ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ചുവപ്പണിഞ്ഞ് വിപണി
- നിഫ്റ്റിയിൽ 27 ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്
- ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 79.76 ഡോളറിലെത്തി.
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. ആദ്യഘട്ട വ്യാപാരത്തിൽ സൂചികകൾ എക്കാലത്തെയും ഉയരം കൈവരിച്ചു. ആദ്യകാല വ്യാപാരത്തിൽ 77,000 കടന്ന സെൻസെക്‌സ് 203.28 പോയിൻ്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 76,490.08 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 30.95 പോയിൻ്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 23,259.20 ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ 27 ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്. അൾട്രാടെക് സിമൻറ് (3.26 ശതമാനം വർധന), ഗ്രാസിം ഇൻഡസ്ട്രീസ് (2.43 ശതമാനം ഉയർന്ന്), ഹീറോ മോട്ടോകോർപ്പ് (2.30 ശതമാനം ഉയർന്നു) എന്നിവ മികച്ച നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര (2.66 ശതമാനം ഇടിവ്), ഇൻഫോസിസ് (2.31 ശതമാനം ഇടിവ്), വിപ്രോ (1.88 ശതമാനം ഇടിവ്) എന്നിവ നഷ്ടത്തിലായി.
മേഖലാ സൂചികകളിൽ, നിഫ്റ്റി മെറ്റലാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് (1.9 ശതമാനം ഉയർന്നു), തുടർന്ന് നിഫ്റ്റി റിയൽറ്റിയും ഫാർമയും യഥാക്രമം 1.3 ശതമാനവും 1 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ എന്നിവ 0.7 ശതമാനം ഉയർന്നു. നിഫ്റ്റി ഐടി സൂചിക 1.8 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 0.04 ശതമാനം ഇടിഞ്ഞപ്പോൾ പ്രൈവറ്റ് ബാങ്ക് സൂചിക 0.09 ശതമാനം ഇടിഞ്ഞു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 0.71 ശതമാനം ഉയർന്നു.
ബിഎസ്ഇ സ്‌മോൾക്യാപ്, മിഡ്‌ക്യാപ് എന്നിവ യഥാക്രമം 1 ശതമാനവും 0.6 ശതമാനവും ഉയർന്നാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 4,391.02 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 79.76 ഡോളറിലെത്തി.
ഏഷ്യൻ വിപണികളിൽ ടോക്കിയോ പച്ചയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സിയോൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ചൈനയിലെയും ഹോങ്കോങ്ങിലെയും വിപണികൾക്ക് ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ ചുവപ്പിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
വെള്ളിയാഴ്ച സെൻസെക്സ് 1,618.85 പോയിൻ്റ് അഥവാ 2.16 ശതമാനം ഉയർന്ന് 76,693.36 ലും നിഫ്റ്റി 468.75 പോയിൻറ് അഥവാ 2.05 ശതമാനം ഉയർന്ന് 23,290.15 ലുമാണ് ക്ലോസ് ചെയ്തത്.