ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിലെത്തി വിപണി; അഞ്ചാം നാളും നിഫ്റ്റി പച്ചയിൽ
- ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങൽ തുടരുന്നു
- സ്‌മോൾക്യാപ് സൂചിക ഒരു ശതമാനം നേട്ടത്തിലെത്തി
- ബ്രെൻ്റ് ക്രൂഡ് 0.28 ശതമാനം ഉയർന്ന് ബാരലിന് 77.42 ഡോളറിലെത്തി
ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയുന്നത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ശക്തമായ വാങ്ങൽ മൂലം എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത്‌കെയർ ഓഹരികൾ കുതിച്ചു.
സെൻസെക്‌സ് 102.44 പോയിൻ്റ് അഥവാ 0.13 ശതമാനം ഉയർന്ന് 80,905.30ലും നിഫ്റ്റി 71.37 പോയിൻ്റ് അഥവാ 0.29 ശതമാനം ഉയർന്ന് 24,770.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദിവിസ് ലാബ്‌സ്, ടൈറ്റൻ കമ്പനി, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, സിപ്ല, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ടെക് മഹീന്ദ്ര, അൾട്രാടെക് സിമൻ്റ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി സൂചിക 1.3 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചിക 0.2 ശതമാനം നഷ്ടമുണ്ടാക്കി. നിഫ്റ്റി എഫ്എംസിജി, ഫാർമ, മെറ്റൽ, ടെലികോം, മീഡിയ എന്നിവ അര ശതമാനം മുതൽ ഒരു ശതമാനം വരെ ഉയർന്നു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.4 ശതമാനം ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചിക ഏകദേശം 1 ശതമാനം നേട്ടത്തിലെത്തി.
യൂറോപ്യൻ വിപണികളിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവോടെ ക്ലോസ് ചെയ്തപ്പോൾ സിയോൾ നേട്ടത്തിലാണ് അവസാനിച്ചത്. ചൊവ്വാഴ്ച യുഎസ് ഓഹരി വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്.
ബ്രെൻ്റ് ക്രൂഡ് 0.28 ശതമാനം ഉയർന്ന് ബാരലിന് 77.42 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ഓഗസ്റ്റ് 20ന് 1457 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2252 കോടി രൂപയുടെ ഓഹരികളാണ് അതേ ദിവസം വാങ്ങിയത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് 83.91ൽ എത്തി.