പുത്തൻ റെക്കോർഡിട്ട് വിപണി; താങ്ങായി ഓട്ടോ, ഫാർമ ഓഹരികൾ

  • സെൻസെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത് റെക്കോർഡ് നേട്ടത്തോടെയാണ്
  • നിഫ്റ്റി ഓട്ടോ സൂചിക 2 ശതമാനത്തിലധികം ഉയർന്നു
  • ഇന്ത്യ വിക്സ് സൂചിക 3.3 ശതമാനം ഉയർന്ന് 14 എത്തി

Update: 2024-07-09 11:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് പുതിയ ഉയരത്തിൽ. സെൻസെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത് റെക്കോർഡ് നേട്ടത്തോടെയാണ്. ഓട്ടോ, എഫ്എംസിജി, ഫാർമാ ഓഹരികളിലെ കുതിപ്പ് സൂചികകൾ നേട്ടത്തിലെത്തിച്ചു. വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വാങ്ങലും വിപണിക്ക് കരുത്തേകി. 

സെൻസെക്‌സ് 391.26 പോയിൻ്റ് അഥവാ 0.49 ശതമാനം ഉയർന്ന് 80,351.64 ലും നിഫ്റ്റി 112.65 പോയിൻറ് അഥവാ 0.46 ശതമാനം ഉയർന്ന് 24,433.20 ലുമാണ് ക്ലോസ് ചെയ്തത്.

മാരുതി സുസുക്കി, എം ആൻഡ് എം, ഐടിസി, ടൈറ്റൻ കമ്പനി, ദിവിസ് ലാബ്സ് എന്നിവ നിഫ്റ്റിയിലെ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഒഎൻജിസി, ടാറ്റ കൺസ്യൂമർ, റിലയൻസ് ഇൻഡസ്ട്രീസ്, ശ്രീറാം ഫിനാൻസ്, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലായി.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ സൂചിക 2 ശതമാനത്തിലധികം ഉയർന്നു. എഫ്എംസിജി, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, പൊതുമേഖലാ ബാങ്കുകൾ എന്നീ സൂചികകളും ഒരു ശതമാനം വീതം ഉയർന്നു. ഐടി സൂചിക 0.2 ശതമാനം ഇടിഞ്ഞു.

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.3, 0.2 ശതമാനം ഉയർന്നു. മാസാദ്യം മുതൽ ഇതുവരെ മിഡ്‌ക്യാപ് സൂചിക 2 ശതമാനം ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചിക 3.32 ശതമാനം ഉയർന്നു. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 3.3 ശതമാനം ഉയർന്ന് 14 എത്തി.

സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി യുപി സർക്കാർ ഹൈബ്രിഡ് കാറുകളുടെ രജിസ്ട്രേഷൻ നികുതി ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾക്കിടയിൽ മാരുതി സുസുക്കി ഇന്ത്യ ഓഹരികൾ 6 ശതമാനത്തിലധികം കുതിച്ചുയർന്നു. ഈ വാർത്ത മാരുതി, ഹോണ്ട, ടൊയോട്ട തുടങ്ങിയ നിർമ്മാതാക്കൾക്ക് ഗുണം ചെയ്യും.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തിലും ഹോങ്കോങ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇടിവിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 60.98 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.51 ശതമാനം ഇടിഞ്ഞ് ബാരലിന് 85.31 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.33 ശതമാനം ഉയർന്ന് 2371.40 ഡോളറിലെത്തി.

Tags:    

Similar News