പോയ വാരം വിപണി രചിച്ചത് പുതു ചരിത്രം; സെൻസെക്സ് കുതിച്ചത് 2%, നിഫ്റ്റി താണ്ടിയത് 23,000
- ബിഎസ്ഇ ലാർജ് ക്യാപ് സൂചിക 2 ശതമാനം ഉയർന്നു
- എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് പോയ വാരം വ്യാപാരം അവസാനിപ്പിച്ചത്
- അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ നേട്ടം രേഖപ്പെടുത്തി
പോയ വരാം ആഭ്യന്തര സൂചികകൾ താണ്ടിയത് പുതു ഉയരങ്ങളാണ്. ബെഞ്ച്മാർക്ക് സൂചികകൾ 2 ശതമാനം ഉയർന്ന് പുതിയ നാഴികക്കല്ലുകൾ പിന്നിട്ടു. നിഫ്റ്റി ആദ്യമായി 23,000 മറികടന്നു.
കഴിഞ്ഞ ആഴ്‌ചയിൽ നിഫ്റ്റി 455.1 പോയിൻ്റ് അഥവാ 2.02 ശതമാനം ഉയർന്ന് 23,026.40 എന്ന പുതിയ ഉയരത്തിൽ എത്തിയതിന് ശേഷം 22,957.10 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 75,636.5 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റിലെത്തി. വാരാവസാനം 1,404.45 പോയിൻ്റ് അഥവാ 1.90 ശതമാനം ഉയർന്ന സൂചിക 75,410.39 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇ ലാർജ് ക്യാപ് സൂചിക 2 ശതമാനം ഉയർന്നു. സൂചികയിൽ ഹിന്ദുസ്ഥാൻ സിങ്ക്, ഭാരത് ഇലക്‌ട്രോണിക്‌സ്, അദാനി പവർ, അദാനി എൻ്റർപ്രൈസസ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്, അദാനി ടോട്ടൽ ഗ്യാസ്, കോൾ ഇന്ത്യ, അദാനി എനർജി സൊല്യൂഷൻസ് എന്നിവ 6-20 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സൊമാറ്റോ, എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് (നൈകാ), ശ്രീ സിമൻ്റ്‌സ്, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്‌ട്രീസ്, ബജാജ് ഹോൾഡിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ്, സൈഡസ് ലൈഫ് സയൻസസ്, ഇൻ്റർഗ്ലോബ് ഏവിയേഷൻ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
ബിഎസ്ഇ മിഡ് ക്യാപ് സൂചിക ഒരു ശതമാനം നേട്ടമുണ്ടാക്കി. സൂചികയിൽ വോഡഫോൺ ഐഡിയ, യുഎൻഒ മിൻഡ, സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, ബാൽകൃഷ്ണ ഇൻഡസ്ട്രീസ്, സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ്, സംവർദ്ധന മദർസൺ ഇൻ്റർനാഷണൽ എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഡൽഹിവേരി, മാക്‌സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ട്, പിബി ഫിൻടെക്, മാക്‌സ് ഫിനാൻഷ്യൽ സർവീസസ്, ദീപക് നൈട്രൈറ്റ്, ബേയർ ക്രോപ്‌സയൻസ് എന്നീ ഓഹരികൾ 5-7 ശതമാനം നഷ്ടം രേഖപ്പെടുത്തി.
സെക്ടറൽ സൂചികകൾ
എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് പോയ വാരം വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ക്യാപിറ്റൽ ഗുഡ്സ് സൂചിക 4.7 ശതമാനവും ബിഎസ്ഇ ടെലികോം സൂചിക 3.4 ശതമാനവും ഉയർന്നു. മെറ്റൽ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, റിയാലിറ്റി സൂചികകൾ 2 ശതമാനം വീതം നേട്ടം നൽകി.
വിദേശ നിക്ഷേപകർ
കഴിഞ്ഞ ആഴ്‌ചയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 1165.54 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 6,977.71 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നേട്ടത്തിൽ രൂപ
പോയ വാരത്തിൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ നേട്ടം രേഖപ്പെടുത്തി. മെയ് 17 ന് 83.33 ക്ലോസ് ചെയ്ത ആഭ്യന്തര കറൻസി ഡോളറിനെതിരെ 24 പൈസ ഉയർന്ന് 83.09 രൂപയിലെത്തി.