വിപണി ഈയാഴ്ച (സെപ്റ്റംബര്‍ 02-08)
സാമ്പത്തിക ചലനങ്ങള്‍ വിപണിക്കു ദിശയാകും
ഇന്ത്യന്‍ ഓഹരി വിപണി റിക്കാര്‍ഡ് ഉയരത്തിലെത്തില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. വരും വാരത്തില്‍ വിപണിക്കു ദിശ പകരുക സാമ്പത്തിക- കോര്‍പറേറ്റ് വാര്‍ത്തകളായിരിക്കും. രൂപയുടെ നീക്കം, ക്രൂഡോയില്‍ വില, വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നിക്ഷേപം തുടങ്ങിയവയൊക്കെ വിപണിയുടെ ദിശയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ വാരത്തിലെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്നായിരുന്നു ഇന്ത്യന്‍ ജിഡിപി കണക്കുകള്‍. നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ( ഏപ്രില്‍- ജൂണ്‍) ജിഡിപി വളര്‍ച്ച 6.7 ശതമാനമാണ്. ഇതാവട്ടെ 15 മാസത്തെ ഏറ്റവും താഴ്ന്നു വളര്‍ച്ചയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യക്വാര്‍ട്ടറിലെ വളര്‍ച്ച 8.2 ശതമാനവും നാലാം ക്വാര്‍ട്ടറിലെ വളര്‍ച്ച 7.7 ശതമാനമായിരുന്നു. വളര്‍ച്ച അല്‍പ്പം കുറഞ്ഞുവെങ്കിലും വളര്‍ച്ചാ മൊമന്റം ശക്തമായിത്തന്നെ നിലനില്‍ക്കുകയാണ്. തീര്‍ച്ചയായും വരും ആഴ്ചകളിലെ വിപണി നീക്കത്തില്‍ ജിഡിപി കണക്കുകള്‍ക്ക് സ്ഥാനമുണ്ടായിരിക്കും.
ഓഗസ്റ്റിലെ വാഹന വില്‍പ്പനക്കണക്കുകള്‍ ഇന്നും നാളെയുമായി എത്തും. ഉത്സവസീസണിലെ വാഹന വില്‍പ്പന പ്രതീക്ഷയെക്കുറിച്ചുള്ള സൂചനകള്‍ ഇതില്‍നിന്നു ലഭിക്കും.
അടുത്ത വാരത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് റിലയന്‍സ് ഇന്‍ഡസ്ടീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം. സെപ്റ്റംബര്‍ അഞ്ചിനു നടക്കുന്ന യോഗത്തില്‍ ബോണസ് ഓഹരി നല്‍കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും.
പ്രാഥമിക വിപണിയില്‍ മെയിന്‍ ബോര്‍ഡ് വിഭാഗത്തില്‍ ഗാല പ്രിസിഷന്‍ എന്‍ജിനീയറിംഗ് ഇഷ്യുവായി എത്തും. എസ്എംഇ മേഖലയില്‍നിന്നു ജെയം ഗ്ലോബല്‍ ഫുഡ്സ് എന്നൊരു കമ്പനി ഇഷ്യുമായി എത്തുന്നുണ്ട്. ഇതിനു പുറമേ പതിനൊന്നു കമ്പനികളാണ് ലിസ്റ്റിംഗിനായി എത്തുന്നത്.
ഈ വാരത്തില്‍ വിപണിയെ സ്വാധീനിക്കാവുന്ന ആഗോള, ആഭ്യന്തര സംഭവങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
സെപ്റ്റംബര്‍ 2
ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ: ഓഗസ്റ്റിലെ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ അവസാന കണക്കുകള്‍ ഇന്നു പുറത്തുവിടും. പ്രാഥമിക കണക്കുകളനുസരിച്ച് ഓഗസ്റ്റിലെ പിഎംഐ 57.9 ആണ്. ഇതാവട്ടെ ജൂലൈയിലെ 58.1 പോയിന്റിനെക്കാള്‍ കുറവാണ്. മേയ് മാസത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന മാനുഫാക്ചറിംഗ് പിഎംഐ ആണിത്.
കെയിക്സിന്‍ ചൈന ജനറല്‍ മാനുഫാക്ചറിംഗ് പിഎംഐ: ഓഗസ്റ്റിലെ ചൈന ജനറല്‍ മാനുഫാക്ചറിംഗ് പിഎംഐ കണക്കുകള്‍ ഇന്നു പ്രസിദ്ധീകരിക്കും. ജൂലൈയില്‍ ഇത് 49.8 ആയിരുന്നു. ജൂണില്‍ 51.8-ഉം. ചൈനീസ് മാനുഫാക്ചറിംഗ് ഉത്പാദനം കുറയുന്നുവെന്നാണ് ജൂലൈയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് ഡിമാണ്ട് കുറയുകയാണെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍.
സെപ്റ്റംബര്‍ 3
യുഎസ് മാനുഫാക്ചറിംഗ് പിഎംഐ: 2023 നവംബര്‍ മുതല്‍ യുഎസ് മാനുഫാക്ചറിംഗ് പിഎംഐ ചുരുങ്ങുകയായിരുന്നു. ജൂലൈയിലിത് 46.8-ഉം ജൂണില്‍ 48.5-ഉം ആയിരുന്നു. ഓഗസ്റ്റില്‍ മാറ്റമുണ്ടാകുമോയെന്നാണ് ഉറ്റു നോക്കുന്നത്. പലിശ വെട്ടിക്കുറവിന്റെ അളവിനെ സ്വാധീനിക്കുന്ന കണക്കുകളിലൊന്നാണിത്.
സെപ്റ്റംബര്‍ 4
എച്ച്എസ്ബിസി സര്‍വീസസ് പിഎംഐ: ഓഗസറ്റിലെ എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ അവസാനക്കണക്കുകള്‍ ഇന്നു പുറത്തുവിടും. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് ഓഗസ്റ്റില്‍ സര്‍വീസസ് പിഎംഐ 60.4 ആയിരുന്നു. ജൂലൈയിലിത് 60.3 ആയിരുന്നു. തുടര്‍ച്ചയായ 37-ാമത്തെ മാസമാണ് സേവനമേഖല വളര്‍ച്ച കാണിക്കുന്നത്.
പ്രാഥമിക കണക്കുകളാനുസരിച്ച് എച്ച്എസ്ബിസി കോമ്പോസിറ്റ് പിഎംഐ ഓഗസ്റ്റില്‍ 60.5 ആണ്. ജൂലൈയിലിത് 60.7 ആയിരുന്നു. ഓഗസ്റ്റിലെ ഫൈനല്‍ കണക്ക് ഇന്നു പുറത്തുവിടും.
കെയിക്സിന്‍ ചൈനീസ് സര്‍വീസസ് പിഎംഐ: ഓഗസ്റ്റിലെ കെയ്ക്സിന്‍ ചൈന ജനറല്‍ സര്‍വീസസ് പിഎംഐ കണക്കുകള്‍ പുറത്തുവിടും. ജൂലൈയിലിത് 52.1-ഉം ജൂണിലിത് 51.2-ഉം ആയിരുന്നു. വപിണി പ്രതീക്ഷിക്കുന്നത് ഓഗസ്റ്റില്‍ 51.4 ആയിരിക്കുമെന്നാണ്. പുതിയ ഓര്‍ഡറുകളും കയറ്റുമതി വില്‍പ്പനയും വളര്‍ച്ച നേടിയിട്ടുണ്ട്. ഓഗസ്റ്റിലെ ചൈന ജനറല്‍ കോമ്പോസിറ്റ് പിഎംഐ കണക്കുകളും എത്തും. ജൂലൈയിലിത് 51.2-ഉം ജൂണില്‍ 52.8-ഉം ആയിരുന്നു.
യുഎസ് ജോബ് ഓപ്പണിംഗ്: ജൂലൈയിലെ യുഎസ് ജോബ് ഓപ്പണിംഗ് ഡേറ്റ ഇന്നു പ്രസിദ്ധീകരിക്കും. ജൂണിലിത് 8.18 ദശലക്ഷമായിരുന്നു. മേയിലിത് 8.23 ദശലക്ഷമായിരുന്നു.
സെപ്റ്റംബര്‍ 5
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് യോഗം: രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനിയുടെ ബോര്‍ഡ് യോഗം ചേരും. 1:1 ബോണസ് നല്‍കുന്നതു സംബന്ധിച്ച തീരുമാനം ബോര്‍ഡ് കൈക്കൊള്ളും.
യുഎസ് ഇനീഷ്യല്‍ ജോബ്ലെസ് ക്ലെയിം: ഓഗസ്റ്റ് 31-ന് അവസാനിച്ച വാരത്തിലെ ജോബ്ലെസ് കണക്കുകളാണ് പുറത്തുവിടുന്നത്. ഓഗസ്റ്റ് 24-ന് ഇത് 231000 ആയിരുന്നു. ഇതു തലേവാരത്തേക്കാള്‍ 2000 കുറവാണ്. ഇതേ ട്രെന്‍ഡുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
യുഎസ് ഐഎസ്എം സര്‍വീസസ് പിഎംഐ: ഓഗസ്റ്റിലെ യുഎസ് ഐഎസ്എം സര്‍വീസസ് പിഎംഐ കണക്കു പ്രസീദ്ധീകരിക്കും. ജൂലൈയിലിത് 51.4 ആയിരുന്നു.
സെപ്റ്റംബര്‍ 6
യുഎസ് നോണ്‍ ഫാം പേറോള്‍സ് ഡേറ്റ: ഏപ്രില്‍മാസത്തിലെ യുഎസ് നോണ്‍ ഫാം പേറോള്‍ കണക്കുകള്‍ വെള്ളിയാഴ്ച പുറത്തുവിടും. ഇതോടൊപ്പം സെപ്റ്റംബറിലേക്കുള്ള യുഎസ് തൊഴിലില്ലായ്മ നിരക്ക് കണക്കുകളും പ്രഖ്യാപിക്കും.
ബാങ്ക് വായ്പ വളര്‍ച്ച: ഓഗസ്റ്റ് 23-ന് അവസാനിച്ച വാരത്തിലെ വായ്പാ കണക്കുകള്‍ പുറത്തുവിടും. തലേവാരത്തിലിത് മുന്‍വര്‍ഷത്തേക്കാള്‍ 13.6 ശതമാനം വളര്‍ച്ച നേടിയിരുന്നു.
ആഗോള ഭക്ഷ്യവിലക്കയറ്റത്തോത്: ഓഗസ്റ്റിലെ എഫ്എഒ ഫുഡ് പ്രൈസ് ഇന്‍ഡെക്സ് പുറത്തുവിടും. ആഗോള ഭക്ഷ്യവിലക്കയറ്റത്തോതിന്റെ ബാരോമീറ്ററാണിത്. ജൂലൈയിലിത് 120.8 പോയിന്റായിരുന്നു. ജൂണിലിത് 121 പോയിന്റായിരുന്നു.
കമ്പനി വാര്‍ത്തകള്‍
ഐപിഒ: ഗാലാ പ്രിസിഷന്‍ എന്‍ജിനീയറിംഗ്: ടെക്നോളജി ഡ്രിവണ്‍ കമ്പനിയായ ഗാലാ പ്രസിഷന്‍ എന്‍ജീനീയറിംഗിന്റെ കന്നി പബ്ളിക് ഇഷ്യു സെപ്റ്റംബര്‍ രണ്ടിന് തുടങ്ങി നാലിന് അവസാനിക്കും. കമ്പനി ഇഷ്യു വഴി 167 കോടി രൂപയാണ് സ്വരൂപിക്കുക. പ്രൈസ് ബാന്‍ഡ് 503-529 രൂപ. പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടെ 31.75 ലക്ഷം ഓഹരികളാണ് കമ്പനി ഇഷ്യു ചെയ്യുന്നത്. ഓഹരി സെപ്റ്റംബര്‍ ഒമ്പതിന് ബിഎസ്ഇ, എന്‍എസ്ഇ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.
ബജാജ് ഹൗസിംഗ് ഫിനാന്‍സ്: നിരവധി വര്‍ഷങ്ങള്‍ക്കുശേഷം ബജാജ് ഗ്രൂപ്പില്‍നിന്നുള്ള ഒരു കമ്പനി ബജാജ് ഹൗസിംഗ് ഫിനാന്‍സ് പബ്ളിക് ഇഷ്യുമായി വരുകയാണ്. ഇഷ്യു സെപ്റ്റംബര്‍ 9-ന് തുടങ്ങി 11-ന് അവസാനിക്കും. ഇഷ്യുവഴി 6560 കോടി രൂപ സമാഹരിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പ്രൈസ് ബാന്‍ഡ് സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും.
ജേയം ഗ്ലോബല്‍ ഫുഡ്സ് ഐപിഒ: എസ്എംഇ ഐപിഒ ആയ ജേയം ഗ്ലോബല്‍ ഫുഡ്സ് ഇഷ്യു സെപ്റ്റംബര്‍ 2-ന് തുടങ്ങി നാലിന് അവസാനിക്കും. കമ്പനി 1.34 കോടി ഓഹരി നല്‍കി 82 കോടി രൂപയാണ് സ്വരൂപിക്കുക. പ്രൈസ് ബാന്‍ഡ് 59-61 രൂപ.ബംഗാളി ചിക്പീസ്, ഫ്രൈഡ് ഗ്രാം,ബെസാന്‍ ഫ്ളവര്‍ തുടങ്ങിയവയുടെ ഉത്പാദനം നടത്തുന്ന കമ്പനിയാണ് ജേയം. സെപ്റ്റംബര്‍ 9-ന് എന്‍എസ്ഇ എസ്എംഇയില്‍ ലിസ്റ്റ് ചെയ്യും.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.