കേരള കമ്പനികൾ ഇന്ന്; കല്യാൺ ഓഹരികൾ ഇന്നും ഇടിവിൽ തന്നെ
- കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.70 ശതമാനം ഉയർന്നു
- സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ നേട്ടത്തിൽ
- ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ
ഏപ്രിൽ 18ലെ വ്യാപാരത്തിൽ കല്യാൺ ഓഹരികൾ 2.69 ശതമാനം ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 413.25 രൂപയിൽ നിന്നും 11.10 രൂപ ഇടിഞ്ഞ ഓഹരികൾ 402.15 രൂപയിൽ ക്ലോസ് ചെയ്തു. തുടർച്ചയായി മൂന്നാം ദിവസമായാണ് ഓഹരികൾ ഇടിവിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. ഏകദേശം 15 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 42,593 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 449.70 രൂപയും താഴ്ന്ന വില 100.95 രൂപയുമാണ്. കഴിഞ്ഞ മാസം 7.80 ശതമാനം ഉയർന്ന ഓഹരികൾ ഈ മാസാദ്യം മുതൽ ഇതുവരെ 6 ശതമാനത്തോളം ഇടിഞ്ഞു.
കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.70 ശതമാനം ഉയർന്ന് 265.15 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർഡ് ഓഹരികൾ 2.63 ശതമാനം നേട്ടത്തോടെ 345.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്ക്രോഫിൻ ഓഹരികൾ 1.88 ശതമാനം വർധന രേഖപ്പെടുത്തി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.37 ശതമാനം ഉയർന്ന് 1655.70 രൂപയിലെത്തി. നേരിയ നേട്ടത്തോടെ ആസ്റ്റർ, കൊച്ചിൻ മിനറൽസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിംഗ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് 0.18 ശതമാനവും ഫെഡറൽ ബാങ്ക് 0.03 ശതമാനവും ഉയർന്നപ്പോൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.42 ശതമാനവും ധനലക്ഷ്മി ബാങ്ക് 2.35 ശതമാനവും സിഎസ്ബി ബാങ്ക് 3.45 ശതമാനവും ഇടിഞ്ഞു.
ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ, 2.35 ശതമാനം താഴ്ന്ന ഓഹരികൾ 243.15 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.31 ശതമാനം നഷ്ടം നൽകി. ഫാക്ട് ഓഹരികൾ 2.22 ശതമാനം ഇടിഞ്ഞ് 652.70 രൂപയിലെത്തി. വണ്ടർലാ ഓഹരികൾ 1.93 ശതമാനം ഇടിഞ്ഞു. നേരിയ ഇടിവോടെ അപ്പോളോ ടയേഴ്‌സ്, കിറ്റെക്സ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു.