നേട്ടം തുടർന്ന് വിപണി; ആറാം നാളും നിഫ്റ്റി കുതിപ്പിൽ
- എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ കുതിപ്പ് വിപണിക്ക് താങ്ങായി
- ബ്രെൻ്റ് ക്രൂഡ് 0.03 ശതമാനം ഇടിഞ്ഞ് ബാരലിന് 76.03 ഡോളറിലെത്തി
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ കുതിപ്പ് വിപണിക്ക് താങ്ങായി.
സെൻസെക്‌സ് 204.04 പോയിൻ്റ് അഥവാ 0.25 ശതമാനം ഉയർന്ന് 81,109.34ൽ ആണ് വ്യാപാരം ആരംഭിച്ചത്. തുടർച്ചയായ ആറാം സെഷനിലും നിഫ്റ്റി നേട്ടം തുടരുന്നു. 49.55 പോയിൻ്റ് ഉയർന്ന് 24,819.75 ലെത്തി.
സെൻസെക്സിൽ ഭാരതി എയർടെൽ, ഇൻഫോസിസ്, ഏഷ്യൻ പെയിൻ്റ്‌സ്, ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, അദാനി പോർട്ട്‌സ് ഓഹരികൾ നഷ്ടം തുടരുന്നു.
ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 799.74 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) വീണ്ടും 3,097.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ, ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തിലാണ്. ഷാങ്ഹായ്, സിയോൾ എന്നിവ ഇടിവ് തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.03 ശതമാനം ഇടിഞ്ഞ് ബാരലിന് 76.03 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.37 ശതമാനം താഴ്ന്ന് 2538 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 83.94 ആയി.