നേട്ടം തുടർന്ന് വിപണി; 25,000 കടന്ന് നിഫ്റ്റി

  • 81,800 പിന്നിട്ട് സെൻസെക്സ്
  • വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകളെ പുതു ഉയരത്തിലെത്തിച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ ഉയർന്ന് 83.80 എത്തി

Update: 2024-08-26 05:00 GMT

ആഭ്യന്തര വിപണി നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ഉയർന്നുള്ള വ്യാപാരം അഭ്യന്തര വിപണിക്ക് കരുത്തേകി. വിദേശ നിക്ഷേപകരുടെ വാങ്ങലും സൂചികകളെ പുതു ഉയരത്തിലെത്തിച്ചു. സെൻസെക്‌സ് 312.33 പോയിൻ്റ് ഉയർന്ന് 81,398.54 ലും നിഫ്റ്റി 94.15 പോയിൻ്റ് ഉയർന്ന് 24,917.30 ലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് ഫെഡ് ചെയർ ജെറോം പവൽ നടത്തിയ പ്രസംഗത്തെത്തുടർന്ന് വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെപ്റ്റംബറിൽ നിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു.

സെൻസെക്സിൽ ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഐടിസി, സൺ ഫാർമ, അൾട്രാടെക് സിമൻ്റ്, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി മികച്ച നേട്ടമുണ്ടാക്കി. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നിവയിലെ കുതിപ്പ് സൂചികയെ ഒരു ശതമാനത്തിലധികം ഉയർത്തി. നിഫ്റ്റി മെറ്റലും ബാങ്കും നേട്ടത്തിലാണ്, സൂചികകൾ അര ശതമാനത്തോളം കുതിച്ചു. നിഫ്റ്റി ഫാർമയും റിയൽറ്റിയും അര ശതമാനം വീതം ഇടിഞ്ഞു

ഏഷ്യൻ വിപണികളിൽ ഹോങ്കോംഗ് നേട്ടത്തോടെ വ്യാപാരം തുടരുമ്പോൾ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ ഇടിവിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ മികച്ച നേട്ടത്തോടെയാണ് അവസാനിച്ചത്.

"നിരക്ക് കുറയ്ക്കാനുള്ള തുടക്കത്തെക്കുറിച്ചുള്ള ഫെഡറൽ ചീഫ് പവലിൻ്റെ സന്ദേശം ഓഹരി വിപണികളിൽ നടന്നുകൊണ്ടിരിക്കുന്ന ആഗോള റാലിക്ക് കൂടുതൽ കരുത്ത് പകരുമെന്ന്" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 1,944.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.61 ശതമാനം ഉയർന്ന് ബാരലിന് 79.50 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2545 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ ഉയർന്ന് 83.80 എത്തി.

Tags:    

Similar News