വിപണി ഇന്നും ഉയരെ; സെൻസെക്‌സും നിഫ്റ്റിയും സർവ്വകാല റെക്കോർഡിൽ

  • ഇൻഫ്രാസ്ട്രക്ചർ, എനർജി ഓഹരികളിൽ കുതിപ്പ് സൂചികകൾക്ക് കരുത്തേകി
  • മിഡ്ക്യാപ് 0.3 ശതമാനം ഇടിഞ്ഞു, സ്മോൾക്യാപ് സൂചിക 0.1 ശതമാനം ഉയർന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 83.60ൽ എത്തി

Update: 2024-06-26 11:00 GMT

ആഭ്യന്തര സൂചികകൾ ഇന്നും വ്യാപാരം അവസാനിപ്പിച്ചത് റെക്കോർഡ് ഉയരത്തിലാണ്. വ്യാപാരമധ്യേ സെൻസെക്‌സ് 705.88 പോയിൻ്റ് അല്ലെങ്കിൽ 0.90 ശതമാനം ഉയർന്ന് 78,759.40 എന്ന എക്കാലത്തെയും ഉയർന്ന ലെവലിലെത്തി. ഇൻട്രാ-ഡേ വ്യാപാരത്തിൽ 168.6 പോയിൻ്റ് അല്ലെങ്കിൽ 0.71 ശതമാനം ഉയർന്ന നിഫ്റ്റി 23,889.90 എന്ന എക്കാലത്തെയും ഉയർന്ന നിലയും തൊട്ടു. ഇൻഫ്രാസ്ട്രക്ചർ, എനർജി ഓഹരികളിൽ കുതിപ്പ്  സൂചികകൾക്ക് കരുത്തേകി. ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്‌സ് 620.73 പോയിൻ്റ് അഥവാ 0.80 ശതമാനം ഉയർന്ന് 78,674.25 ലും നിഫ്റ്റി 147.50 പോയിൻ്റ് അഥവാ 0.62 ശതമാനം ഉയർന്ന് 23,868.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമൻ്റ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഓട്ടോ, എം ആൻഡ് എം, ടാറ്റ സ്റ്റീൽ, സിപ്ല എന്നിവ നഷ്ടത്തിലായി.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി എനർജിയും ഇൻഫ്രായും ഒരു ശതമാനം വീതം ഉയർന്നപ്പോൾ നിഫ്റ്റി ബാങ്കും എഫ്എംസിജിയും അര ശതമാനം നേട്ടം നൽകി. റിലയൻസ് ഇൻഡസ്ട്രീസ്, എൻടിസിപി, ബിപിസിഎൽ എന്നിവയാണ് എനർജി സൂചികയിൽ ഏറ്റവും ഉയർന്ന നേട്ടം നൽകിയത്. നിഫ്റ്റി മെറ്റലും റിയൽറ്റിയും ഒരു ശതമാനം വീതം താഴ്ന്നു. ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ എന്നിവ മെറ്റൽ സൂചികയ്ക്ക് താഴേക്ക് നീങ്ങി. റിയൽറ്റി ഓഹരികളിൽ പ്രസ്റ്റീജ്, ലോധ, ബ്രിഗേഡ് എൻ്റർപ്രൈസസ് എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്.

മിഡ്ക്യാപ് 0.3 ശതമാനം ഇടിഞ്ഞു, സ്മോൾക്യാപ് സൂചിക 0.1 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 

ബ്രെൻ്റ് ക്രൂഡ് 0.80 ശതമാനം ഉയർന്ന് ബാരലിന് 85.69 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,175.91 കോടി രൂപയുടെ ഓഹരികൾ വാങ്ങി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 83.60ൽ എത്തി.

ചൊവ്വാഴ്ച സെൻസെക്സ് 712.44 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 78,053.52 ലും നിഫ്റ്റി 183.45 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 23,721.30 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News