വിപണി കണ്‍സോളിഡേഷനിലേക്ക്, ആഗോള പ്രവണത നെഗറ്റിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ക്രൂഡ് ഓയില്‍ വില ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
- ഗിഫ്റ്റ് നിഫ്റ്റി ഇടിവില്‍ വ്യാപാരം തുടങ്ങി
- എഫ്‍ഐഐകള്‍ഇന്നലെ അറ്റ വില്‍പ്പനക്കാര്‍
കഴിഞ്ഞ ഏഴ് തുടർച്ചയായ സെഷനുകളിലെ റാലിക്ക് ശേഷം വിപണിയില്‍ കണ്‍സോളിഡേഷന്‍ പ്രകടമായി തുടങ്ങുമെന്നാണ് പ്രതിദിന ചാര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്നലെ എസ്ഇ സെൻസെക്‌സ് 358 പോയിന്റ് ഉയർന്ന് 69,654 ലും നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 20,938 ലും എത്തി, ഏഴ് ദിവസത്തെ സൂചികകളുടെ നേട്ടം യഥാക്രമം 3,684 പോയിന്റിലേക്കും 1,143 പോയിന്റിലേക്കും എത്തിയിട്ടുണ്ട്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,959 ലും തുടർന്ന് 20,985 ലും 21,027 ലും പ്രതിരോധം കാണാനിടയുണ്ടെന്നാണ്. അതേസമയം താഴ്ച്ചയുടെ സാഹചര്യതത്തില്‍, 20,875ല്‍ പിന്തുണ നേടാം, തുടർന്ന് 20,849ഉം 20,808ഉം.
ആഗോള വിപണികളില്‍ ഇന്ന്
അടുത്ത വർഷം ആദ്യം ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്ന പ്രതീക്ഷകൾ ശക്തമാക്കി എങ്കിലും, തൊഴിൽ വിപണി ദുര്‍ബലമായതിന്‍റെ സൂചനകള്‍ ജോബ് ഡാറ്റ നല്‍കിയതിനു പിന്നാലെ മെഗാക്യാപ് ഓഹരികളിലും ഊര്‍ജ്ജ മേഖലയിലെ ഓഹരികളിലും ഉണ്ടായ ഇടിവിന്‍റെ ഫലമായി യുഎസ് സൂചികകള്‍ ബുധനാഴ്ച വ്യാപാരത്തില്‍ താഴ്ന്നു.
എസ് & പി 500 0.39 ശതമാനം ഇടിഞ്ഞ് 4,549.34 പോയിന്റിൽ അവസാനിച്ചു. നാസ്ഡാക്ക് കോമ്പോസിറ്റ് സൂചിക 0.58% ഇടിഞ്ഞ് 14,146.71 ലും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.19% ഇടിഞ്ഞ് 36,054.43 ലും എത്തി.
ഏഷ്യൻ വിപണികൾ വാൾ സ്ട്രീറ്റിലെ ചലനങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ചൈനയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള വ്യാപാര ഡാറ്റ നിക്ഷേപകർ വിലയിരുത്തുകയാണ്. ജപ്പാന്റെ നിക്കി 1.2 ശതമാനം ഇടിഞ്ഞപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി 0.5 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ് തുടങ്ങിയ സൂചികകളും ഇടിവിലാണ്.
ഗിഫ്റ്റ് നിഫ്റ്റി 50 പോയിന്റ് അല്ലെങ്കിൽ 0.24 ശതമാനം നഷ്ടത്തോടെ ആണ് വ്യാപാരം ആരംഭിച്ചത്. വിശാലമായ വിപണി സൂചികകളുടെ നെഗറ്റീവ് ആരംഭത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഇർക്കോൺ ഇന്റർനാഷണൽ: ഇന്ത്യാ ഗവൺമെന്റ് ഈ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ 8 ശതമാനം ഓഹരി അല്ലെങ്കിൽ 7.52 കോടി ഇക്വിറ്റി ഓഹരികള്‍ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴി ഡിസംബർ 7-8 തീയതികളിൽ വിൽക്കും, ഒരു ഓഹരിയുടെ തറവില 154 രൂപ.
ഡോ.റെഡ്ഡീസ് ലബോറട്ടറീസ്: അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) ചികിത്സയ്ക്കുള്ള ഇൻവെസ്റ്റിഗേഷൻ കോമ്പിനേഷൻ തെറാപ്പിയായ COYA 302 -ന്റെ വികസനത്തിനും വാണിജ്യവൽക്കരണത്തിനുമായി ഉപകമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എസ്എയും കോയ തെറാപ്പ്യൂട്ടിക്‌സ് ഇങ്കും ഒരു വികസന, ലൈസൻസ് കരാറിൽ ഏർപ്പെട്ടു.
ഭാരത് ഇലക്‌ട്രോണിക്‌സ്: എഎംസി റഡാറുകൾക്കായി ഇന്ത്യൻ സൈന്യത്തിൽ നിന്ന് 580 കോടി രൂപയുടെ ഓർഡർ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിക്ക് ലഭിച്ചു. ഇതോടെ, നടപ്പു സാമ്പത്തിക വർഷത്തിൽ 18,298 കോടി രൂപയുടെ ഓർഡറുകൾ ബിഇഎല്‍-ന് ലഭിച്ചു.
വൺ 97 കമ്മ്യൂണിക്കേഷനുകൾ: വലിയ ബാങ്കുകളുമായും എൻബിഎഫ്‌സികളുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട്, ഉയർന്ന ക്രെഡിറ്റ് അർഹതയുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വ്യക്തിഗത, മർച്ചന്റ് വായ്പകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ബിസിനസ് വിപുലീകരിക്കുമെന്ന് പേടിഎം ഓപ്പറേറ്ററായ കമ്പനി അറിയിച്ചു.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസിന്റെ അഫിലിയേറ്റ് ആയ ക്ലോവർഡെൽ ഇൻവെസ്റ്റ്‌മെന്റ് തങ്ങള്‍ക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലുള്ള 1.3 ശതമാനം ഓഹരി ഒരു ബ്ലോക്ക് ഡീൽ വഴി വിൽക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് . ഡീൽ വലുപ്പം ഏകദേശം 100 മില്യൺ ഡോളറായിരിക്കാം. ഓഹരിയൊന്നിന് തറ വില 85.7 രൂപ.
ക്രൂഡ് ഓയിലും സ്വര്‍ണവും
യുഎസിന്‍റെ ഗ്യാസോലിൻ ഇൻവെന്ററികളിൽ പ്രതീക്ഷിച്ചതിലും വലിയ വർധനവ് കാണിക്കുന്ന ഡാറ്റ പുറത്തിറങ്ങിയതിന്‍റെയും ആഗോള ഇന്ധന ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചതിന്‍റെയും പശ്ചാത്തലത്തില്‍ ബുധനാഴ്ച ക്രൂഡ് ഓയില്‍ വില ഏകദേശം 4% ഇടിഞ്ഞു. ,ജൂൺ മുതലുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ക്രൂഡ്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.90 ഡോളർ അഥവാ 3.8 ശതമാനം കുറഞ്ഞ് ബാരലിന് 74.30 ഡോളറായി. യുഎസ് ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2.94 ഡോളർ അഥവാ 4.1 ശതമാനം കുറഞ്ഞ് 69.38 ഡോളറിലെത്തി.
യുഎസ് ട്രഷറി യീൽഡിൽ കുറവുണ്ടായതിനാൽ ബുധനാഴ്ച സ്വർണം വീണ്ടും കരുത്തു നേടി. സ്പോട്ട് ഗോൾഡ് ഔൺസിന് 0.3% ഉയർന്ന് 2,025.09 ഡോളര്‍ ആയി. യുഎസ് ഡോളര്‍ ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 2,043.10 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) കഴിഞ്ഞ 10 സെഷനുകളിൽ ആദ്യമായി അറ്റ വിൽപ്പനക്കാരായി മാറി, 79.88 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്തു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐകൾ) 1,372.18 കോടി രൂപയുടെ അറ്റ വാങ്ങല്‍ ഓഹരികളില്‍ നടത്തി എന്നും എന്‍എസ്ഇ ഡാറ്റ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവന്ലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം