ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുലുങ്ങാതെ വിപണി
- ദിവസത്തിലെ എല്ലാ നേട്ടങ്ങളും സൂചികകൾ ഉച്ച കഴിഞ്ഞുള്ള വ്യാപാരത്തിൽ തുടച്ചുനീക്കി
- നിഫ്റ്റി മെറ്റലും റിയാലിറ്റിയും 0.8 ശതമാനവും 1.2 ശതമാനവും നേട്ടം നൽകി
- അദാനി ഗ്രൂപ്പിലെ എട്ട് ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ രണ്ടെണ്ണം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
അസ്ഥിരമായ വ്യാപാരത്തിനൊടുവിൽ നിഫ്റ്റിയും സെൻസെക്സും നേരിയ ഇടിവോടെയാണ് ക്ലോസ് ചെയ്തത്. ദിവസത്തിലെ എല്ലാ നേട്ടങ്ങളും ഉച്ച കഴിഞ്ഞുള്ള വ്യാപാരത്തിൽ തുടച്ചുനീക്കി. എഫ്എംസിജി, പിഎസ്‌യു ബാങ്ക് ഓഹരികളുടെ ഇടിവ് വിപണിയെ ബാധിച്ചു.
യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് നിക്ഷേപകർ ജാഗ്രത പുലർത്തിയതാണ് വിപണി ഇടിവിലേക് നീങ്ങാൻ കാരണം. സെബി ചെയർപേഴ്സണെയും അവരുടെ ഭർത്താവിൻ്റെ ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിലെ നിക്ഷേപത്തെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. മാധബി പുരി ബുച്ച് അദാനിയുമായി ബന്ധപ്പെട്ടുള്ള ഓഫ്‌ഷോർ സ്ഥാപങ്ങളുടെ ഓഹരികൾ കൈവശം വച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട്.
സെൻസെക്സ് 56.99 പോയൻ്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 79,648.92ലും നിഫ്റ്റി 20.50 പോയൻ്റ് അഥവാ 0.08 ശതമാനം താഴ്ന്ന് 24,347.00ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1763 ഓഹരികൾ നേട്ടത്തിലെത്തി. 1810 ഓഹരികൾ ഇടിഞ്ഞു, 84 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഹീറോ മോട്ടോകോർപ്പ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഇൻഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറിൽ സൂചികകൾ
എസ്ബിഐ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ ഓഹരികളുടെ ഇടിവിനെ തുടർന്ന് നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം നഷ്ടം നൽകി. നിഫ്റ്റി എഫ്എംസിജി, എനർജി സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി മെറ്റലും റിയാലിറ്റിയും 0.8 ശതമാനവും 1.2 ശതമാനവും നേട്ടം നൽകി.
മിഡ് ക്യാപ്, സ്മോൾക്യാപ് സൂചികകൾ അര ശതമാനം വരെ ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക മൂന്ന് ശതമാനത്തിലധികം ഉയർന്ന് 16 ൽ എത്തി.
ചുവപ്പണിഞ്ഞ് അദാനി ഓഹരികൾ
ഇന്ന് അദാനി ഓഹരികളിലായിരുന്നു നിക്ഷേപകരുടെ പ്രധാന ശ്രദ്ധ. അദാനി ഗ്രൂപ്പിലെ എട്ട് ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ രണ്ടെണ്ണം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അദാനി വിൽമറും അദാനി ടോട്ടൽ ഗ്യാസും 4 ശതമാനം വീതം ഇടിഞ്ഞു, മുൻനിര സ്ഥാപനമായ അദാനി എൻ്റർപ്രൈസസ് ഒരു ശതമാനത്തിലധികം താഴ്ന്നു. എസിസി സിമെന്റ്സും അദാനി പവറും ഒരു ശതമാനത്തോളം ഇടിഞ്ഞു. അദാനി പോർട്സ് രണ്ടര ശതമാനം ഇടിവ് രേഖപെടുത്തിയപ്പോൾ അദാനി എനർജി മൂന്നര ശതമാനം നഷ്ടം നൽകി. അദാനി ഓഹരികളിൽ ഇന്ന് നേട്ടം നൽകിയത് അംബുജ സിമെന്റ്സും അദാനി ഗ്രീൻ എനർജിയുമാണ്.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ സിയോളും ഹോങ്കോങ്ങും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ടോക്കിയോയിലെയും ബാങ്കോക്കിലെയും വിപണികൾക്ക് ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ പച്ചയിലാണ് വായ്പാരം നടത്തുന്നത്. വെള്ളിയാഴ്ച യു എസ് വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 406.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.83 ശതമാനം ഉയർന്ന് ബാരലിന് 80.32 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.29 ശതമാനം ഉയർന്ന് 2481 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.97ൽ എത്തി.