രണ്ടാം നാളും വിപണിക്ക് ചുവപ്പിൽ അവസാനം; 693 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്, നിഫ്റ്റി 24,150ൽ

  • എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
  • മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും ഒരു ശതമാനം വീതം ഇടിഞ്ഞു
  • സ്വർണം ട്രോയ് ഔൺസിന് 2503 ഡോളറിലെത്തി

Update: 2024-08-13 11:00 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് കുത്തനെയുള്ള ഇടിവിലാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നഷ്ടത്തോടെ വസാനിക്കുന്നത്. സെൻസെക്‌സ് 700 പോയിൻ്റ് ഇടിഞ്ഞ് 79,000 ലെവലിന് താഴെയാണ് ക്ലോസ് ചെയ്തത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ, ഐടിസി ഓഹരികളിലെ വില്പന വിപണിയെ ഇടിവിലേക്ക് നയിച്ചു. 

സെൻസെക്‌സ് 692.89 പോയിൻ്റ് അഥവാ 0.87 ശതമാനം ഇടിഞ്ഞ് 78,956.03 ലും നിഫ്റ്റി 208 പോയിൻ്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 24,139 ലും ആണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റൻ, എച്ച്‌സിഎൽ ടെക്, നെസ്‌ലെ, സൺ ഫാർമ, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 

ബാങ്ക്, പവർ, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, മീഡിയ, ടെലികോം എന്നിവ ഓരോ ശതമാനം വീതം ഇടിഞ്ഞതോടെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും ഒരു ശതമാനം വീതം ഇടിഞ്ഞു.

തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം റീട്ടെയിൽ പണപ്പെരുപ്പം ജൂലൈയിൽ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.54 ശതമാനമായി കുറഞ്ഞു. പ്രധാനമായും ഭക്ഷ്യ വസ്തുക്കളുടെ വിലക്കുറവും അടിസ്ഥാന ഫലവും ഇതിന് കാരണമായി. 2024 ജൂണിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.2 ശതമാനമായി കുറഞ്ഞു.

ഏഷ്യൻ വിപണികളായ സിയോൾ, ടോക്കിയോ ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. മിക്ക യൂറോപ്യൻ വിപണികളും വ്യാപാരം നടത്തുന്നത് പച്ചയിലാണ്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 4,680.51 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം കുറഞ്ഞ് ബാരലിന് 82.01 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2503 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.97 എത്തി.

Tags:    

Similar News