വിപണി പ്രവണത നെഗറ്റിവില്‍ തുടരുന്നു, ക്രൂഡിന് നേരിയ ഇടിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • വിപ്രൊയുടെ വരുമാനത്തില്‍ ഇടിവ്
  • ഏഷ്യന്‍ ഓഹരി വിപണികളില്‍ പൊതുവേ ഇടിവ്

Update: 2023-10-19 02:27 GMT

ഇന്നലെ ആഭ്യന്തര വിപണിസൂചികകള്‍ വലിയ തിരുത്തലിനാണ് സാക്ഷ്യം വഹിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 551 പോയിന്റ് ഇടിഞ്ഞ് 65,877ലും നിഫ്റ്റി 50 140 പോയിന്റ് ഇടിഞ്ഞ് 19,671 ലും എത്തി. വിപണികളില്‍ യുദ്ധ ഭീതി കനത്തതും ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലേക്ക് എത്തിയതും യുഎസ് ഫെഡ് റിസര്‍വ് ഉയര്‍ന്ന പലിശ നിരക്ക് ദീര്‍ഘകാലം നിലനിര്‍ത്താനുള്ള സാധ്യതയുമാണ് നിക്ഷേപകരെ പ്രധാനമായും നിരാശയിലാക്കിയത്. ബാങ്കിംഗ്, ധനകാര്യ മേഖലയിലെ ഓഹരികളാണ് വലിയ ഇടിവ് പ്രകടമാക്കിയത്. 

ഇന്നലെ വൈകിട്ട് പുറത്തുവന്ന വിപ്രൊയുടെ രണ്ടാം പാദ ഫലങ്ങളും ഐടി മേഖലയുടെ വരുമാന പ്രതീക്ഷകള്‍ ഇടിയുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഇത് ഐടി ഓഹരികള്‍ വീണ്ടും താഴോട്ട് പോകുന്നതിന് ഇടയാക്കിയേക്കും. ലോഹ, ഖനന മേഖലകളിലെ കമ്പനികളുടെ ഫലങ്ങളും സമ്മിശ്രമായിരിക്കും എന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,666-ലും തുടർന്ന് 19,625-ലും 19,561-ലും പിന്തുണ സ്വീകരിച്ചേക്കാം എന്നാണ് വിലയിരുത്തല്‍. മുന്നേറ്റം ഉണ്ടായാല്‍ 19,796 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,836ഉം 19,901ഉം.

ആഗോള വിപണികളില്‍ ഇന്ന്

ട്രഷറി ആദായം വീണ്ടും ഉയരുകയും നിക്ഷേപകർ ത്രൈമാസ കോർപ്പറേറ്റ് ഫലങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ യുഎസ് വിപണികള്‍ ബുധനാഴ്ചത്തെ വ്യാപാരത്തില്‍ കുത്തനെ താഴ്ന്നു. മധ്യേഷ്യയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയുന്ന പ്രവണത ശക്തമാണ്. വാൾസ്ട്രീറ്റിലെ നിക്ഷേപകരുടെ ആശങ്കയെ വ്യക്തമാക്കുന്ന  ചാഞ്ചാട്ട സൂചിക കുതിച്ചു.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.98 ശതമാവും എസ് & പി 500 1.34 ശതമാവും നാസ്ഡാക്ക് കോമ്പോസിറ്റ്  1.13 ശതമാനവും ഇടിഞ്ഞു.

ഏഷ്യ-പസഫിക് വിപണികള്‍ പൊതുവേ നഷ്ടത്തിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, ഹോംഗ്കോംഗ് എന്നീ രാജ്യങ്ങളിലെ പ്രധാന വിപണികള്‍ ചുവപ്പില്‍ വ്യാപാരം നടത്തുന്നു. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഗിഫ്റ്റ് നിഫ്റ്റി 24 പോയിന്‍റ് നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം ഇടിവിലായിരിക്കും എന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധനേടുന്ന ഓഹരികള്‍

ബജാജ് ഓട്ടോ: പൂനെ ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ കമ്പനി രണ്ടാം പാദത്തിൽ 1,836.1 കോടി രൂപ ലാഭം രേഖപ്പെടുത്തി, 20 ശതമാനം വാര്‍ഷിക വളര്‍ച്ച. സ്‍റ്റാന്‍റ് എലോണ്‍ വരുമാനം 5.6 ശതമാനം വർധിച്ച് 10,777.3 കോടി രൂപയായി, ഇരട്ട അക്ക വോളിയം വളർച്ച രേഖപ്പെടുത്തി. അനലിസ്റ്റുകളുടെ പ്രവചനത്തിനു മുകളിലുള്ള പ്രകടന കണക്കുകളാണ് പുറത്തുവന്നത്. 

വിപ്രോ: രണ്ടാം പാദത്തിലെ പ്രവര്‍ത്തന വരുമാനം മുന്‍ പാദത്തില്‍ നിന്ന്  1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി 22,395.8 കോടി രൂപയായി. ഡോളര്‍ വരുമാനം 2.3 ശതമാനം ഇടിഞ്ഞ് 2,713.3 മില്യൺ ഡോളറായി. ഐടി സേവന ബിസിനസ് വിഭാഗത്തിൽ നിന്നുള്ള വരുമാനം സ്ഥിര കറൻസി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ 3.5-1.5 ശതമാനം ഇടിഞ്ഞ് 2,617-2,672 മില്യൺ ഡോളര്‍ ആയിരിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു. 

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: സെപ്തംബറിൽ അവസാനിച്ച പാദത്തിലെ സ്‍റ്റാന്‍റ് എലോണ്‍ ലാഭം 22.09 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 2,181.5 കോടി രൂപയായി. അറ്റ ​​പലിശ വരുമാനം 18 ശതമാനം വർധിച്ച് 5,076.7 കോടി രൂപയിലെത്തി, അതേസമയം അറ്റ ​​പലിശ മാർജിൻ മുന്‍ പാദത്തിലേതിനു സമാനമായി 4.29 ശതമാനമാണ്.

എല്‍ടിഐ മിന്‍റ്‍ട്രീ:  ജൂലൈ-സെപ്റ്റംബർ കാലയളവിൽ മുന്‍പാദത്തെ അപേക്ഷിച്ച് ലാഭം 0.9 ശതമാനം ഉയർന്ന്  1,161.8 കോടി രൂപയായും വരുമാനം 2.3 ശതമാനം വർധിച്ച് 8,905.4 കോടി രൂപയായും മാറി. ഡോളർ അടിസ്ഥാനത്തിലുള്ള വരുമാനം 1.6 ശതമാനം വർധിച്ച് 1,075.5 മില്യൺ ഡോളറിലെത്തി. ഓഹരി ഒന്നിന് 20 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

പെർസിസ്റ്റന്റ് സിസ്റ്റംസ്: പൂനെ ആസ്ഥാനമായുള്ള ടെക്‌നോളജി സർവീസ് കമ്പനി സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 263.3 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്തു, മുന്‍പാദത്തെ അപേക്ഷിച്ച് 15.1 ശതമാനം വളർച്ച.  വരുമാനം 3.9 ശതമാനം ഉയർന്ന് 2,411.7 കോടി രൂപയായി. ഡോളർ അടിസ്ഥാനത്തിലുള്ള വരുമാനം 3.1 ശതമാനം വർധിച്ച് 291.7 മില്യൺ ഡോളറിലെത്തി, സ്ഥിരമായ കറൻസി മൂല്യത്തില്‍ വരുമാനം 3.2 ശതമാനം വർദ്ധിച്ചു, ഇത് വിശകലന വിദഗ്ധരുടെ കണക്കുകളേക്കാൾ മികച്ചതാണ്.

ബന്ധൻ ബാങ്ക്: കൊൽക്കത്ത ആസ്ഥാനമായുള്ള സ്വകാര്യമേഖലയിലെ വായ്പാ ദാതാവ്  ജൂലൈ-സെപ്റ്റംബർ കാലയളവിൽ 721.2 കോടി രൂപ ലാഭം രേഖപ്പെടുത്തി, പ്രൊവിഷനുകളിലെ കുത്തനെയുള്ള ഇടിവ് കാരണം 245 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത്. എന്നാൽ ആസ്തി ഗുണനിലവാരം ദുർബലമായി. ത്രൈമാസത്തിലെ അറ്റ ​​പലിശ വരുമാനം 2,443.4 കോടി രൂപയാണ്, 11.4 ശതമാനം വർധന. വായ്പാ വളർച്ച 12.3 ശതമാനവും നിക്ഷേപ വളര്‍ച്ച 12.8 ശതമാനവുമാണ്. 

മാസ്‌ടെക്: ഡിജിറ്റൽ എൻജിനീയറിങ്, ക്ലൗഡ് ട്രാൻസ്‌ഫോർമേഷൻ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് യുകെയുടെ ഗവൺമെന്റ് ഡിജിറ്റൽ സർവീസിൽ (ജിഡിഎസ്) നിന്ന് മൂന്നു വർഷത്തെ കരാർ ലഭിച്ചു.  കരാറിന്റെ മൂല്യം 8.5 ദശലക്ഷം പൗണ്ടാണ്, മൊത്തം അഞ്ച് വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനും ഉണ്ട്.

ക്രൂഡ് ഓയില്‍

ഇസ്രയേലിനെതിരായ എണ്ണ ഉപരോധത്തിനുള്ള ഇറാനിന്‍റെ ആഹ്വാനത്തെ ഒപെക് പിന്തുണയ്ക്കുന്നതിന്‍റെ സൂചനകള്‍ ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച എണ്ണ വില ഇടിഞ്ഞു. ആഗോളതലത്തിൽ കൂടുതൽ എണ്ണ എത്തുന്നത് അനുവദിക്കുന്നതിനായി വെനസ്വേലയ്ക്കു മേലുള്ള ഉപരോധം ലഘൂകരിക്കാൻ അമേരിക്ക ആലോചിക്കുന്നുണ്ട്. 

ഡിസംബറിലെ ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 74 സെൻറ് കുറഞ്ഞ് 90.76 ഡോളറിലെത്തി. വെള്ളിയാഴ്ച കാലഹരണപ്പെടുന്ന നവംബറിലെ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ഫ്യൂച്ചറുകൾ 57 സെൻറ് കുറഞ്ഞ് ബാരലിന് 87.75 ഡോളറായി വ്യാപാരം ആരംഭിച്ചു. കൂടുതൽ സജീവമായ ഡിസംബർ ഡബ്ല്യുടിഐ  ബാരലിന് 51 സെൻറ് കുറഞ്ഞ് 86.76 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ 1,831.84 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,469.50 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News