോളറിലെത്തി.

Tags:    

Similar News