ആഗോള വിപണികള്‍ നെഗറ്റിവ്; മൊത്ത വില പണപ്പെരുപ്പം ഇന്നറിയാം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
എച്ച്ഡിഎഫ്‍സി ബാങ്കിന്‍റെ രണ്ടാംപാദ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും
കഴിഞ്ഞ വിപണി വാരത്തിന്‍റെ അവസാനത്തില്‍ പ്രകടമായ നെഗറ്റിവ് ട്രെന്‍ഡ് ആഗോള വിപണികളില്‍ തുടരുകയാണ്. യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിനും മുകളിലേക്ക് പോയതാണ് ഇതിനു തുടക്കമിട്ടത്. ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുമെന്ന ആശങ്ക ശക്തിപ്പെട്ടു. ഇതിനൊപ്പം പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതും നിക്ഷേപകരെ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കുന്നു.
പ്രമുഖ ഐടി കമ്പനികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാന പ്രതീക്ഷകള്‍ വെട്ടിക്കുറച്ചതാണ് ആഭ്യന്തര ഓഹരി വിപണികളെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം. റിസള്‍ട്ട് സീസണ്‍ ഈ വാരത്തോടെ സജീവമാകുകയാണ്. എച്ച്ഡിഎഫ്‍സി ബാങ്ക് ഉള്‍പ്പടെയുള്ള പ്രമുഖ കമ്പനികള്‍ ഇന്ന് തങ്ങളുടെ പാദഫലങ്ങള്‍ പുറത്തുവിടുന്നുണ്ട്. വിവിധ മേഖലകളിലെ നിക്ഷേപകരുടെ ട്രെന്‍ഡ് നിര്‍ണയിക്കുന്നതില്‍ വരുമാന പ്രഖ്യാപനങ്ങളായിരിക്കും ഇനി ഏറ്റവും നിര്‍ണായകമാകുക.
സെപ്റ്റംബറിലെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. സെപ്റ്റംബറിലും ഇന്ത്യ കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയും കുറയുകയും ഒക്ടോബർ 6 ലെ കണക്കനുസരിച്ച് 584.74 ബില്യൺ ഡോളറിലെത്തുകയും ചെയ്തു, ഇത് അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെള്ളിയാഴ്ച വ്യക്തമാക്കി.
ആഗോള സൂചനകള്‍
ഒക്ടോബറിൽ യുഎസ് ഉപഭോക്തൃ വികാരം താഴ്ന്നു. അടുത്ത വർഷം ഉയർന്ന പണപ്പെരുപ്പം ഉണ്ടാകുമെന്നാണ് ഉപഭോക്താക്കള്‍ വിലയിരുത്തുന്നത്. മിഷിഗൺ സർവകലാശാല പുറത്തുവിട്ട പ്രാഥമിക വിവരം അനുസരിച്ച് സെപ്റ്റംബറിലെ 68.1 നെ അപേക്ഷിച്ച് ഒക്റ്റോബറില്‍ ഉപഭോക്തൃ വികാര സൂചിക 63.0 ആയി.
ചൈനയുടെ കയറ്റുമതിയിലെ ഇടിവ് സെപ്തംബറിൽ കൂടുതൽ കുറഞ്ഞു. കയറ്റുമതി സെപ്റ്റംബറില്‍ 6.2 ശതമാനം വാര്‍ഷിക ഇടിവോടെ 299 ബില്യൺ ഡോളറായി, ബ്ലൂംബെർഗ് സർവേയിൽ സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 8 ശതമാനം ഇടിവിനേക്കാള്‍ മെച്ചപ്പെട്ട നിരക്കാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി 6.2 ശതമാനം കുറഞ്ഞു, തുടർച്ചയായ ഏഴാം മാസമാണ് ഇറക്കുമതി ഇടിയുന്നത്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,666-ലും തുടർന്ന് 19,625-ലും 19,561-ലും സപ്പോര്‍ട്ട് സ്വീകരിക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,796 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,836ഉം 19,901ഉം.
ആഗോള വിപണികളില്‍ ഇന്ന്
മൂന്ന് പ്രധാന യുഎസ് വിപണികളും വെള്ളിയാഴ്ച നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത് എങ്കിലും യുഎസ് ഉപഭോക്തൃ വികാരം ഒക്ടോബറിൽ കുത്തനെ ഇടിവ് പ്രകടമാക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ താഴോട്ടിറങ്ങി. എങ്കിലും ചെറിയ നേട്ടമുണ്ടാക്കാൻ ഡൗവിന് കഴിഞ്ഞു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.12 ശതമാനം ഉയർന്നു. എസ് & പി 500 0.50 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 166.32 ശതമാവും ഇടിവ് രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികള്‍ ഇന്ന് പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ് തുടങ്ങിയ വിപണികളെല്ലാം ഇടിവിലാണ്.
ഇന്ന് 30 പോയിന്‍റിന്‍റെ നേരിയ നേട്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകള്‍ ഫ്ളാറ്റായോ പോസിറ്റിവ് തലത്തിലോ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ടാറ്റ മോട്ടോഴ്‌സ്: അനുബന്ധ കമ്പനിയായ ടാറ്റ ടെക്‌നോളജീസിന്റെ 9.9 ശതമാനം ഓഹരികൾ 1,613.7 കോടി രൂപയ്ക്ക് വിൽക്കാൻ ചില നിക്ഷേപകരുമായി കമ്പനി കരാര്‍ ഒപ്പിട്ടു.. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ടിപിജി റെയ്സ് ക്ലൈമറ്റ് എസ്‍എഫ് പിടിഇ ലിമിറ്റഡ് ഒമ്പത് ശതമാനം ഓഹരികളും രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ഫൗണ്ടേഷൻ 0.9 ശതമാനം ഓഹരികളും വാങ്ങും.
അവന്യൂ സൂപ്പർമാർട്ട്‌സ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ ഏകീകൃത ലാഭം 9.2 ശതമാനം ഇടിവ് രേഖപ്പെടുത്തി 623 കോടി രൂപയായി. കുറഞ്ഞ മാര്‍ജിനും കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന ബെയ്സുമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 18.67 ശതമാനം വർധിച്ച് 12,624 കോടി രൂപയായി.
അദാനി എന്റർപ്രൈസസ്: അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനങ്ങളായ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് (എംഐഎഎൽ), നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് (എൻഎംഐഎഎൽ) എന്നിവയുടെ അക്കൗണ്ടുകളിലും പേപ്പറുകളിലും ഹൈദരാബാദിലെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ ഓഫിസ് അന്വേഷണം ആരംഭിച്ചു. കോർപ്പറേറ്റ് കാര്യ മന്ത്രാലയം 2017-18 മുതൽ 2021-22 വരെയുള്ള കാലയളവുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും തേടി. 2021-22 സാമ്പത്തിക വർഷത്തിലാണ് അദാനി എന്റർപ്രൈസസ് ഈ കമ്പനികള്‍ ഏറ്റെടുത്തത്.
ബജാജ് ഇലക്ട്രിക്കൽസ്: അനന്തപുരം കുർണൂൽ ട്രാൻസ്മിഷന്‍ പദ്ധതിക്കായി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 564.2 കോടി രൂപയുടെ സേവന കരാർ കമ്പനിക്ക് ലഭിച്ചു.
ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്‌ട്‌സ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ നഷ്ടം 135.8 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 333.4 കോടി രൂപയായിരുന്നു നഷ്ടം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.4 ശതമാനം ഇടിഞ്ഞ് 1,734 കോടി രൂപയായി.
ഡാൽമിയ ഭാരത്: സിമന്റ് നിർമ്മാണ കമ്പനിയായ ഡാല്‍മിയ സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 124 കോടി രൂപ ഏകീകൃത ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 121.4 ശതമാനം വളർച്ച കൈവരിച്ചു. ഈ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 6 ശതമാനം വർധിച്ച് 3,149 കോടി രൂപയായി.
ക്രൂഡ് ഓയിലിന് തുടക്ക വ്യാപാരത്തില്‍ ഇടിവ്
തിങ്കളാഴ്ച ഏഷ്യയിലെ ആദ്യ വ്യാപാരത്തിൽ എണ്ണ വില കുറഞ്ഞു. ഇസ്രായേൽ-ഹമാസ് സംഘർഷം മറ്റ് രാജ്യങ്ങളിലേക്ക് പടരുമോയെന്ന ആശങ്കയില്‍ വെള്ളിയാഴ്ച എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു
ബ്രെന്റ് ഫ്യൂച്ചറുകൾ 36 സെൻറ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് ബാരലിന് 90.53 ഡോളറായും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 37 സെൻറ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് ബാരലിന് 87.32 ഡോളറായും മാറി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 317.01 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 102.88 കോടി രൂപയുടെ ഓഹരികൾ വിറ്റുവെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം