'നവരത്‌ന' ക്ലബ്ബിൽ ഐആർഇഡിഎ; ഓഹരികൾ കുതിച്ചത് 13%
- കമ്പനിക്ക് സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾ നടത്താം
- 16 'നവരത്ന' പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവിലുള്ളത്
- മഹാരത്‌ന, നവരത്‌ന, മിനിരത്‌ന എന്നിങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പദവി നൽകുക
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഐആർഇഡിഎ 'നവരത്‌ന' കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചു. വാർത്തകളെ തുടർന്ന് ഐആർഇഡിഎ ഓഹരികൾ കുതിച്ചുയർന്നു. തുടക്ക വ്യപാരം മുതൽ കുതിച്ച ഓഹരികൾ 13 ശതമാനം വരെ ഉയർന്നു.
ഏപ്രിൽ 26-ന് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിക്ക് 'നവരത്ന പദവി' അനുവദിച്ചതായി ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് (ഡിപിഇ) അവരുടെ പ്രസ്താവനയിൽ അറിയിച്ചു.
മഹാരത്‌ന കമ്പനികൾ, നവരത്‌ന കമ്പനികൾ, മിനിരത്‌ന കമ്പനികൾ എന്നിങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പദവി നൽകുക. നവരത്ന പട്ടികയിൽ ഇടം പിടിച്ച കമ്പനിക്ക് സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾ നടത്താം. ഒരു നിശ്ചിത പ്രോജക്റ്റിന് ഏകദേശം 15 ശതമാനം അല്ലെങ്കിൽ ഒരു വർഷത്തെ അവരുടെ ആസ്തിയുടെ 30 ശതമാനം നീക്കിവയ്ക്കാനുള്ള അനുമതിയും നവരത്ന കമ്പനികൾക്കുണ്ട്. എന്നാൽ ഇത് 1,000 കോടി രൂപയുടെ കീഴിലായിരിക്കണം.
റെയിൽ വികാസ് നിഗം, എച്ച്എഎൽ, ഒഎൻജിസി, നാൽകോ, ബിഇഎൽ എന്നിവയുൾപ്പെടെ 16 'നവരത്ന' പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.
ന്യൂ ആൻഡ് റിന്യൂവൽ എനർജി മന്ത്രാലയത്തിന് കീഴിലുള്ള കമ്പനി പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ, ഊർജ്ജ കാര്യക്ഷമത/സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ്.
2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 33 ശതമാനം വർധിച്ച് 337 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 254 കോടി രൂപയായിരുന്നു അറ്റാദായം. 2023-24 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ എക്കാലത്തെയും ഉയർന്ന വാർഷിക വായ്പാ വിതരണങ്ങളും കൈവരിച്ചതായി കമ്പനി അടുത്തിടെ പറഞ്ഞു. കമ്പനി 37,354 കോടി രൂപയുടെ വായ്പ അനുവദിക്കുകയും 25,089 കോടി രൂപയുടെ വായ്പ നൽകുകയും ചെയ്തു. ഇത് ലോൺ ബുക്കിൽ 26.71 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയ്ക്ക് കാരണമായി, നിലവിലെ കമ്പനിയുടെ ലോൺ ബുക്ക് 59,650 കോടി രൂപയിലെത്തി..
ഐആർഇഡിഎ ഓഹരിയുടമകളുടെ നിക്ഷേപം കഴിഞ്ഞ ആറ് മാസത്തിനിടെ ഉയർന്നത് മൂന്നിരട്ടിയിലധികമാണ്. ഈ കാലയളവിൽ ഓഹരികൾ ഉയർന്നത് 200 ശതമാനത്തോളമാണ്. കഴിഞ്ഞ മാസം 9.43 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ മാസം ഇതുവരെ ഉയർന്നത് 35.50 ശതമാനം. നടപ്പ് വർഷം ഇതുവരെ ഓഹരികൾ നൽകിയത് 79 ശതമാനം നേട്ടമാണ്.
നിലവിൽ ഐആർഇഡിഎ ഓഹരികൾ എൻഎസ്ഇ യിൽ 8.03 ശതമാനം ഉയർന്ന് 184.35 രൂപയിലാണ് വ്യാപാരം തുടരുന്നത്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല