നേട്ടം തുടർന്ന് ആഭ്യന്തര വിപണി; 5,600 പോയിന്റ് കടന്ന് എസ് ആൻ്റ് പി 500
- ആഗോള വിപണികളിലെ റാലി ആഭ്യന്തര വിപണിക്കും കരുത്തേകി
- എസ് ആൻ്റ് പി 500 ആദ്യമായി 5,600 പോയിന്റ് കടന്നു.
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.49 എത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ആഗോള വിപണികളിലെ റാലി ആഭ്യന്തര വിപണിക്കും കരുത്തേകി. തുടർച്ചയായ വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകളെ പുതിയ ഉയർത്തിലെത്തിക്കാൻ സഹായിച്ചു. ഐടി ഓഹരികളുടെ കുതിപ്പും വിപണിക്ക് താങ്ങായി.
സെൻസെക്‌സ് 200.76 പോയിൻ്റ് അഥവാ 0.25 ശതമാനം ഉയർന്ന് 80,125.53ലും നിഫ്റ്റി 56.30 പോയിൻ്റ് അഥവാ 0.23 ശതമാനം ഉയർന്ന് 24,380.80ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടൈറ്റൻ കമ്പനി തുടങ്ങിയവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, എം ആൻഡ് എം, ദിവിസ് ലാബ്സ്, ടാറ്റ കൺസ്യൂമേഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്.
ബുധനാഴ്ച യുഎസ് വിപണികൾ മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻവിഡിയയിലെയും മറ്റ് വാൾസ്ട്രീറ്റ് ഹെവിവെയ്റ്റുകളിലെയും കുതിപ്പ് നാസ്ഡാക്കിനെയും എസ് ആൻ്റ് പി 500 നെ പുതിയ ഉയരത്തിലെത്തിച്ചു. ഇത് നാസ്‌ഡാക്കിൻ്റെ തുടർച്ചയായ ഏഴാമത്തെ റെക്കോർഡ്-ഹൈ ക്ലോസിംഗായിരുന്നു. എസ് ആൻ്റ് പി 500-ൻ്റെ തുടർച്ചയായ ആറാമത്തെ ക്ലോസിംഗും. എസ് ആൻ്റ് പി 500 ആദ്യമായി 5,600 പോയിന്റ് കടന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 583.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.76 ശതമാനം ഉയർന്ന് ബാരലിന് 85.73 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.29 ശതമാനം ഉയർന്ന് 2386 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.49 എത്തി.
ബുധനാഴ്ച സെൻസെക്സ് 426.87 പോയിൻ്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞ് 79,924.77 ലും നിഫ്റ്റി 108.75 പോയിൻ്റ് അഥവാ 0.45 ശതമാനം ഇടിഞ്ഞ് 24,324.45 ലും ആണ് ക്ലോസ് ചെയ്തത്.