രണ്ടാം നാളും വിപണി നേട്ടത്തിൽ; 22,800ൽ നിഫ്റ്റി
- സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജിയും ഹെൽത്ത് കെയറും ഒഴികെ മറ്റെല്ലാ സൂചികകളും പച്ചയിലാണ്
- ബ്രെൻ്റ് ക്രൂഡ് 0.38 ശതമാനം ഉയർന്ന് ബാരലിന് 78.71 ഡോളറിലെത്തി
- ബിഎസ്ഇ മിഡ്കാപ്പ് 2.31 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് 2.91 ശതമാനവും ഉയർന്നു.
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സും നിഫ്റ്റിയും മികച്ച മുന്നേറ്റമാണ് നടത്തിയത്. തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസത്തെ മുന്നേറ്റമാണ് ഇത്. സെൻസെക്‌സ് 696.46 പോയിൻ്റ് ഉയർന്ന് 75,078.70 ലും നിഫ്റ്റി 179.15 പോയിൻ്റ് ഉയർന്ന് 22,799.50 ലുമാണ് വ്യാപാരം ആരംഭിച്ചത്.
എൻടിപിസി, എസ്ബിഐ, അദാനി എൻ്റർപ്രൈസസ്, ഒഎൻജിസി, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്യുഎൽ, ബ്രിട്ടാനിയ, ഹിൻഡാൽകോ, നെസ്ലെ, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജിയും ഹെൽത്ത് കെയറും ഒഴികെ മറ്റെല്ലാ സൂചികകളും പച്ചയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി റിയൽറ്റി സൂചികയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, പിഎസ്‌യു ബാങ്ക്, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളും ഉയർന്നു.
ബിഎസ്ഇ മിഡ്കാപ്പ് 2.31 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് 2.91 ശതമാനവും ഉയർന്നു.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
"കഴിഞ്ഞ മൂന്ന് ദിവസത്തെ അസാധാരണമായ ചാഞ്ചാട്ടത്തിന് ശേഷം വിപണി സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ഫെഡ്ഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർദ്ധിക്കുന്നതോടെ ആഗോള പ്രവണതകൾ അനുകൂലമായി മാറി. യുഎസിലെ തൊഴിൽ വിപണി ദുർബലമാകുന്നതിൻ്റെ വ്യക്തമായ സൂചനകൾ കുത്തനെ ഇടിവിന് കാരണമായി. യുഎസ് ബോണ്ട് വരുമാനം 4.29 ശതമാനമായി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഇത് വിദേശ മൂലധന പ്രവാഹത്തിന് അനുകൂലമാണെങ്കിലും, ആഭ്യന്തര വിപണിയിൽ എഫ്ഐഐകൾ വില്പന തുടരുകയാണ്. പ്രത്യേകിച്ച് ചൈനീസ് ഓഹരികളുടെ വിലകുറഞ്ഞ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രെൻ്റ് ക്രൂഡ് 0.38 ശതമാനം ഉയർന്ന് ബാരലിന് 78.71 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) ബുധനാഴ്ച 5,656.26 കോടി രൂപയുടെ ഓഹരികൾ വിറ്റു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.43 എത്തി.
സെൻസെക്സ് ബുധനാഴ്ച 2,303.19 പോയിൻ്റ് അഥവാ 3.20 ശതമാനം ഉയർന്ന് 74,382.24 ലും നിഫ്റ്റി 735.85 പോയിൻ്റ് അഥവാ 3.36 ശതമാനം ഉയർന്ന് 22,620.35 ലുമാണ് ക്ലോസ് ചെയ്തത്.