വിപണി ഈയാഴ്ച (സെപ്റ്റംബര്‍ 16-22)

ഫെഡറല്‍ റിസര്‍വ് തീരുമാനം വിപണിയെ നയിക്കും

Update: 2024-09-14 04:57 GMT

ഈ വാരത്തിലെ ഏറ്റവും പ്രധാനസംഭവമായിരിക്കും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച തീരുമാനം. സെപ്റ്റംബര്‍ 17-ന് തുടങ്ങുന്ന രണ്ടു ദിവസത്തെ മീറ്റിംഗിനുശേഷം 18-നാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വരുക. കാല്‍ ശതമാനം നിരക്കു കുറച്ചുകൊണ്ട് പലിശ വെട്ടിക്കുറയ്ക്കലിന് തുടക്കം കുറിക്കുമെന്നാണ് മൂന്നില്‍ രണ്ടു വിപണി വിദഗ്ധരും അഭിപ്രായപ്പെടുന്നത്. നിരക്കില്‍ അര ശതമാനം കുറയ്ക്കുമെന്നു മുപ്പതു ശതമാനത്തോളം പേരും കരുതുന്നു. 2022 മേയ് 17-ന് 0.25-0.5 ശതമാനമായിരുന്ന പലിശ നിരക്ക് ഇപ്പോഴത്തെ നിലയിലേക്ക് ( 5.255.5 ശതമാനം) എത്തിയത് 2023 ജൂലൈ 26-നാണ്. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി ഇതേ നിരക്കില്‍ തുടരുകയായിരുന്നു.

യുഎസ് പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിലും സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുകയും തൊഴില്‍ സൃഷ്ടി കുറയുകയും ചെയ്തതോടെയാണ് നിരക്കു വെട്ടിക്കുറയ്ക്കുവാന്‍ ഫെഡറല്‍ റിസര്‍വ് തയാറാകുന്നത്. ഉയര്‍ന്ന വായ്പാച്ചെലവ് കമ്പനികളുടെ ലാഭത്തേയും പ്രവര്‍ത്തനത്തേയും ബാധിച്ചു തുടങ്ങിയതും യുഎസ് സാമ്പത്തിക വളര്‍ച്ചയ്ക്കു ഭീഷണിയായി മാറിയിരുന്നു.

ഇന്ത്യന്‍ വിപണിഉള്‍പ്പെടെ ആഗോള വിപണികളെ സ്വാധീനിക്കുന്ന സംഭവമാണ് യുഎസ് പലിശനിരക്കു സംബന്ധിച്ച തീരുമാനം. കാരണം ലോക സമ്പദ്ഘടനയുടെ 25 ശതമാനത്തോളം യുഎസ്് ആണെന്നതാണ് അവരുടെ തീരുമാനങ്ങള്‍ മറ്റു രാജ്യങ്ങളെ സ്വാധീനിക്കുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ എത്ര കുറവു വരുത്തുമെന്നതു സംബന്ധിച്ചായിരിക്കും ഈ വാരത്തിന്റെ ആദ്യ ദിവസങ്ങളിലെ ചര്‍ച്ചാ വിഷയം. സെപ്റ്റംബര്‍ 18 വരെ വിപണിയിലെ വ്യതിയാനങ്ങള്‍ക്കും കാരണമിതാകും.

യുഎസിനെ പിന്നാലെ യുകെ, ജപ്പാന്‍ കേന്ദ്ര ബാങ്കുകളും പലിശ നിരക്കു സംബന്ധിച്ച തീരുമാനങ്ങളുമായി ഈ വാരത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കാല്‍ ശതമാനം പലിശ കുറച്ചിരുന്നു.

രണ്ട് ഐപിഒകള്‍എത്തുന്നുണ്ട്. ബജാജ് ഹൗസിംഗ് ഉള്‍പ്പെടെ 14 കമ്പനികള്‍ ലിസ്റ്റിംഗിനും എത്തും. മൊത്തവിലക്കയറ്റത്തോത്, കയറ്റിറക്കുമതി കണക്കുകള്‍, ബാങ്ക് വായ്പാ വളര്‍ച്ച തുടങ്ങിയ കണക്കുകളും ഈ വാരത്തില്‍ എത്തും.

ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍

സെപ്റ്റംബര്‍ 16

ഇന്ത്യ മൊത്തവിലക്കയറ്റത്തോത്: ഓഗസ്റ്റിലെ മൊത്തവിലക്കയറ്റത്തോത് കണക്കുകള്‍ പുറത്തുവരും. ജൂലൈയില്‍ ഇത് രണ്ടു ശതമാനമായിരുന്നു.

ഇന്ത്യ കയറ്റിറക്കുമതി കണക്കുകള്‍: ഓഗസ്റ്റിലെ കയറ്റുമതി, ഇറക്കുമതി, വ്യാപാരകമ്മി കണക്കുകള്‍ ഇന്നു പ്രസിദ്ധീകരിക്കും. ജൂലൈയില്‍ വ്യാപാരകമ്മി 2350 കോടി ഡോളറായിരുന്നു. ജൂണിലിത് 2098 കോടി ഡോളറും. കയറ്റുമതി ജൂലൈയില്‍ 3398 കോടി ഡോളറും ( ജൂണില്‍ 3520 കോടി ഡോളര്‍) ഇറക്കുമതി 5748 കോടി ഡോളറും ( ജൂണില്‍ 5618 കോടി ഡോളര്‍) ആയിരുന്നു.

സെപ്റ്റംബര്‍ 17

യൂറോ ഏരിയ ഇക്കണോമിക് സെന്റിമെന്റ് ഇന്‍ഡെക്സ്: ഓഗസ്റ്റിലെ യുറോ മേഖലയിലെ ഇക്കണോമിക് സെന്റിമെന്റ് സൂചിക പുറത്തുവിടും. ഓഗസ്റ്റില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയായിരുന്നു.

യുഎസ് റീട്ടെയില്‍ സെയില്‍സ്: യുഎസിലെ റീട്ടെയില്‍ സെയില്‍സ് ഓഗസ്റ്റ് കണക്കുകള്‍ പുറത്തുവിടും. ജൂലൈയില്‍ തീരെ മോശമായിരുന്നു. അതിനേക്കാള്‍ മികച്ചതാണ് ഓഗസ്റ്റില്‍ പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബര്‍ 18

യുഎസ് പലിശ നിരക്കു തീരുമാനം: ഈ വാരത്തിലെ ഏറ്റവും നിര്‍ണായക സംഭവങ്ങളിലൊന്ന്. സെപ്റ്റംബര്‍ 17-ന് ആരംഭിച്ച ഫെഡറല്‍ റിസര്‍വ്ബാങ്കിന്റെ പലിശനയ തീരുമാനം പുറത്തുവിടുന്നു. കുറഞ്ഞത് കാല്‍ ശതമാനം പലിശ നിരക്ക് വെട്ടിക്കുറവ് പ്രതീക്ഷിക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് 19-ന് പ്ത്രസമ്മേളനവും പ്രഖ്യാപിച്ചിട്ടുണ്ട്.

യുകെ ഇന്‍ഫ്ളേഷന്‍ : ഓഗസ്റ്റിലെ പ്രതിമാസ ചില്ലറവിലക്കയറ്റത്തോത് കണക്കുകള്‍ പുറത്തുവിടും.രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ചയ്ക്കുശേഷം ജൂലൈയില്‍ നേരിയ തോതില്‍ റീട്ടെയില്‍ ഇന്‍ഫ്ളേഷന്‍ ഉയര്‍ന്നിരുന്നു.

സെപ്റ്റംബര്‍ 19

യുകെ പലിശ നിരക്കു തീരുമാനം: യുഎസ് തീരുമാനത്തിനു പിന്നാലെ പലിശ നിരക്കില്‍ മാറ്റം വരുത്തണമോയെന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനമെടുക്കും. ഓഗസ്റ്റ് മീറ്റിംഗില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കാല്‍ ശതമാനം പലിശ കുറച്ചിരുന്നു.

സെപ്റ്റംബര്‍ 20

ഇന്ത്യ ബാങ്ക് വായ്പയും ഡിപ്പോസിറ്റും: സെപ്റ്റംബര്‍ ആറിന് അവസാനിച്ച ദ്വൈവാരത്തിലെ ബാങ്ക് വായ്പ, ഡിപ്പോസിറ്റ് കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിടും. ഓഗസ്റ്റ് 23-ന് അവസാനിച്ച ദ്വൈവാരത്തില്‍ വായ്പ 13.6 ശതമാനവും ഡിപ്പോസിറ്റ് 10.8 ശതമാനവും വളര്‍ച്ച നേടിയിരുന്നു.

ജപ്പാന്‍ പലിശ നിരക്കു തീരുമാനം: യുഎസിനും യുകെയ്ക്കും പിന്നാലെ ജപ്പാനും പലിശ നിരക്കില്‍ തീരുമാനമെടുക്കാന്‍ യോഗം ചേരുകയാണ്. ജൂലൈ യോഗത്തില്‍ ജാപ്പനീസ് കേന്ദ്ര ബാങ്ക് കാല്‍ ശതമാനം പലിശ വര്‍ധിപ്പിച്ചിരുന്നു.

ജാപ്പനീസ് ചില്ലറവിലക്കയറ്റത്തോത്: ഓഗസ്റ്റിലെ പണപ്പെരുപ്പ കണക്കുകള്‍ പ്രസിദ്ധീകരിക്കും. ജൂലൈയില്‍ 2.8 ശതമാനമായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസവും സ്ഥിരത നിലനിര്‍ത്തി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

കമ്പനി വാര്‍ത്തകള്‍

ഐപിഒ: നോര്‍ത്തേണ്‍ എആര്‍സി കാപ്പിറ്റല്‍, അര്‍ക്കാദെ ഡെവലപ്പേഴ്സ് എന്നീ കമ്പനികള്‍ ഇഷ്യുമായി സെപ്റ്റംബര്‍ 16-ന് വിപണിയിലെത്തും. ഇഷ്യു 19-ന് സമാപിക്കും. പതിമൂന്നിന് ആരംഭിച്ച വെസ്റ്റേണ്‍ കാരിയേഴ്സിന്റെ ഇഷ്യു 18-ന് അവസാനിക്കും.

എസ് എംഇ വിഭാഗത്തില്‍ എസ് ഡി റീട്ടെയില്‍,ബൈക്കവോ ഗ്രീന്‍ ടെക്, പാരാമൗണ്ട് സ്പെഷ്യാലിറ്റി ഫോര്‍ജിംഗ്സ്, പെലാട്രോ, ഒസെല്‍ ഡിവൈസസ് എന്നീ കമ്പനികള്‍ ഈ വാരത്തില്‍ ഇഷ്യുമായി എത്തും.

ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ: ബോണസ് ഇഷ്യു പരിഗണിക്കുന്നതിനായി ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം സെപ്റ്റംബര്‍ 20-ന് ചേരും. ഒരു ഓഹരിക്ക് രണ്ട് ബോണസ് ഓഹരി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍എത്തി. സെപ്റ്റംബര്‍ 13-ന് 7341 രൂപയാണ് വില.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍: അത്ര സജീവമായിട്ടില്ലെങ്കിലും

വാങ്ങലിലേക്ക് തിരിഞ്ഞിട്ടുണ്ട്. സെപ്റ്റംബറില്‍ 13 വരെ 15430.12 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ അവര്‍ നടത്തിയിട്ടുണ്ട്. 2024-ല്‍ ഒട്ടുമിക്ക മാസങ്ങളിലും അവര്‍ വന്‍ വില്‍പ്പനക്കാരായിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ അവരുടെ നെറ്റ് വില്‍ക്കല്‍ 1.3 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ അതിനു പരിഹാരവുമാകുന്നു.ജനുവരി മുതല്‍ ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 3.16 ലക്ഷം കോടി രൂപയുടേതാണ്. സെപ്റ്റംബറില്‍ ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 9806.39 കോടി രൂപയുടേതാണ്. ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങലിന് വേഗം കുറഞ്ഞിട്ടുണ്ട്.

ക്രൂഡോയില്‍ വില: മെക്സിക്കോ ഗള്‍ഫ് മേഖലയിലെ ചുഴലിക്കാറ്റ് ഭീതി കുറഞ്ഞതോടെ ക്രൂഡ് വിലയിലും ഇടിവുണ്ടായി. ബ്രെന്റു ക്രൂഡ് ബാരലിന് 71 ഡോളറിനു ചുറ്റിലും ഡബ്ള്യുടിഐ ബാരലിന് 68 ഡോളര്‍ ചുറ്റളവിലുമാണ് നീങ്ങുന്നത്. ക്രൂഡ് വില താഴുന്നത് ഇരുതല വാള്‍പോലെയാണ്. ഇത് സാമ്പത്തിക തളര്‍ച്ചയെ സൂചിപ്പിക്കുന്നു. ക്രൂഡ് വില താഴുന്നത് സമ്പദ്ഘടനയ്ക്കു നല്ലതാണുതാനും. പ്രത്യേകിച്ചും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക്.

ഇന്ത്യന്‍ രൂപ: ഡോളറിനെതിരേ ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച ശക്തിയാര്‍ജിച്ചു. ഡോളറിന് 83.90 രൂപയായിരുന്നു വില. തലേ ദിവസമിത് 83.96 ആയിരുന്നു. ഡോളര്‍ ദുര്‍ബലമായതും ക്രൂഡോയില്‍ വില കുറഞ്ഞതും വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഓഹരി വിപണിയിലേക്കു കൂടുതല്‍ തുക കൊണ്ടുവരുന്നതും രൂപയ്ക്കു തുണയായി. മാത്രവുമല്ല, ഡോളറിന 84 രൂപ വിലയിലേക്ക് എത്താതിരിക്കാന്‍ റിസര്‍വ് ബാങ്ക് ജാഗ്രത പാലിക്കുന്നതും രൂപയെ പിടിച്ചു നിര്‍ത്തുന്നു.

ബാാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News